ദി സ്പീഡ് ട്രാക്ക്

Published on: 3/04/2007 06:39:00 PM

മലയാളത്തിലേത് സിനിമയുടേയും ലൊക്കേഷന്‍ വിശേഷങ്ങള്‍ കേള്‍ക്കുവാന്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പിലിരുന്നാല്‍, അതിന്റെ സംവിധായകന്‍, നിര്‍മ്മാതാവ്, നാ‍യകന്‍, നായിക തുടങ്ങി ലൈറ്റ് ബോയ്സ് വരെ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്: “വ്യത്യസ്തമായ ഒരു സിനിമയാണിത്.” ജയസൂര്യ എന്ന നവാഗത സംവിധായകന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘ദി സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിന്റെ അണിയറക്കാര്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റുപറയുവാനൊക്കില്ല, സ്പോര്‍ട്ട്സ്, കോളേജ്, അത്‌ലറ്റിക്സ് എന്നിവ പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന് വ്യത്യസ്തത തീര്‍ച്ചയായും അവകാശപ്പെടാം. ദിലീപ് നായകനാവുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം സുബൈര്‍.

ബി.സി.എം കോളേജില്‍ പുതുതായെത്തുന്നവരാണ് അര്‍ജ്ജുനും (ദിലീപ്) ഗൌരിയും (ഗജല). ഗൌരിയുടെ ചേട്ടന്‍ രാഹുല്‍ (മധു വാര്യര്‍) പഠിക്കുന്നതും അവിടെത്തന്നെ. രാഹുലിന്റെ കൂട്ടുകാരില്‍ പ്രധാനിയും കോളേജിലെ ഹീറോയുമാണ് വിനു നളിനാക്ഷന്‍ (റിയാസ് ഖാന്‍). വിനുവിന് ഗൌരിയെ ആദ്യം കാണുമ്പോഴേ ഒരു താത്പര്യം തോന്നുന്നു. സ്പോര്‍ട്ട്സിന് വളരെ പ്രാധാന്യം നല്‍കുന്ന ഒരു കോളേജാണിത്. കുഞ്ഞവറാനാണ്(ജഗതി) കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. അര്‍ജ്ജുന്റെ അനിയന്‍ അനു ഒരു മികച്ച ബാസ്ക്കറ്റ് ബാള്‍ കളിക്കാരനായിരുന്നു. എന്നാല്‍ ഒരു അപകടത്തില്‍ പെട്ട് അനുവിന്റെ കാലുകള്‍ തളരുന്നു. അമേരിക്കയില്‍ ചികത്സിച്ചാല്‍ രോഗം ഭേദമാവുമെന്ന് ഡോക്ടര്‍ (സായി കുമാര്‍) പറയുന്നു. അതിനുള്ള പണം കണ്ടെത്തുക എന്നതാണ് അര്‍ജ്ജുന്റെ ഇപ്പോഴത്തെ മുഖ്യ ലക്ഷ്യം.

