നിശബ്ദ്

Published on: 3/02/2007 09:14:00 PM

നിശബ്ദമായി പ്രേക്ഷകനോട് സം‌വേദിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘നിശബ്ദ്’. ചിത്രത്തിലെ ഡയലോഗുകളേക്കാള്‍ പ്രേക്ഷകന്‍ അറിയുന്നതും കഥാപാത്രങ്ങളുടെ മൌനത്തെയാണ്. രാംഗോപാല്‍ വര്‍മ്മ സം‌വിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആര്‍.ജി.വി. ഫിലിംസാണ്. വ്ലാഡിമര്‍ നബോക്കോവ് കഥയായ 'ലൊലീറ്റ (Lolita)’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് കുസും പഞ്ചാബി.

വിജയ് - അമൃത (അമിതാഭ് ബച്ചന്‍ - രേവതി) ദമ്പതിമാരുടെ കോളേജില്‍ പഠിക്കുന്ന മകളാണ് റിതു (ശ്രദ്ധ ആര്യ). കോളേജ് വിദ്യാര്‍ത്ഥിനിയായ റിതുവിന് ഇത് അവധിക്കാലം. അച്ഛനമ്മമാര്‍ പരസ്പരം വേര്‍പിരിഞ്ഞ, ആസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന റിതുവിന്റെ കൂട്ടുകാരി ജിയയും (ജിയ ഖാന്‍) അവധിക്കാലം ചിലവഴിക്കുവാന്‍ റിതുവിനൊപ്പമെത്തുന്നു. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ ഇഷ്ടവിനോദം ഫോട്ടൊഗ്രഫിയാണ്. നൃത്തത്തില്‍ തല്പരയായിരുന്ന അമൃത, കുടുംബപ്രാരാബ്ദങ്ങളില്‍ മുഴുകി ജീവിതം കഴിക്കുന്നു. റിതു ഒരു സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി. ജി എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്ന ജിയ, വേറിട്ടൊരു ചിന്താഗതിക്കാരി.

കഥാപാത്രങ്ങളെ സശ്രദ്ധമാണ് സം‌വിധായകന്‍ ഡെവലപ് ചെയ്തിരിക്കുന്നത്. ഓരോ ഡയലോഗും കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ വെളിവാക്കുവാന്‍ തക്കവണ്ണം പാകപ്പെടുത്തിയിരിക്കുന്നു. “Do you love my spirit?" ... "I love yours." എന്നീ ജിയയുടെ വാചകങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കഥയേതാണ്ട് മദ്ധ്യഭാഗമെത്തുമ്പോള്‍, വിജയ്‌‌യും ജിയയും പരസ്പരമുള്ള ഇഷ്ടം തുറന്നു സമ്മതിക്കുന്നുണ്ട്, എന്നാലതില്‍ ഒരു അസ്വാഭാവികതയും പ്രേക്ഷകന് തോന്നില്ല, അവിടെയാണ് പാത്രസൃഷ്ടിയില്‍ സം‌വിധായകന്‍ വിജയിച്ചിരിക്കുന്നത്.

ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടിലെ മറ്റംഗങ്ങള്‍ അറിയുന്നതും, തുടര്‍ന്ന് ആ ഒരു സിറ്റുവേഷനോട് ഓരോ കഥാപാത്രങ്ങളുടേയും പ്രതികരണവുമാണ് സിനിമയിലെ കാതല്‍. അമൃതയുടെ സഹോദരനായി നാസറും ജിയയെ കുട്ടിക്കാലം മുതല്‍ സ്നേഹിക്കുന്ന കാമുകനായി അഫ്‍താബും സിനിമയിലുണ്ട്. അമിതാഭ് ബച്ചന്‍ വിജയ് എന്ന കഥാപാത്രത്തെ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വളരെ മനക്കട്ടിയുള്ള, കാര്യങ്ങള്‍ നന്നായി മനസിലാക്കുന്ന വിജയ്; ജിയയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചൂളുന്നതും, തീരുമാനമെടുക്കാനാവാതെ ഉഴറുന്നതും വളരെ നന്നായി ബച്ചന്‍ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജിയയായി ജിയ ഖാനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും മോശമായിട്ടില്ല.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിലെ ഛായാഗ്രഹണമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഈ ചിത്രത്തിലെ ഓരോ ഷോട്ടും മനോഹരമാണ്. മൂന്നാറിലെ ടീ-എസ്റ്റേറ്റുകളിലെ ഷോട്ടുകള്‍ മാത്രമല്ല, മുറിക്കുള്ളിലെ ഷോട്ടുകളും, അമിതാഭിന്റെ ക്ലോസപ്പ് ഷോട്ടുകളും എല്ലാം നന്നായിരിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ വളരെ നന്നായി ചിത്രവുമായി ചേര്‍ന്നു പോകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ജിയ വിജയോട് ചോദിക്കുന്നു, “What you can break without touching it?" ഉത്തരം മുട്ടുന്ന വിജയ്‍യോട് ജിയ പറയുന്നു, "A promise." കഥാന്ത്യത്തിലേക്കൊരു ചൂണ്ടുപലകയാണ് ആ വാചകം എന്ന് സിനിമതീരുമ്പോള്‍ നിങ്ങള്‍ക്കു മനസിലാവും. തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളിലൊന്നായി നിശബ്ദിനെ പരിഗണിക്കുന്നതിലും തെറ്റില്ല.
--
Read more:
Nishabd - IndiaGlitz
Nishabd - NowRunning
Nishabd - Sify Movies
--

