അപ്പോകാലിപ്റ്റോ

Published on: 4/26/2007 09:45:00 AM

ബ്രേവ് ഹാര്‍ട്ട്, ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അപ്പോകാലിപ്റ്റോ. മായന്‍ വംശീയതയുടെ അവസാനനാളുകളില്‍ നടക്കുന്ന ഈ കഥ എഴുതിയിരിക്കുന്നത് മെല്‍ ഗിബ്സണ്‍, ഫര്‍ഹദ് സഫീനിയ എന്നിവര്‍ ചേര്‍ന്നാണ്. മായന്‍ ഭാഷ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നതും ഇതിന്റെ സവിശേഷതയാണ്.

"A great civilization is not conquered from without until it has destroyed itself from within." - W. Durant (അമേരിക്കന്‍ ചരിത്രകാരന്‍, ദി സ്റ്റോറി ഓഫ് സിവിലൈസേഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്). ഈ വരികള്‍ ഉദ്ധരിച്ചാണ് ചിത്രം തുടങ്ങുന്നത്. ജാഗര്‍ പോയും (റൂഡി യങ്ങ്ബ്ലഡ്) അച്ഛന്‍ ഫ്ലിന്റ് സ്കൈ (മോറിസ് ബേഡ്‌യെല്ലോ‌ഹെഡ്) യും കൂട്ടരും കാട്ടില്‍ വേട്ടയാടുകയാണ്. ഇവരുടെ അധികാരത്തിലാണ് ആ പ്രദേശങ്ങള്‍. ആരാലോ അക്രമിക്കപ്പെട്ട ഒരു കൂട്ടം അഭയാര്‍ത്ഥികളെ ജാഗര്‍ പോയും കൂട്ടരും കാണുന്നു. കാട്ടിലൂടെ കടന്നുപോകുവാന്‍ അവര്‍ക്ക് അനുവാദം കൊടുക്കുന്നു. തിരികെ ഗ്രാമത്തിലെത്തുന്ന ജാഗര്‍ പോയോട് അച്ഛന്‍ ഭയം ഉപേക്ഷിക്കുവാന്‍ പറയുന്നു. അന്നു രാത്രി ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ജാ‍ഗര്‍, ഗ്രാമത്തില്‍ അപരിചിതര്‍ കടന്നു കയറിയത് മനസിലാക്കുന്നു. പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യ സെവനേയും (ഡാലിയ ഹെര്‍ണാഡെസ്) മകന്‍ ടര്‍ട്ടില്‍സ് റണ്ണി (കാര്‍ലോസ് എമിലിയോ ബേസ്) നേയും അടുത്തുള്ള കിടങ്ങിനുള്ളിലേക്ക് ഇറക്കിവിട്ട്, ജാഗര്‍ ആക്രമിച്ചുകയറിയവരെ തുരത്തുവാനായി പോവുന്നു.

മായന്‍ വംശജരായ സീറോ വോള്‍ഫും (റൌള്‍ ട്രുജീലോ) കൂട്ടരുമായിരുന്നു അതിക്രമിച്ചു കയറിയവര്‍. അവര്‍ ഗ്രാമം നശിപ്പിക്കുകയും, ഫ്ലിന്റ് സ്കൈയുള്‍പ്പടെ അനേകം പേരെ വകവരുത്തുകയും ചെയ്യുന്നു. ശേഷിച്ച പ്രായപൂര്‍ത്തിയായ പുരുഷന്മാരേയും സ്ത്രീകളേയും ബന്ദികളാക്കി മായന്‍ നഗരത്തിലേക്ക് നയിക്കുന്നു. പോവുന്നതിനു മുന്‍പ്, കിടങ്ങിലേക്ക് ഇറങ്ങുവാന്‍ പാകത്തില്‍ ഇട്ടിരുന്ന വള്ളി അക്രമികളില്‍ ഒരാ‍ള്‍ മുറിച്ചു കളയുന്നു. തുടര്‍ന്ന് ജാഗര്‍ പോ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും, അവയെ എങ്ങിനെ തരണം ചെയ്ത് കിടങ്ങില്‍ നിന്നും ഭാര്യയേയും മക്കളേയും രക്ഷിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.


മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങളിലുള്ളതു പോലെ, ഭീകരമായ ദൃശ്യങ്ങള്‍ ഈ ചിത്രത്തിലും വേണ്ടുവോളമുണ്ട്. നരഹത്യയും, മനുഷ്യകുരുതിയുമൊക്കെ അതുപോലെ തന്നെ കാണിക്കുന്നു ഈ ചിത്രത്തില്‍. എന്നാല്‍ ബ്രേവ് ഹാര്‍ട്ടിലെപ്പോലെ, കഥാപാത്രങ്ങള്‍ക്ക് കാണികളില്‍ ഒരു നൊമ്പരമായി പടര്‍ന്നു കയറുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്. വളരെ നന്നായി എഴുതി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമാണിത്. മായന്‍ വംശജരുടെ ആവാസസ്ഥാനങ്ങളൊക്കെയും തന്മയത്വത്തോടെ പുനര്‍സൃഷ്ടിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ മണിക്കൂറില്‍ കഥ കാര്യമായി പുരോഗമിക്കുന്നില്ല. എന്നാല്‍ അവസാന രംഗങ്ങള്‍ വളരെ ആകര്‍ഷകമാക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുമുണ്ട്.

ചിത്രം നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പൂര്‍ണ്ണമായും കുറ്റമറ്റ ഒരു ചിത്രമാണിതെന്ന് പറയുവാന്‍ കഴിയുകയില്ല. മായന്‍ വംശജരെ, നരഹത്യ ചെയ്യുന്ന കിരാതന്മാരായി മാത്രം എടുത്തു കാണിക്കുന്നതിനെതിരെ ധാരാളം പ്രതിഷേധങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ചിത്രത്തില്‍ സൂര്യഗ്രഹണം കാണിച്ചിരിക്കുന്നത്, ശരിയായ രീതിയിലുമല്ല. വളരെ കഷ്ടതകള്‍ നിറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ മായന്‍ നഗരത്തിലെത്തുന്ന ജാഗര്‍ തിരികെയോടിയെത്തുന്ന വഴി അത്രയും പ്രശ്നങ്ങള്‍ നിറഞ്ഞതല്ല, അതുപോലെ തന്നെ വളരെ വേഗം തിരികെയെത്തുകയും ചെയ്യുന്നു. രക്തം, ഹത്യ ഇവയുടെയൊക്കെ പച്ചയായ രംഗാവിഷ്കാരം കണ്ടാല്‍ മനസുമടുക്കാത്തവര്‍ക്ക്, ഒരു നല്ല അനുഭവമാവും ഈ ചിത്രം എന്നതില്‍ സംശയം വേണ്ട.

--
റെഫറന്‍സുകള്‍:
അപ്പോകാലിപ്റ്റോ - വിക്കി
അപ്പോകാലിപ്റ്റോ - യാഹൂ മൂവീസ്
അപ്പോകാലിപ്റ്റോ - ഐ.എം.ഡി.ബി

--
Keywods: Apocalypto, Mel Gibson, Film Review, Movies, Cinema, Review in Malayalam
--

2 comments :

 1. ജാഗര്‍ പോ എന്ന ഗോത്രയുവാവിന്റെ ഗ്രാമം മായന്‍ വംശജരാല്‍ അക്രമിക്കപ്പെടുന്നു. തടവിലാക്കപ്പെടുന്ന ജാഗര്‍, മായന്‍ വംശജരുടെ വാസസ്ഥലത്തേക്ക് ആനയിക്കപ്പെടുന്നു. ഗോത്രസംസ്കാരങ്ങളിലൂടെയും മായന്‍ വംശീയതയിലൂടെയുമുള്ള ഒരു യാത്രയാണ് ഈ സിനിമ.

  ബ്രേവ് ഹാര്‍ട്ട്, ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ മെല്‍ ഗിബ്സന്റെ പുതിയ ചിത്രം അപ്പോകാലിപ്റ്റോ (2006 ഡിസംബര്‍ റിലീസ്)യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. കാണണമെന്നു കരുതുന്നു

  qw_er_ty

  ReplyDelete