പന്തയക്കോഴി

Published on: 4/14/2007 10:57:00 PM

എം. എ. വേണു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ജെ. പള്ളാശ്ശേരി. ലാല്‍ നിര്‍മ്മിച്ച് ലാല്‍ ക്രിയേഷന്‍സ് തിയ്യേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തില് നായകനായെത്തുന്നത് അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നരൈന്‍ അഥവാ സുനില്‍. ഇതുവരെ ലാല്‍ ക്രിയേഷന്‍സ് തിയ്യേറ്ററിലെത്തിച്ച ചിത്രങ്ങളൊക്കെയും ശരാശരി നിലവാരം പുലര്‍ത്തുന്നവയും ശരാശരി മലയാളി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നവയുമാ‍യിരുനെങ്കില്‍ ഇവിടെ ലാലിനും പിഴച്ചു.

ചെറുപ്പത്തിലേ അച്ഛന്‍ (ലാല്‍) മരിച്ച ഇരട്ടക്കുട്ടികളാണ് നന്ദുവെന്നു വിളിക്കുന്ന നന്ദഗോപാലും (നരൈന്‍) മായയും (രമ്യ നമ്പീശന്‍). ശങ്കരന്‍ നായരെന്ന (ജനാര്‍ദ്ദനന്‍) അമ്മാവനും അമ്മായി (മങ്ക മഹേഷ്) യുടേയും വീട്ടില്‍ അമ്മ (ഗീത) യ്ക്കൊപ്പമാണ് ഇവരുടെ താമസം. കാളിമുത്തുപ്പാളയമെന്ന തമിഴ് നാടന്‍ ഗ്രാമത്തില്‍ അച്ഛന്‍ മേടിച്ച് വീട് വില്‍ക്കുവാനെത്തുന്ന നന്ദു, സാഹചര്യങ്ങള്‍ നിമിത്തം അമ്മയുമനിയത്തിയുമായി ഗ്രാമത്തില്‍ തന്നെ താമസിക്കുന്നു. ഗ്രാമത്തിലെ ആരാലും എതിര്‍ക്കപ്പെടാത്ത പ്രമാണി മാരിമുത്തുവുമായി നന്ദുവിന് ഏറ്റുമുറ്റേണ്ടിവരുന്നു. തുടര്‍ന്ന് നന്ദുവിന് അഭിമുഖീകരിക്കേണ്ട വരുന്ന പ്രശ്നങ്ങളാണ് കഥയുടെ പ്രമേയം. ചെമ്പകമെന്ന (പൂജ) അയല്‍ക്കാരിയുമായുള്ള നന്ദുവിന്റെ ഒരു ചെറിയ പ്രണയവും ചിത്രത്തിലുണ്ട്.

ഇതുപോലെ, മലയാളി തമിഴ് നാടന്‍ ഗ്രാമത്തില്‍ പോയി ഒരു പ്രമാണിയുമായി എതിര്‍ക്കുന്നതും, വിജയിക്കുന്നതും ഒക്കെ എത്രയോ തവണ മലയാളം സിനിമയില്‍ കണ്ടു മടുത്തതാണ്. മേലേപ്പറമ്പില്‍ ആണ്‍‌വീടും, മലയാളിമാമന് വണക്കവും, പാണ്ടിപ്പടയും, തൊമ്മനും മക്കളും തുടങ്ങി എത്രയോ ചിത്രങ്ങള്‍. മിക്കതിലും ഇതുപോലെ സ്ഥലവും വീടും പെണ്ണുമൊക്കെത്തന്നെയാ‍ണ് പ്രശ്നം. വീണ്ടും അതു തന്നെ ഇവിടെയും പ്രമേയം. ഒരുവിധം നന്നായിത്തന്നെ പ്രേക്ഷകനെ ചിത്രം ഇരുത്തി ബോറടിപ്പിക്കുന്നുണ്ട്. ഗാനങ്ങളൊന്നിനും പറയത്തക്ക ആകര്‍ഷകത്വവുമില്ല. മഷിയിട്ടുനോക്കിയാല്‍ അങ്ങുമിങ്ങും ചിലപ്പോള്‍ നര്‍മ്മം കണ്ടേക്കാം. കഥയൊക്കെ തുടങ്ങി വില്ലനെ അവതരിപ്പിച്ചു കഴിയുമ്പോളേ പ്രേക്ഷകര്‍ക്കു മനസിലാവും കഥയെങ്ങോട്ടാണ് പോവുന്നത്, എങ്ങിനെയാണ് അവസാ‍നിക്കുന്നത് എന്നൊക്കെ. കഥയിലൊരു വ്യതിയാനമോ സസ്പെന്‍സോ നല്‍കുവാന്‍ കഥാ‍കൃത്ത് കൂടിയായ സംവിധായകനോ തിരക്കഥാകൃത്തിനോ കഴിയുന്നില്ല. മരിച്ചയാളുടെ മൃതദ്ദേഹം, തമിഴ്‌നാടന്‍ രീതിയില്‍ ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോള്‍, ഇതേതോ വി.ഐ.പിയാണെന്ന് പറഞ്ഞ് (ശവശരീരമാണെന്നറിയാതെ) അതിശയത്തോടെ നോക്കി നില്‍ക്കുന്ന നായകന്‍, എത്രയോ നാളുകള്‍ക്കു മുന്‍പ് മലയാളസിനിമയില്‍ വന്നതാണ്! അതൊക്കെത്തന്നെ വീണ്ടും വീണ്ടും കാണിക്കേണ്ടിവരുന്നവരുടെ ഗതികേടാണ്, കാണേണ്ട പ്രേക്ഷകരുടേതിനേക്കാള്‍ വലിയ ഗതികേടെന്നു തോന്നുന്നു.