29 comments :

 1. വാര്‍ദ്ധക്യത്തില്‍ കഴിയുന്ന വിജയ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്റെ മകളാകുവാന്‍ മാത്രം പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥിനിയോട് തോന്നിയ പ്രണയത്തിന്റെ കഥ, അതുമാത്രമല്ല നിശബ്ദ്. വാര്‍ദ്ധക്യത്തില്‍ ജീവിക്കുന്നവരുടെ മനോവ്യാപാരങ്ങള്‍ ഗൌരവപൂര്‍ണ്ണമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു ഇവിടെ.

  രാം ഗോപാല്‍ വര്‍മ്മയുടെ സം‌വിധാനത്തില്‍, അമിതാബ് ബച്ചന്‍ വിജയ് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിശബ്ദ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. എനിക്ക് അമിതാഭിന്റെ ബ്ലാക്ക് ഒത്തിരി ഇഷ്ടപെട്ടായിരുന്നു. ഇതും കാണണം എന്നു തോന്നുന്നു.

  ReplyDelete
 3. ഹരീ,
  വിലയിരുത്തലിന് നന്ദി. ഈ ബ്ലോഗ് നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് സന്തോഷപൂര്‍വ്വം പറയട്ടെ.

  നിശബ്ദ് തീര്‍ച്ചയായും കാണും. കഥയെ പറ്റി കേട്ടപ്പോള്‍ തന്നെ എറെ പ്രതീക്ഷിച്ചതാണ്. പക്ഷെ ഇത് പോലുള്ള സിനിമകള്‍ യു.ഏ.ഇയില്‍ വളരെ വിരളമായേ വരാറുള്ളൂ.:-(

  ReplyDelete
 4. ഹരീ,
  നിശ്ശബ്ദ്‌ കണ്ടില്ല. ഇവിടെ തിരക്കഥ 'നബോക്കോവ്‌' എന്നെഴുതിയിരിക്കുന്നു. അതെങ്ങനെ ശരിയാവും? 'ലോലീറ്റ'യുടെ കഥാംശം സ്വീകരിച്ചിട്ടുണ്ടെന്നല്ലേ ഉള്ളൂ?

  ആഡ്രിന്‍ ലിന്നിനെ കൂടാതെ, സ്റ്റാന്‍ലി കുബ്രിക്കും ചെയ്തിട്ടുണ്ട്‌ 'ലോലീറ്റ'യുടെ ഒരു വേര്‍ഷന്‍, ബ്ലാക്ക്‌ ആന്റ്‌ വൈറ്റില്‍. വല്ലാത്തൊരു സിനിമയാണത്‌. ഒരു നോവലിനെ എത്രത്തോളം 'ഫിലിമിക്‌' ആയി ചിത്രീകരിക്കാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണം.

  ReplyDelete
 5. ഹരീ,
  ആ ലോഗോ അസലായിരിക്കുന്നു.

  ReplyDelete
 6. നന്ദി ഹരി ..
  നിശബ്ദ് ഞാന്‍ വളരെ പ്രതീക്ഷാപൂര്‍വം നോക്കിയിരിക്കുന്ന ഒരു സിനിമയാണ്‌.
  അതിന്റെ നല്ല ഒരു റിവ്യൂ തന്നതിന്‌ നന്ദി.
  ദില്‍ബു പറഞ്ഞ പോലെ ഈ ബ്ലോഗ് ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്.

  ReplyDelete
 7. Hello,

  You have been nominated for Kerala Blogger Awards 2006. More details are available here.

  http://www.keralatips.org/kerala-blogs/kerala-blogger-awards-2006/

  Just letting you know in case you haven't already seen it.

