
പ്രായമാവുന്നവരുടെ ഒറ്റപ്പെടല്‍ വിഷയമാക്കുന്ന സിനിമയാണ് ഏകാന്തം. നവാഗത സംവിധായകനായ മധു കൈതപ്രം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി ജോസഫ്.
അച്ചുതമേനോനും (തിലകന്) രാവുണ്ണി മേനോനും (മുരളി) സഹോദരന്മാരാണ്. പഠനത്തില്‍ മുന്നിലായിരുന്ന അച്ചുതമേനോന്, ജോലിയും പണവുമൊക്കെയായി നല്ല ഉന്നതനിലയിലാവുന്നു. രാവുണ്ണി മേനോന് കൃഷിയും കാര്യവുമൊക്കെയായി നാട്ടില്‍ തന്നെ കൂടുന്നു. വിവാഹം കഴിഞ്ഞ ശേഷം, അച്ചുതമേനോന് കുട്ടികളുണ്ടാവുന്നില്ല. ഈ വിഷയത്തില്‍ രാവുണ്ണി മേനോന്റെ ഭാര്യ എന്തോ വിഷമിപ്പിച്ച് പറഞ്ഞതില്‍ പിന്നെ, അച്ചുതമേനോന്റെ ഭാര്യ തറവാട്ടിലേക്ക് വരുവാന്‍ കൂട്ടാക്കുന്നില്ല. അങ്ങിനെ സഹോദരര്‍, പരസ്പരം വളരെയധികം സ്നേഹിച്ചിരുന്നിട്ടും വഴി പിരിയുന്നു.
അച്ചുതമേനോനും രാവുണ്ണിമേനോനും പ്രായമായി. രണ്ടാളുടേയും ഭാര്യമാര്‍ മരിച്ചിരിക്കുന്നു. രാവുണ്ണി മേനോന്റെ കുട്ടികള്‍ (മധുപാല്‍, ബിന്ദു പണിക്കര്‍) ജോലിയും പ്രാരാബ്ദങ്ങളുമൊക്കെയായി നഗരത്തിലാണ്. രാവുണ്ണി ഒറ്റയ്ക്ക് തറവാട്ടിലും. അവസാനകാലം അനിയനൊത്ത് തറവാട്ടില്‍ കഴിയാമെന്നുള്ള മോഹവുമായി അച്ചുതമേനോന് നാട്ടിലെത്തുന്നു. എന്നാല്‍ രാവുണ്ണി ഒരു ക്യാന്‍സര്‍ ബാധിതനാണെന്ന വിവരം വൈകിയാണ് അച്ചുതമേനോന് അറിയുന്നത്. അച്ചുതമേനോന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ‘കാരുണ്യം’ എന്ന ഒരു ചികിത്സാകേന്ദ്രത്തില്‍ അനിയനേയും കൂട്ടി അച്ചുതമേനോന് എത്തുന്നു.
അവിടുത്തെ ഡോക്ടര്‍മാരാണ് സണ്ണിയും (മനോജ് കെ. ജയന്) സോഹയും (മീര വാസുദേവ്). അവര്‍ പ്രണയത്തിലാണ്, വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. അവിടെയും വിധിവിലാസങ്ങള്‍ മറ്റൊന്നാണ്. പണ്ഡിതനെന്നോ പാമരനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെയെത്തുന്ന രോഗങ്ങളും മരണവും ഈ ചിത്രത്തിന്റെ രണ്ടാം പാതിക്ക് വിഷയമാവുന്നു.
പത്തു മിനിറ്റ് വേലായുധന് എന്ന ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ സലിം കുമാര്‍ അവതരിപ്പിച്ചിരിക്കുന്നു. അച്ചുവിന്റേയും രാവുണ്ണിയുടേയും കൂട്ടുകാരായി ഒരു പറ്റം കഥാപാത്രങ്ങള്‍ വേറേയുമുണ്ട്. എന്നാല്‍ പറഞ്ഞു തുടങ്ങിയതൊന്ന്, പറഞ്ഞു നിര്‍ത്തുന്നത് മറ്റൊന്ന് എന്നരീതിയിലായിപ്പോയി ചിത്രം. അച്ചുവും രാവുണ്ണിയുമായി തിലകനും മുരളിയും നന്നായി അഭിനയിച്ചിരിക്കുന്നു. വേലായുധനായി സലിം കുമാറും മോശമായില്ല. മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുന്നതില് സംവിധായകന് വിജയിച്ചു എന്നു കരുതുവാനാവില്ല. കൈതപ്രം എഴുതി കൈതപ്രം വിശ്വനാഥന് സംഗീതം നല്‍കിയിരിക്കുന്ന, ‘കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം’ എന്ന ഗാനം ചിത്രത്തോടിണങ്ങുന്നു.
കഥപറയുവാന്‍ തിരഞ്ഞെടുത്ത വിഷയം നല്ലതാണെങ്കിലും; ഏകാന്തതയുടേയോ, രോഗാവസ്ഥയുടേയോ, സഹോദരസ്നേഹത്തിന്റേയോ, പ്രണയത്തിന്റേയോ ഒന്നും ഒരു ഭാവവും പ്രേക്ഷകരിലെത്തിക്കുവാന്‍ ചിത്രത്തിനാവുന്നില്ല. മക്കളുണ്ട് അല്ലെങ്കില്‍ ഇല്ല എന്നത് പുതിയ ജീവിതചുറ്റുപാടുകളില്‍ പ്രായമേറിയവരുടെ ഏകാന്തതയ്ക്ക് ഒരു മാറ്റവും വരുത്തുന്നില്ല എന്നൊരു സത്യം തുറന്നു കാണിക്കുവാന്‍ ചിത്രത്തിനാവുന്നുണ്ട്. ഇതൊഴികെ എടുത്തു പറയുവാനൊന്നുമില്ലാത്ത, വളരെ നന്നാക്കാമായിരുന്ന ഒരു ചിത്രം എന്ന തോന്നല്‍ മനസിലവശേഷിപ്പിച്ചാണ് ‘ഏകാന്തം’ അവസാനിക്കുക.
--
Read more:
• Ekantham - NowRunning
• Ekantham - IndiaGlitz
--
പ്രായമേറുമ്പോള്‍ ഒറ്റയ്ക്കാവുന്നവരുടെ നൊമ്പരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന സിനിമയാണ് ഏകാന്തം. അവിചാരിതമായെത്തുന്ന രോഗങ്ങള്‍ക്കുമുന്നില്‍ എത്ര നിസ്സാരനാണ് മനുഷ്യര്‍ എന്നൊരു ചിന്തയും ഇതിലുണ്ട്. കൂട്ടത്തില്‍ കടങ്കഥയാവുന്ന സ്നേഹബന്ധങ്ങളും.
ReplyDeleteഏകാന്തമെന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ഈ സിനിമയും കാണണമെന്നുണ്ട്. പാട്ട് കണ്ടു.
ReplyDeleteഹരി...
ReplyDeleteവളരെ വൈകിയാണെങ്കിലും ഏകാന്തം കണ്ടു.
ഹരി പറഞ്ഞതുപോലെ മികച്ചൊരു കഥാതന്തുവും
രണ്ട് അഭിനയ പ്രതിഭകളും കൈയ്യിലുണ്ടായിട്ടും വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ സംവിധായകനു കഴിഞ്ഞില്ല എന്നതാണ് സത്യം. വളരെ തിടുക്കത്തില്‍ ഒപ്പിച്ച സിനിമ പോലെ തോന്നുന്നു.
Hi.. nice reveiw.. check my review @ http://sudhinair.blogspot.com/
ReplyDelete