പിന്നെ, സിനിമയില്‍ ആകെയുള്ളത് നരൈന്റെ അഭിനയമാണ്. യുവനായകരില്‍ (നരൈന്‍, സൈജു കുറുപ്പ്, അരുണ്‍, സിദ്ധാര്‍ത്ഥ്, ജിഷ്ണു തുടങ്ങിയവരടങ്ങുന്ന പുതുനിരയില്‍) നല്ല രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ കഴിവുള്ളത് നരൈന് മാത്രമാണെന്നു തോന്നുന്നു. ആക്ഷന്‍ രംഗങ്ങളും നരൈന്‍ നന്നായിത്തന്നെ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും ക്ലൈമാക്സ് രംഗത്തെ സംഘട്ടനം. അവസാന രംഗത്തില്‍ നായകനെ ഇത്രയും അമാനുഷികനായി ചിത്രീകരിക്കാതിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനേ എന്നു തോന്നുന്നു.

നരൈന്റെ കൂട്ടുകാരായി സുധീഷ്, അനൂപ് ചന്ദ്രന്‍, ശ്രീജിത്ത് രവി എന്നിവരും; നന്ദുവിനെ സഹായിക്കുവാനായെന്ന പേരില്‍ പറക്കും ഭാസ്കരന്‍ എന്ന സൈക്കിള്‍ യജ്ഞക്കാരന്റെ വേഷത്തില്‍ കൊച്ചിന്‍ ഹനീഫയും രാജപ്പനെന്ന ചായക്കടക്കാരനായി ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്. രാജന്‍ പി. ദേവ്, മാള തുടങ്ങിയവര്‍ അതിഥി താരങ്ങളായെത്തുന്നു. പിന്നെയും ഒരുപിടി പേരറിയാത്ത കഥാപാത്രങ്ങളും അഭിനേതാക്കളും ചിത്രത്തിലുണ്ട്. ടിക്കറ്റിനു കൊടുത്ത കാശിന്റെ കാര്യമോര്‍ത്തോ, തിയ്യേറ്ററിനുള്ളിലെ തണുപ്പിന്റെ സുഖമോര്‍ത്തോ അല്ലാതെ ഇടവേളയ്ക്കു ശേഷം ആരും ഈ ചിത്രം കണ്ടിരിക്കുമെന്ന് കരുതുവാന്‍ വയ്യ. വ്യത്യസ്തങ്ങളായ പ്രമേയങ്ങളും ആശയങ്ങളും മലയാള സിനിമയില്‍ പരീക്ഷിക്കുവാന്‍ നിര്‍മ്മാതാക്കളും സംവിധായകരും ധൈര്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊരോര്‍മ്മപ്പെടുത്തലിനു മാത്രം ഉതകുന്നതാണ് ഈ ചലച്ചിത്രം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
പന്തയക്കോഴി - ഇന്ദുലേഖ
പന്തയക്കോഴി - മലയാളം മൂവി റിവ്യൂസ്

Read more:
Panthayakkozhi - Sify Movies
Panthayakkozhi - IndiaGlitz
--

Keywords: Panthayakkozhi Film Review, Narain, Sunil, Pooja, Lal, Lal Creations, Vishu Release, Malayalam Film Reviews, Movies

7 comments :

 1. കാളിമുത്തുപ്പാളയം എന്ന തമിഴ്നാടന്‍ ഗ്രാമത്തിലുള്ള തന്റെ വീട് വില്‍ക്കുവാനായി നന്ദഗോപാലെത്തുന്നു. മാരിമുത്തു എന്ന നാട്ടുപ്രമാണിയുടെ മര്‍ക്കടമുഷ്ടിയിലാണ് ഗ്രാമം. അമ്മയോടും അനിയത്തിയോടുമൊപ്പം ഗ്രാമത്തില്‍ താമസമുറപ്പിക്കുന്ന നന്ദു, മാരിമുത്തുവിന്റെ കണ്ണിലെ കരടാവുന്നു.