  Regards,
  Kerala Tips

  ReplyDelete
 8. ശാലിനിയോട്,
  ബ്ലാക്ക് എനിക്ക് കാണുവാനൊത്തില്ല. :( നന്നായിരുന്നെന്ന് ഞാനും കേട്ടു. കാണണം... എനിക്ക് തിയേറ്ററിലല്ലാതെ ചിത്രം കാണല്‍ വളരെക്കുറവാണ്. അമിതാഭിന്റെ തന്നെ വാസ്തവ്, സര്‍ക്കാര്‍ എനിക്കിഷ്ടപ്പെട്ടിരുന്നു. പ്രതിഷേധം പോസ്റ്റ് ചെയ്യുമ്പോള്‍ ഉപയോഗിച്ചോളൂ... :)

  ദില്‍ബാസുരനോട്,
  :) ഇതവിടെ വരുമെന്ന് പ്രതീക്ഷിക്കാം.

  പരാജിതന്‍,
  അതെ, തിരക്കഥയായി അദ്ദേഹത്തിന്റെ പേര് അത്ര യോജിക്കില്ല. പക്ഷെ, ഞാനത് സ്ക്രീനില്‍ വായിച്ചുമില്ല (കാരണം സിനിമ നടന്നുകൊണ്ടിരുന്നതിനൊപ്പമായിരുന്നു ടൈറ്റിത്സും) വേറെയെവിടെയും തിരക്കഥ ആരാണെന്നു കണ്ടതുമില്ല. ഇതേ പ്രമെയം തന്നെ, മാര്‍ക്കേസിന്റെ കോളറാക്കാലത്തെ പ്രണയത്തിലും വരുന്നുണ്ട്. താങ്കള്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ മനസിലാക്കുവാനുള്ള സിനിമാജ്ഞാനമെനിക്കില്ലാട്ടോ... നന്ദി...

  മുംസിയോട്,
  വളരെ നന്ദി. :)

  കേരള ടിപ്സ്,
  :O വളരെ നന്ദി. കൊള്ളാമല്ലോ, ഏതായാലും അതിലെ പല ബ്ലോഗുകള്‍ക്കൊപ്പം എന്റേതും കാണുവാന്‍ വളരെ സന്തോഷമുണ്ട്. :)
  --
  ഓ.ടോ: കഥയെ പറ്റി കേട്ടപ്പോള്‍ തന്നെ എറെ പ്രതീക്ഷിച്ചതാണ്. - അങ്ങിനെയേറെ പ്രതീക്ഷിച്ചവര്‍ തിയ്യേറ്ററില്‍ പല സമയത്തും കുറുക്കന്മാരുടെ ശബ്ദം പ്രാക്ടീസ് ചെയ്യുകയായിരുന്നു... ;) (ദില്ബുവിന്റെ പ്രതീക്ഷയല്ലാട്ടോ!)
  --

  ReplyDelete
 9. ഡേയ് ഹരീ,
  ആ തരത്തിലുള്ള പ്രതീക്ഷയാരുന്നേല്‍ (ഐ മീന്‍ മിസ്.പ്രതീക്ഷാ മാത്യൂസ്)ഞാന്‍ ഷക്കീലെടെ പടത്തിന് പൂവുമെഡേയ്.. അതിവിടെ പറയുകയുമില്ലയെഡേയ്.. നീ പോഡേയ്..

  (ഒക്കെ തമാശയാഡേയ്..) :-)

  ReplyDelete
 10. ദില്ബുവിന്റെ ആ വാചകത്തോട് ചേര്‍ത്തു പറഞ്ഞു എന്നുമാത്രം... ഒരു തരത്തിലും ദില്ബുവിന്റെ പ്രതീക്ഷയെ ഞാന്‍ തൊട്ടിട്ടില്ല, ഏഴയലത്തുകൂടെപ്പോലും പോയിട്ടുമില്ല... :)
  --

  ReplyDelete
 11. ഞാനൊരു തമാശ പറഞ്ഞതല്ലെ ഹരീ, വിട്ടുകള. ഇനി മാപ്പ് പറയണമെങ്കില്‍ പറയാം പക്ഷെ അല്പം സമയം തരണം. ഒരു ബ്ലോഗ് തുടങ്ങിയിട്ട് കാരണം പറയാതെ മാപ്പ് പറയാം. മതിയോ? :-)

  ReplyDelete
 12. ഹരീ,
  എവിടെയും കണ്ടില്ലെങ്കില്‍ പിന്നെ തിരക്കഥ: നബോക്കോവ്‌ എന്നെഴുതിയത്‌ എന്തിനാണ്‌?
  നബോക്കോവ്‌ 77-ലോ മറ്റോ മരിച്ചു പോയതിനാല്‍ രാം ഗോപാല്‍ വര്‍മ്മ അദ്ദേഹത്തെക്കൊണ്ട്‌ തിരക്കഥ എഴുതിക്കുന്നതു പോയിട്ട്‌ ഫോണ്‍ ചെയ്തിരിക്കാന്‍ പോലും സാധ്യതയില്ലല്ലോ. വര്‍മ്മ തന്നെയാവും തിരക്കഥയെഴുതിയത്‌, ഒരു പക്ഷേ.