ഗൌരിയുടെ അച്ഛന്‍ ചന്ദ്രശേഖരദാസാണ് (വിജയരാഘവന്‍) ബി.സി.എം കോളേജിനെക്കുറിച്ച് അര്‍ജ്ജുനോട് പറയുന്നത്. ബി.സി.എം കോളേജ് പങ്കെടുക്കുന്ന സൌത്ത് സോണല്‍ അത്‌ലെറ്റിക് മീറ്റില്‍ വ്യക്തിഗത ചാമ്പ്യനാവുന്നയാള്‍ക്ക് പത്തു ലക്ഷം രൂപ ഒരു കമ്പനി സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. അ ത്‌ലെറ്റിക്സില്‍ മിടുക്കനായ അര്‍ജ്ജുന് അത് നേടിയെടുക്കുവാന്‍ കഴിയും, ആ പണം അനിയന്റെ അമേരിക്കയിലുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുവാനും സാധിക്കും എന്ന വിശ്വാസത്തിലാണ് ചന്ദ്രശേഖരദാസ് അങ്ങിനെയൊരു വഴി അര്‍ജ്ജുന് പറഞ്ഞുകൊടുക്കുന്നത്. അങ്ങിനെ പണം ലഭിക്കുവാനായി അര്‍ജ്ജുന്‍ ബി.സി.എം. കോളേജില്‍ ചേരുന്നു. ഗൌരിയുമായി അടുപ്പത്തിലാവുന്ന അര്‍ജ്ജുനോടുള്ള പക തീര്‍ക്കുവാനായി, വിനു രാഹുലിനെ കരുവാക്കുന്നു. അര്‍ജ്ജുന്‍ എതിര്‍പ്പുകളെ അതിജീവിച്ച് ചാമ്പ്യനാവുമോ? അര്‍ജ്ജുനും രാഹുലുമായുള്ള എതിര്‍പ്പുകള്‍ അവസാനിക്കുമോ? വിനുവിന്റെ കണക്കുകൂട്ടലുകള്‍ നടക്കുമോ? ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ധാരാളം പോരായ്മകള്‍ ചൂണ്ടിക്കാണിക്കുവാനുണ്ടെങ്കിലും, പരിക്കുകളില്ലാതെ രക്ഷപെടുവാന്‍ പറ്റുന്ന രീതിയില്‍ ചിത്രമൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നു വേണം കരുതാന്‍. അര്‍ജ്ജുനെ നല്ല രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ദിലീപിനു സാധിച്ചു. ഗൌരിയായി ഗജല, ജീവനില്ലാത്ത അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഭാവനയോ മറ്റോ ഈ റോളില്‍ കൂടുതല്‍ തിളങ്ങിയേനേ എന്നു തോന്നുന്നു. മധു വാര്യര്‍, റിയാസ് ഖാന്‍ എന്നിവര്‍ തരക്കേടില്ല. കോളേജ് പ്രിന്‍സിപ്പളായി ക്യാപ്റ്റന്‍ രാജു, മറ്റൊരു അധ്യാപികയായി ബിന്ദു പണിക്കര്‍, കാന്റീന്‍ നടത്തിപ്പുകാരനായി സലിം കുമാര്‍, പിന്നെ മുഖ്യ വേഷങ്ങളുടെ സുഹൃത്തുക്കളായി ഒരു പറ്റം കുട്ടിവേഷങ്ങള്‍ എന്നിവരും ചിത്രത്തിലുണ്ട്.

അവശ്വസിനീയമായ സമ്മാനത്തുക, കേരളത്തിലെവിടെയും കാണുവാന്‍ കഴിയാത്ത കോളേജ് അന്തരീക്ഷം, വളരെയധികം മെച്ചപ്പെടുത്തുവാന്‍ സാധിക്കുമായിരുന്ന ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവ ഈ ചിത്രത്തിന്റെ മുഖ്യപോരായ്മകളാണ്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ‘പാട്ടും പാടിയൊരു കൂട്ടിന്‍ വാതിലില്‍’ എന്ന യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനം നന്നായിരിക്കുന്നു. ‘കൊക്കൊക്കോ കോഴി’ എന്ന വിനീത് ശ്രീനിവാസന്‍, റിമി ടോമി ടീമിന്റെ ഗാനവും തരക്കേടില്ല. ദിലീപിന്റെ കഥാപാത്രത്തിന് ഹീറോയിസം അല്പം കുറച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി ‘ഒറിജിനാലിറ്റി’ ചിത്രത്തിന് അവകാശപ്പെടാമായിരുന്നെന്നു. കഥയുടെ ആദ്യഭാഗത്തില്‍ തമാശകളുമായി നിറയുന്ന സലിം കുമാറിനെ പിന്നീട് കാണാനേയില്ല. ചിത്രത്തിലെ പല കണ്ണികളും പറഞ്ഞവസാനിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു നല്ല ഫാമിലി എന്റര്‍ടൈനറായ‍ ഈ ചിത്രം ഒരു വിജയമാകുവാനാണ് സാധ്യത.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
സ്പീഡ് ട്രാക്ക് - ഇന്ദുലേഖ
സ്പീഡ് TRACK - മലയാളം മൂവി റിവ്യൂസ്

Read more:
Speed Track - Sify Movies
Speed Track - IndiaGlitz--

8 comments :

 1. ഫാസ്റ്റ് ട്രാക്ക് എന്ന പേരിലായിരുന്നു ഈ ചിത്രം ചിത്രീകരണം തുടങ്ങിയത്. ചിത്രീകരണം അവസാനിച്ചിട്ട് നാ‍ളുകള്‍ കുറച്ചായെങ്കിലും സിനിമ വെളിച്ചം കാണുവാ‍ന്‍ പിന്നെയും വൈകി. എല്ലാ വര്‍ഷവും ആദ്യം റിലീസ് ചെയ്യുന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയിക്കില്ല എന്നും മറ്റുമുള്ള അന്ധവിശ്വാസമായിരുന്നത്രേ കാരണം (എവിടെയോ വായിച്ചതാണ്). എന്തുതന്നെയായാലും കഴിഞ്ഞയാഴ്ച അതേ ചിത്രം ‘ദി സ്പീഡ് ട്രാക്ക്’ എന്ന പേരില്‍ പുറത്തിറങ്ങി. സ്പീഡ് ട്രാക്കിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. എസ് എല്‍ പുരം സദാനന്ദന്റെ മകനാണു നവാഗതനായ ജയസൂര്യ.