  പന്തയക്കോഴി എന്ന വിഷുചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. എല്ലാവര്‍ക്കും വിഷു ആശംസകള്‍...
  --

  ReplyDelete
 2. നിര്‍മ്മിതാവ് ലാല്‍ ഭയങ്കര അഭിപ്രായമാണല്ലോ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ലാല്‍ നിര്‍മ്മിക്കുന്ന സിനിമകളെ കുറിച്ച് പ്രേഷകര്‍ക്ക് ഒരു മിനിമം ഗാരന്റി സിനിമ എന്ന് തോന്നലുണ്ട്.

  സിനിമ കണ്ടിട്ട് അഭിപ്രായം എഴുതാം.

  ReplyDelete
 3. അപ്പോ ലാലിലും നരേനും ഈ ചീത്രം ഒരു -ബ്രേക്ക്- ആയി അല്ലേ.

  മലയാളത്തിലും തമിഴിലുമൊക്കെയായി വലിയ തെറ്റില്ലാതെ മുന്നോട്ടു പോകുകയായിരുന്നു നരേന്‍. ഏറ്റവും ഒടുവില്‍ ഇറങ്ങിയ തമിഴ് ചിത്രമായ മൊഴിയും ഭേദപ്പെട്ട പ്രതികരണം നേടിയെന്നാണ് കേട്ടത്(പടം കണ്ടിട്ട് വലിയ മെച്ചം തോന്നിയില്ലെങ്കിലും).
  പന്തയക്കോഴി പോലത്തെ സാഹസങ്ങള്‍ക്ക് മുതിര്‍ന്ന് ലാല്‍ മറ്റൊരു കുഞ്ചാക്കോ ബോബനായി മാറില്ലെന്ന് പ്രതീക്ഷിക്കാം.

  വളരെ മുന്‍കരുതലോടെ മാത്രം പണമിറക്കുന്ന ലാലിന് ഇക്കുറി എന്തു സംഭവിച്ചു. ടെലിവിഷന്‍ പരിപാടികളില്‍ ലാലും നേരേനും മറ്റെല്ലാവരും ചിത്രത്തെക്കുറിച്ച് പറയുന്നതു കേട്ടപ്പോള്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡില്‍ ക്ലാസ്മേറ്റ്സ് പോലും പിന്നിലായിപ്പോകുമെന്ന് തോന്നി.

  ReplyDelete
 4. hari paranjathupole ganagal mosamanennu thonnunnilla...backy film kandathinu sesham parayam...pathalikku prithvirajineyum nareinyum thammil maripoyi ennu thonnunnu...

  ReplyDelete
 5. ട്രെയിലര്‍ കണ്ടപ്പോ തന്നെ പോക്കാണെന്ന് തോന്നിയിരുന്നു
  പിന്നെ പ്രമോഷന്‍ പരിപാടികളില്‍ ഓവറായി വീരവാദം മുഴക്കിയപ്പോ ഉറപ്പായി

  പതാലീ.. മൊഴിയില്‍ നരേനോ.. ആരെയാ ഉദ്ദേശിച്ചത്
  ലാല്‍ മറ്റൊരു കുഞ്ചാക്കോ ബോബനായി മാറില്ലെന്ന് പ്രതീക്ഷിക്കാം
  നരേന്‍ എന്നാണോ പറഞ്ഞത്

  ReplyDelete
 6. ശാലിനിയോട്,
  ഞാനും കണ്ടിരുന്നു, ലാല്‍ മാത്രമല്ല, നരേനും. :)

  പതാലിയോട്,
  തെറ്റുകള്‍ രണ്ടും ഷജീറും സിജുവും പറഞ്ഞുവല്ലോ...

  ഷജീറിനോട്,
  ഗാനങ്ങള്‍ മോശമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല, പറയത്തക്ക ആകര്‍ഷകത്വമില്ലെന്നേ പറഞ്ഞുള്ളൂ, എനിക്ക് അങ്ങിനെയാണ് തോന്നിയത്. :)

  സിജുവിനോട്,
  നന്ദി... :)
  --

  ReplyDelete
 7. ഹരീ ക്ഷമിക്കുക.
  മൊഴി ഞാന്‍ കണ്ടിരുന്നു. തെറ്റു പറ്റിയതല്ല.
  കമന്‍റിട്ടപ്പോള്‍ എന്‍റെ റിലേ കട്ടായതാണ് കാരണം.

  ഹരീടെ കമന്‍റ് ഞാന്‍ ഡിലിറ്റ് ചെയ്യുന്നില്ല. ഇതൊക്കെ മനുഷ്യ സഹജമല്ലേ. പക്ഷെ ചിത്ര വിശേഷത്തിലെ എന്‍റെ കമന്‍റ് ഡിലീറ്റ്ചെയ്തേര്. അത് വായിച്ച് ആര്‍ക്കും ആശയക്കുഴപ്പമുണ്ടാവേണ്ട.

  ReplyDelete