  'ലൊലീറ്റ' എന്ന നോവല്‍ ഇത്തിരി സാഹിത്യമൊക്കെ വായിക്കുന്ന എല്ലാരും തന്നെ വായിച്ചിരിക്കാനിടയുണ്ട്‌. ഹംബര്‍ട്‌ ഹംബര്‍ട്‌ എന്ന ഒരു പ്രൊഫസര്‍ 13-14 വയസ്സു പ്രായമുള്ള ഒരു പെണ്‍കുട്ടിയോടുള്ള കടുത്ത അഭിനിവേശം കാരണം സ്വന്തം ജീവിതം തന്നെ നശിപ്പിക്കുന്നതാണ്‌ അതിന്റെ കഥ. കോളറ കാലത്തെ പ്രണയവും അതുമായി എന്തു സാമ്യം?

  "ഞാന്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍... സിനിമാജ്ഞാനം..."
  എന്തു പറ്റി ഹരീ? ഇതിലെന്തു സിനിമാജ്ഞാനം? സ്റ്റാന്‍ലി കുബ്രിക്‌ എന്ന പ്രശസ്ത സംവിധായകനും ഒരു സിനിമ ചെയ്തിട്ടുണ്ട്‌, നബോക്കോവിന്റെ നോവലിനെ ആസ്പദമാക്കി. വളരെ മികച്ചൊരു സിനിമ. അത്ര തന്നെ! :)

  എന്തായാലും ഹരിക്കുറപ്പില്ലാത്ത സ്ഥിതിക്ക്‌ അതങ്ങു മാറ്റുന്നതല്ലേ നല്ലത്‌? ആളുകള്‍ തെറ്റിദ്ധരിക്കണ്ട.

  ReplyDelete
 13. ഹരീഷേട്ടാ, റിവ്യൂ നന്നായിട്ടുണ്ട്..

  ബ്ലാക്ക് കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്. ബിഗ് ബീയുടേയും റാണിയുടേയും പ്രകടനം മനോഹരവും..

  പിന്നെ, നിശബ്‌ദിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് പ്രകാരം കഥയും തിരക്കഥയും ഒരു കുസും പഞ്ചാബിയുടെതാണ്..

  ReplyDelete
 14. പരാജിതനോട്,
  കഥ: നക്കോബോവ്, എന്നേ NowRunning.com-ല്‍ പറഞ്ഞിട്ടുള്ളൂ. തിരക്കഥയെക്കുറിച്ച് ആരുമൊന്നും പറഞ്ഞിട്ടില്ല. കഥ/തിരക്കഥ ഇവയില്‍ ലഭ്യമായ പേരാണ് ഞാന്‍ മുകളില്‍ കൊടുക്കാറുള്ളത്. കഥയൊരാളും തിരക്കഥ മറ്റൊരാളുമാവുന്ന അവസരത്തില്‍, തിരക്കഥയെഴുതിയ ആളുടെ പേരറിയുമെങ്കില്‍ അത് നല്‍കും, അല്ലെങ്കില്‍ കഥയെഴുതിയ ആളുടെ പേര് നല്‍കും. അതാണ് ഞാന്‍ പിന്തുടരുന്ന രീതി. അതുകൊണ്ട് അങ്ങിനെ നല്‍കിയെന്നുമാത്രം.

  കോളറക്കാലത്തെ പ്രണയത്തിലും ഒരു വൃദ്ധനും യൌവനയുക്തയായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. അതുമാത്രമേയുള്ളൂ ബന്ധം. ഞാന്‍ അല്പസ്വല്പമൊക്കെ വായിക്കാറുണ്ട്, പക്ഷെ ഇത് വായിച്ചിട്ടില്ല.

  മാഷെ, എനിക്ക് അങ്ങിനെ പ്രശസ്തരായ സംവിധായകരേക്കുറിച്ചോ, അവരുടെ മികച്ച സിനിമകളെക്കുറിച്ചോ ഒന്നും അറിയില്ല എന്നാണ് ഉദ്ദേശിച്ചത്. നാലുവര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, തിരു.പുരം കാണുന്നതൊഴിച്ചാല്‍ ലോകസിനിമയുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. :)
  --
  ബാലുവേ :)
  പിന്നെ, ഏതാണ് നിശബ്ദിന്റെ ഒഫീഷ്യല്‍ മൂവി സൈറ്റ്? ഇങ്ങിനെയുള്ള വിവരങ്ങള്‍ക്കൊപ്പം ലിങ്ക് കൂടിക്കൊടുത്താല്‍ നന്നായിരിക്കും.
  --