  ReplyDelete
 3. dear hari, in sify disclaimer u can see :

  "You shall not archive or retain any Content in any form without written permission."

  ഹരി അവരോട് പെര്‍മിഷന്‍ വാങ്ങിയിട്ടില്ലെങ്കില്‍ ഉടന്‍ വാങ്ങുക. എന്ത് ഉദ്ദേഷം ആണെങ്കിലും ഇതും കോപ്പിറൈറ്റ് നിയമ പരിധിയില്‍ വരുമെന്ന് തോന്നുന്നു. അറിയില്ല.. ഇനി വരില്ലെങ്കില്‍..ക്ഷമിക്കുക..

  ReplyDelete
 4. കൈയ്യൊപ്പ്,
  എനിക്കറിയില്ലായിരുന്നു. അതിവിടെ പങ്കുവെച്ചതിന് വളരെ നന്ദി. :)
  --
  മജീദിനോട്,
  നാലോ അഞ്ചോ വരി അവരുടെ അഭിപ്രായമായി അവരുടെ തന്നെ പേരില്‍ ക്വോട്ട് ചെയ്ത്, ഒറിജിനല്‍ ആര്‍ട്ടിക്കിളിലേക്ക് ലിങ്ക് ചെയ്താല്‍ അത് കോപ്പി റൈറ്റ് വയലേഷനാവുമോ? മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ റീച്ച് കിട്ടുക, മറ്റ് റിവ്യൂകള്‍ എന്തു പറയുന്നു എന്ന് ഒറ്റനോട്ടത്തില്‍ അറിയുവാന്‍ സാധിക്കുക എന്നിവ മാത്രമാണ് എന്റെ ഉദ്ദേശം. (ഗൂഗിള്‍ ആഡ്സെന്‍സ് ഇംഗ്ലീഷ് കൂടിയുണ്ടെങ്കില്‍ പരിഗണിക്കുമെന്നുള്ള ഒരു പ്രതീക്ഷയും സൈഡിലൂടെ ഉണ്ടായിരുന്നു, എവിടെ... അവര്‍ എന്നെ തള്ളി... :)
  --

  ReplyDelete
 5. എല്ലാ പടവും റിലീസിന്‌ തന്നെ കാണുമോ?
  സ്കെച്ച് പോലുള്ള പടങ്ങളുടെ ട്രെയിലര്‍ തന്നെ കാണുമ്പോ ബോധം പോവുന്നു. ഹരി എഴുതിയ സ്ഥിതിക്ക് സ്പീഡ് ട്രാക്ക് കുഴപ്പമുണ്ടാവില്ല.

  ReplyDelete
 6. • ഇന്ത്യക്കാര്‍ ട്രയിനില്‍ സഞ്ചരിക്കട്ടെ എന്നു കരുതിയല്ല തീവണ്ടി കൊണ്ടുവന്നത്, അത് അവരുടെ കച്ചവട താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു.

  >> Immathiri viddithangal review -il illathathu bhagyam ;)

  Review nannayirikkunnu. Keep writing

  ReplyDelete
 7. മുംസിയോട്,
  :)
  --
  അരുണിനോട്,
  എന്റെ വിശ്വാസം, അത് മണ്ടത്തരമാണെങ്കിലും അല്ലെങ്കിലും എനിക്കൊന്നുമില്ല. ആ പറഞ്ഞതില്‍ എന്തെങ്കിലും മണ്ടത്തരമുണ്ടെന്നു കരുതുന്നുമില്ല. നോ മോര്‍ കമന്റ്സ് ഓണ്‍ ദിസ്.
  --

  ReplyDelete
 8. "ദി സ്പീഡ് ട്രാക്ക്" വായിചു. സന്തൊഷം
  ഈനി ഈപ്പൊ സിനിമാ കാന്ഡാ.

  ReplyDelete