  ReplyDelete
 15. ഹരീ,
  വായിക്കുന്നതും വായിക്കാത്തതുമൊക്കെ കുറവോ കൂടുതലോ ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. 'ലൊലീറ്റ' വായിച്ചില്ലേല്‍ ചത്തു പോവത്തതൊന്നുമില്ലല്ലോ. അതല്ല കാര്യം. എനിക്കറിയാവുന്ന ഒരു വിവരം താങ്കള്‍ക്ക്‌ സഹായമാവട്ടേന്നു കരുതി ഇവിടെ പറഞ്ഞു. ഇതാണല്ലോ ബ്ലോഗിന്റെ ഒരു ഗുണം. നമ്മള്‍ എന്തേലും എഴുതും. കമന്റുന്നവര്‍ ചിലതൊക്കെ പൂരിപ്പിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. ചിലര്‍ സ്വീകരിക്കും. ചിലര്‍ എന്തെങ്കിലും ന്യായം പറഞ്ഞ്‌ നിഷേധിക്കും.

  പിന്നെ, ലോലീറ്റ വായിച്ചിട്ടാല്ലത്തതില്‍ യാതൊരു കുഴപ്പവുമില്ലെങ്കിലും നബോക്കോവിനു് 'നക്കോബോവ്‌', 'നക്കോബോവ്‌' എന്ന് റിപ്പീറ്റ്‌ ചെയ്തെഴുതിയത്‌ ഒന്നാംതരം തെറ്റ്‌ തന്നിഷ്ടാ.

  താങ്കളുടെ ആ 'പിന്തുടരുന്ന രീതി' വായിച്ചിട്ട്‌ ചിരിക്കാതിരിക്കാന്‍ പറ്റിയില്ല. ജയരാജിന്റെ കളിയാട്ടം സിനിമേടെ തിരക്കഥ ആരെന്നറിയില്ലെങ്കില്‍ റിവ്യൂവില്‍ 'തിരക്കഥ: ഷേക്‍സ്പിയര്‍' എന്നെഴുതുമല്ലേ? നടക്കട്ടേ!

  ReplyDelete
 16. This comment has been removed because it linked to malicious content. Learn more.

  ReplyDelete
 17. ചാത്തനേറ്: എനിക്കെവിടെയോ ഒരു “ഉദ്യാന പാലകന്‍” മണക്കുന്നു...

  ReplyDelete
 18. ഹരീ, ഞാന്‍ സറണ്ടറായി! :)
  ആ നന്ദി എന്റെ പേരീന്നങ്ങെടുത്തേരെ.

  താങ്കള്‍ എവിടെയാ ഈ നക്കോബോവിനെ കണ്ടത്‌? വല്ല ഇന്ത്യന്‍ സൈറ്റിലുമാണോ? വ്ലാദിമിര്‍ വ്ലാദിമിറോവിച്‌ നബോക്കോവിന്‌ നക്കോബോവ്‌ എന്നൊരു പേരുമുള്ളതറിയാത്ത ഞാന്‍ ഒരു വിഡ്ഡി തന്നെ!

  Any way, you sound like a perfect new generation journalist. you know how to be proud of your own ignorance! ഒരു കാര്യം പകുതിയെങ്കിലും സമ്മതിച്ചു തരാന്‍ എന്റെ സമയം എത്ര മിനക്കെടുത്തി!

  പിന്നെ, മുമ്പേയുള്ള ആ കമന്റില്‍ നാലു വര്‍ഷം, ഫെസ്റ്റിവല്‍ എന്നൊക്കെ പറഞ്ഞത്‌ കണ്ടില്ലെന്നു നടിച്ചതാ, കേട്ടോ! ചെറിയ പയ്യനാ, അല്ലേ?

  ReplyDelete
 19. സ്പെല്ലിം‌ഗിന്റെ കാര്യത്തിലൊരു തീരുമാനമായിട്ട് പിന്നെ ഉച്ചാരണത്തിലേക്ക് കടക്കാമല്ലേ.

  ഹരിയുടെ ചിത്രവിശേഷങ്ങള്‍ വളരെ നന്നാവുന്നുണ്ട്- ഒരു പ്രൊഫഷണല്‍ രീതിയില്‍ തന്നെ അവതരിപ്പിക്കുന്നു.

  ReplyDelete
 20. വക്കാരീ,
  ഉച്ചാരണത്തിലേക്ക്‌ കടക്കാന്‍ നില്‌ക്കുന്നില്ല. (എന്റെ കാര്യമാ, കേട്ടോ.) താങ്കളോ, ഞാനോ വിചാരിച്ചാല്‍ കൂടെ വരുന്നതാണോ റഷ്യന്‍, സോറി, റഷന്‍ ഉച്ചാരണമെന്നറിയില്ല. 'വ്‌' ശബ്ദത്തിന്‌ പകരം 'ഫ്‌' ശബ്ദമാണെന്നൊക്കെ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഉറപ്പില്ല കേട്ടോ! അല്ല, ഇനി സ്പെല്ലിംഗിന്റെ കാര്യത്തില്‍ വക്കാരിക്ക്‌ ഒന്നും തോന്നിയില്ലെന്നാണോ? പെട്ടെന്നൊരു ഉച്ചാരണഭ്രമം കണ്ടതു കൊണ്ട്‌ ചോദിച്ചതാ.

  വഴിയേ പോയ വയ്യാവേലിയായിപ്പോയി എന്തായാലും! നല്ലൊരു ബ്ലോഗല്ലേ, ഒരു തെറ്റ്‌ കണ്ടത്‌ ഒന്നു തിരുത്തിക്കൊടുക്കാമെന്നു വച്ചപ്പോള്‍ ഈ പയ്യനൊട്ട്‌ സമ്മതിച്ചതുമില്ല, ദേ ഇപ്പോള്‍ വക്കാരിയും വന്നു. ഇനിയിപ്പോള്‍ കാടും പടര്‍പ്പും തല്ലി ഒരു വഴിയാകും!

  ReplyDelete
 21. "One cannot hope to understand an author if one cannot even pronounce his name," എന്ന് Влади́мир Влади́мирович Набо́ков തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ഇവിടെ വായിച്ചത് വെച്ച് ചുമ്മാ ഒന്ന് പറഞ്ഞതാ പരാജിതാ :)

  ReplyDelete
 22. വക്കാരീ,
  നബോക്കോവിനെ ഞാന്‍ വായിക്കുന്നത്‌ പതിനാറു കൊല്ലം മുമ്പാ ഇഷ്ടാ. (താങ്കള്‍ നെറ്റില്‍ സേര്‍ച്ച്‌ ചെയ്യുന്ന ലൈനിലല്ല.) ലൊലീറ്റ വായിച്ചതു കൊണ്ട്‌ മാത്രമല്ല അദ്ദേഹത്തിനെ ശ്രദ്ധിച്ചിട്ടുള്ളത്‌. വിശ്വവിഖ്യാതനായ പാസ്തര്‍നാക്ക്‌ പോലും വെറും രണ്ടാം കിട എഴുത്തുകാരനാണെന്ന് പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിച്ച ആളെന്ന നിലയ്ക്ക്‌ കൂടിയാ. എന്നു കരുതി നബോക്കോവ്‌ പറഞ്ഞതെല്ലാം പരമസത്യമാണെന്ന വിശ്വാസവുമെനിക്കില്ല.

  വിക്തോര്‍ യൂഗോയുടെ കഥാപാത്രത്തെ ഴ്ഷാങ്ങ്‌ വാല്‍ ഴ്ഷാങ്ങ്‌ എന്നു വിളിക്കാനായ്‌ പണിപ്പെടുന്ന മലയാളിയെ പരിഹസിച്ചു കൊണ്ട്‌ പണ്ടൊരിക്കല്‍ മലയാളിയുടെ തന്നെ പ്രിയപ്പെട്ട എഴുത്തുകാരനും, ഒരു കാലത്ത്‌ ഫാര്‍ ഈസ്റ്റ്‌ ഇക്കൊണോമിക്കല്‍ റിവ്യൂവിന്റെ എഡിറ്ററുമായിരുന്ന സാക്ഷാല്‍ എം.പി. നാരായണപിള്ള എഴുതിയിരുന്നു. ചൈനാക്കാരനൊക്കെ അവന്റെ നാക്കിന്‌ വഴങ്ങുന്ന രീതിയിലാണ്‌ പേരുകള്‍ ഉച്ചരിക്കുന്നതെന്നും മലയാളിയാണ്‌ ഈ വിഡ്ഡിക്കളി തുടരുന്നതെന്നുമുള്ള ലൈനില്‍. എന്റെ പേര്‌, ഹരികൃഷ്ണന്‍ എന്നത്‌, എത്ര റഷക്കാരന്മാരെ കൊണ്ട്‌ കൃത്യമായി ഉച്ചരിപ്പിക്കാന്‍ പറ്റുമെന്ന് പറഞ്ഞു തരാമോ? എന്ന് വച്ച്‌ ഈ കമന്റ്‌ റഷനിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ട്‌ 'നിനക്കൊന്നും ഒരു ചുക്കും മനസ്സിലാവില്ലെടേ' എന്ന് കൊള്ളാവുന്ന ഒരു റഷക്കാരന്റെ മുഖത്തു നോക്കി വക്കാരിക്കു പറയാമോ?

  നാഴിക്കകത്തു നാഴി കേറ്റാന്‍ നോക്കാതെന്റെ വക്കാരീ.

  ReplyDelete
 23. ഞാന്‍ ആധികാരികമായി ‘നകോബോവ്’ ആണോ ‘നബോകോവ്’ ആണോ എന്ന് പറയുവാന്‍ ആളല്ല. ഞാന്‍ നകോബോവ് എന്നുപയോഗിച്ചത്, ഞാനങ്ങിനെയാണ് മറ്റിടങ്ങളില്‍ കണ്ടത്, അതുകൊണ്ടാണ് എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ. മുകളില്‍ കൊടുത്തിരിക്കുന്നതില്‍ രണ്ടാമത്തെ ലിങ്ക് ശ്രദ്ധിക്കുക. (അത് MSN Movies & Entertainment ലിങ്കാണ്.)

  “proud of your own ignorance!” അതിനേക്കാള്‍ നല്ലത്, എന്തൊക്കെ കാര്യങ്ങള്‍ അറിയില്ല എന്നു സ്വയം മനസിലാക്കുന്ന ഒരാളെന്നല്ലേ? ഞാനൊരു ജേര്‍ണലിസ്റ്റുമല്ല. എനിക്ക് സിനിമയെ ഇഷ്ടമാണ്, കാണാറുള്ള അറിവ് വെച്ച് ഇതെഴുതുന്നു, എന്നാലിതിനു വേണ്ടി നീക്കിവെയ്ക്കുവാന്‍ സമയം കുറവാണ്. അതുകൊണ്ട് തന്നെ എനിക്കറിവില്ലാത്ത കാര്യം തുറന്നു സമ്മതിച്ചുവെന്നു മാത്രം. നാലുവര്‍ഷം ഫെസ്റ്റിവല്‍ കണ്ടിട്ടുണ്ട് എന്നറിയിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം, അത് ഒന്നുമല്ല എന്ന് തിരിച്ചറിവുണ്ട് എന്നു പറയുകയാണ്. ചെറിയ പയ്യനായാലും വലിയ പയ്യനായാലും എന്തറിയാം എന്നതിലല്ലേ കാര്യമുള്ളൂ? ഇത്രയും അറിവും എനിക്കൊരു അറുപത് വയസുമുണ്ടായതുകൊണ്ട് കാര്യമില്ലല്ലോ?

  എനിക്കിവിടെ പറ്റിയത്, നിശബ്ദിന്റെ പ്രചോദനമുള്‍ക്കൊണ്ട് കഥയെഴുതിയ സാഹിത്യകാരന്‍ എന്ന നിലയില്‍ ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിച്ചു എന്നതാണ്. വക്കാരി തന്ന ലിങ്കില്‍ നിന്നും നബോക്കോവ് തന്നെയാണ് ശരി എന്ന് മനസിലാക്കുന്നു. അത് തിരുത്തിയിട്ടുമുണ്ട്.

  • പരാജിതനോട് തര്‍ക്കിക്കുവാനായിരുന്നില്ല കഴിഞ്ഞ കമന്റില്‍ ‘നകോബോവ് (Vladimir Nakobov)എന്നുതന്നെയാണ് പലയിടത്തും ഞാന്‍ കണ്ടത്’ എന്നു പറഞ്ഞത്. താങ്കള്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍, നിശബ്ദിന്റെ മൂലകഥയെഴുതിയ സാഹിത്യകാരന്‍ എന്ന നിലയില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണ്. NowRunning, IndiaFM തുടങ്ങിയ സൈറ്റുകളിലും ഇങ്ങിനെയായിരുന്നു ഉപയോഗിച്ചിരുന്നത്. താ‍ങ്കള്‍ പറഞ്ഞത് ആധികാരികമായി ഞാനെടുത്തില്ല എന്നു മാത്രം.

  • ഞാന്‍ തിരുത്തുവാന്‍ തയ്യാറാവുന്നയാളല്ല എന്നു പറഞ്ഞത് കഷ്ടമായിപ്പോയി. എനിക്കുറപ്പുവന്നതിനു ശേഷം മാത്രമേ തിരുത്തുകയുള്ളൂ, അത്രമാത്രം.
  --
  വക്കാരിമാഷേ,
  ഞാനവിടെ ഒരു തര്‍ക്കത്തിനല്ലായിരുന്നൂട്ടോ. ഫിലിം റിവ്യൂവുമായി ബന്ധപ്പെട്ട സൈറ്റുകള്‍ അവലംബിച്ചതുകൊണ്ടുള്ള ഒരു പിഴവായിരുന്നിത്. ക്ഷമിക്കുക. ഹരിയുടെ ചിത്രവിശേഷങ്ങള്‍ വളരെ നന്നാവുന്നുണ്ട്- ഒരു പ്രൊഫഷണല്‍ രീതിയില്‍ തന്നെ അവതരിപ്പിക്കുന്നു. - കളിയാക്കിയതാണോ? :)
  --
  ഹരീടേറ്: ചാത്താ, ഉദ്യാ‍നപാലകനുമായി ഒരു ബന്ധവുമില്ലാട്ടോ... ഇത് അറുപതുകാരനും പതിനെട്ടുകാ‍രിയും തമ്മിലുള്ള പ്രണയമാണ്. he is 60. she is 18. some love stories are never meant to be understood എന്നാണിതിന്റെ ടാഗ് ലൈന്‍. മാത്രമല്ല കഥ വളരെ വ്യത്യസ്തമാണ്.
  --

  ReplyDelete
 24. ഹരീ,
  ഞാന്‍ പറഞ്ഞത്‌ ആധികാരികമായി എടുക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ താങ്കള്‍ക്ക്‌ ഒരു സംശയം പോലും തോന്നിയില്ലല്ലോ? നന്നായി. വിക്കി പീഡിയ എങ്കിലും നോക്കാമായിരുന്നു, അല്ലേ?

  താങ്കള്‍ ജേണലിസ്റ്റല്ലെന്നറിയാം. അതിനുള്ള യോഗ്യത ഉണ്ടെന്നാ ഞാന്‍ ഉദ്ദേശിച്ചത്‌. :)

  ബാക്കിയൊക്കെ പോട്ടെ, വിട്ടുകള.
  ഇനിയെഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇത്‌ പ്രയോജനം ചെയ്യുമല്ലോ. ഈ ബ്ലോഗ്‌ ഇനിയുമേറെ മെച്ചപ്പെടട്ടേ എന്നാശംസിക്കുന്നു.
  qw_er_ty

  ReplyDelete
 25. പരാജിതനോട്,
  സംശയം തോന്നിയിരുന്നു മാഷേ, പക്ഷെ ഞാന്‍ സേര്‍ച്ച് ചെയ്തത് നിശബ്ദിന്റെ പ്രചോദനമായ കഥയെഴുതിയ സാഹിത്യകാരന്‍ എന്ന നിലയിലായിപ്പോയെന്നു മാത്രം. കഥാകാരന്റെ പേരില്‍ സേര്‍ച്ച് ചെയ്യുവാന്‍ എനിക്കുതോന്നിയില്ല, ഇനിയിപ്പോള്‍ പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ!

  ഇപ്പോഴും സ്വന്തം അജ്ഞതയില്‍ അഭിമാനിക്കുന്ന ഒരാളായിത്തന്നെയാണോ എന്നെ കാണുന്നത്? :( തീര്‍ച്ചയായും. ഒരു പാഠം പഠിച്ചത് സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ വിഷയമാവുന്നുണ്ടെങ്കില്‍ അത് സിനിമാ പോര്‍ട്ടലുകളില്‍ മാത്രം സേര്‍ച്ച് ചെയ്താല്‍ മതിയാവില്ലെന്നാണ്. ഇനിമുതല്‍ വളരെ ശ്രദ്ധിക്കുന്നതാണ്. :)
  --

  ReplyDelete
 26. ഹരീ, കളിയാക്കിയതല്ല-ഒരിക്കലുമല്ല. ആത്മാര്‍ത്ഥമായിത്തന്നെ പറഞ്ഞതാണ്.

  ReplyDelete
 27. ഹരീ,
  ആദ്യമായാണ്‍ ഇവിടെ കമന്‍‌റ്റുന്നതെന്ന് തോന്നുന്നു. എല്ലാ നിരൂപണങ്ങളും ആദ്യവും അവസാനവും വായിക്കാറുണ്ട് (കഥ വിവരിക്കുന്ന ഭാഗം മാത്രം വായിക്കാറില്ല). ഈ പടങ്ങളൊന്നും കാണാത്തത് കൊണ്ടാണ്‍ ഇതു വരെ കമന്‍‌റ്റാഞ്ഞത്.

  നന്നാവുന്നുണ്ട് വിലയിരുത്തലുകള്‍.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 28. ദൃശ്യനോട്,
  വളരെ നന്ദി :)
  കഥയൊന്നും കാര്യമായി പറയാറില്ല, എല്ലാ കഥാപാത്രങ്ങളുടെ ബന്ധവും സിനിമയുടെ തുടക്കവും മറ്റും മാത്രം, അത്ര തന്നെ.
  --

  ReplyDelete