
ബാബ കല്യാണിക്കും, സ്മാര്‍ട്ട് സിറ്റിക്കും ശേഷം കൊച്ചിയിലെ അധോലോകം തന്നെ വീണ്ടും പശ്ചാത്തലമാകുന്ന ‘സ്കെച്ചി’ന്റെ സംവിധാനം പുതുമുഖമായ പ്രസാദ് യാദവ്, നിര്‍മ്മിച്ചിരിക്കുന്നത് ദിനേശ് ഹര്ഷന്. സെന്തില്‍ വിശ്വനാഥിന്റെ കഥ, തിരക്കഥയും സംഭാഷണവും കണ്ണന് രാമന്.
പാര്‍ത്ഥസാരഥി അയ്യര്‍ (ജഗതി ശ്രീകുമാര്‍) എന്ന ഹൈക്കോടതി വക്കീലിന്റെ മകനാണ് ശിവ എന്നു വിളിപ്പേരുള്ള ശിവഹരി അയ്യര്‍ (സൈജു കുറുപ്പ്). സത്യത്തിനുവേണ്ടി എന്നും നിലകൊള്ളുന്ന പാര്‍ത്ഥസാരഥി അയ്യരെ ആരോ കൊലപ്പെടുത്തുന്നു. വിവരം തിരക്കി സ്റ്റേഷനിലെത്തുന്ന ശിവയെ കള്ളക്കേസില്‍ കുടുക്കുന്നു. തിരികെ വീട്ടിലെത്തുന്ന ശിവയെ അമ്മയും, ഗ്രാമത്തിലുള്ളവരും വിശ്വസിക്കുന്നില്ല, അമ്മ ശിവയെ വീട്ടില്‍ നിന്നും ഇറക്കിവിടുന്നു. ഒരു ജോലി തേടി ശിവ, കൊച്ചിയിലെത്തുന്നു. തട്ടുകട നടത്തുന്ന കോയയുമായി (ടി. ജെ. രവി) അച്ഛനുള്ള പരിചയമാണ് ശിവയെ അവിടെയെത്തിക്കുന്നത്. കോയ ശിവയ്ക്ക് ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കുന്നു.
സാഹചര്യസമ്മര്‍ദ്ദം നിമിത്തം ഒരു ഗുണ്ടാത്തലവനെ കൊല്ലേണ്ടിവരുന്ന ശിവ ജയിലിലാവുന്നു. ബഷീര്‍ (ശ്രീജിത്ത് രവി) എന്ന ഗുണ്ടയുമായി ജയിലില്‍ ശിവ ചെങ്ങാത്തത്തിലാവുന്നു. ബഷീര്‍, അലക്സാണ്ടര്‍ നമ്പാടന് (വിജയരാഘവന്) എന്ന രാഷ്ട്രീയ-മാഫിയ തലവന്റെ സഹായത്തൊടെ ശിവയെപ്പുറത്തിറക്കുന്നു, അലക്സാണ്ടറിന്റെ വാടകഗുണ്ടയായി ശിവ കൊച്ചിയില്‍ താമസമുറപ്പിക്കുന്നു. ശിവയുടെ സഹപാഠിയായ ലക്ഷ്മി (സിന്ധു മേനോന്) ഇതിനിടെ കൊച്ചിയിലെത്തുന്നു. അനാഥയായി വളര്‍ന്ന ലക്ഷ്മിയുടെ അച്ഛന് മകളെത്തേടിയെത്തിയതറിഞ്ഞാണ് ലക്ഷ്മി കൊച്ചിയിലെത്തുന്നത്. അലക്സാണ്ടറുടെ മുഖ്യ ശത്രുവായ ചന്ദ്രശേഖര റെഡ്ഡി (രാജന് പി. ദേവ്) എന്ന മറ്റൊരു ഗുണ്ടാത്തലവന്റെ ബിനാമിയായാണ് ലക്ഷ്മിയുടെ അച്ഛന് മാധവമേനോന് കൊച്ചിയിലെത്തുന്നത്. അലക്സാണ്ടറിന്റെ നിര്‍ദ്ദേശപ്രകാരം ശിവ മാധവമേനോനെ കൊലപ്പെടുത്തുന്നു. ഇതിനിടയിലാണ് കരിന്തേള് എന്ന് വിളിപ്പേരുള്ള പോലീസ് ഓഫീസര്‍, വിശ്വനാഥന് (വിജയകുമാര്‍) കൊച്ചിയില്‍ ചാര്‍ജ്ജെടുക്കുന്നത്. ഗുണ്ടകളെ കൊച്ചിനഗരത്തില്‍ നിന്നും തുടച്ചു നീക്കുക എന്നതാണ് വിശ്വനാഥിന്റെ ലക്ഷ്യം. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് സ്കെച്ചിന്റെ ഇതിവൃത്തം.
മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജു കുറുപ്പ് ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല ഈ ചിത്രത്തില്‍. തുടക്കക്കാരന്റെ പോരായ്മകള്‍ പ്രകടമായിത്തന്നെ ഇപ്പോഴും കാണാം. ലക്ഷ്മിയായെത്തുന്ന സിന്ധു മേനോന് കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന അഭിനയമല്ല കാഴ്ചവെച്ചത്. വിജയ രാഘവന്, രാജന് പി. ദേവ് എന്നിവര്‍, പണ്ട് അവര്‍ അവതരിപ്പിച്ച ഇതേ രീതിയിലുള്ള കഥാപാത്രങ്ങളുടെ നിഴല്‍ മാത്രമായി. ബഷീറായെത്തുന്ന ശ്രീജിത്ത് രവിക്ക് അമിതാഭിനയമാണ് വിനയായത്. അല്പമെങ്കിലും മെച്ചമായി അഭിനയിച്ചിരിക്കുന്നത് പാര്‍ത്ഥസാരഥി അയ്യരായി കുറച്ചു സമയത്തേക്കെത്തുന്ന ജഗതി ശ്രീകുമാറും കോയയായെത്തുന്ന ടി. ജെ. രവിയുമാണ്. വിജയകുമാര്‍ അവതരിപ്പിച്ച വിശ്വനാഥനും ഭേദമായിരുന്നു എന്നു പറയാം.
കഥയിലും ക്ലൈമാക്സിലുമുള്ള ഒരല്പം വ്യത്യസ്തതയും, അത്രയൊന്നും അതിഭാവുകത്വങ്ങളില്ലാതെ കഥപറയുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളതുമൊഴിച്ചാല് ഈ സിനിമയ്ക്ക് യാതോരു പ്രത്യേകതകളും അവകാശപ്പെടുവാനില്ല. അടിയും ഇടിയും വെട്ടും കുത്തുമെല്ലാമായി ഒരു സാധാരണ ഗുണ്ടാപ്പടം തന്നെ ഇതും. അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ വരുത്തിയ പിഴവിന് ഒരു പരിധിവരെ ഉത്തരവാദിത്തം സംവിധായകനും ഏല്‍ക്കേണ്ടി വരും. രണ്ടുമണിക്കൂറിനുള്ളില്‍ ചിത്രം അവസാനിക്കുമെന്നുള്ളതാണ് മറ്റൊരു ആശ്വാസം. ഒരു സാധാരണക്കാരന് എങ്ങിനെ ചോരകണ്ട് അറപ്പുമാറിയ ഒരു ഗുണ്ടയായി വളരുന്നു എന്നതിന്റെ ഒരു നല്ല ചലച്ചിത്രാവിഷ്കാരം കാണുവാന്‍ രാം ഗോപാല്‍ വെര്‍മ്മയുടെ ‘ദി ഡി കമ്പനി’യോ മറ്റോ കാണുന്നതാവും നല്ലത്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• സ്കെച്ച് - മലയാളം മൂവി റിവ്യൂസ്
• സ്കെച്ച് - ഇന്ദുലേഖ
Read more:
• Sketch - NowRunning
• Sketch - IndiaGlitz
--
പുതുസംവിധായകനായ പ്രസാദ് യാദവ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന സ്കെച്ച് എന്ന ചിത്രം, ഒരു സാധാരണ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി എങ്ങിനെ ചോരകണ്ടാലറയ്ക്കാത്ത വാടക ഗുണ്ടയായി മാറുന്നു എന്നതിന്റെ കഥ പറയുന്നു. സ്കെച്ചിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
വേറെ പണിയൊന്നുമില്ലേ ഈ ചവറൊക്കെ പോയിക്കാണാന്‍
ReplyDeleteഈ ചോദ്യം തിരിച്ചെപ്പോഴെങ്കിലും എന്നോട് ചോദിക്കാന്‍ പാടുള്ളതല്ല :-)
ഹരി ലേഖനത്തില്‍ കുറച്ച് കൂടുതലായി കഥ പറയുന്നുണ്ടോ എന്ന് സംശയം. കുറച്ചുംകൂടി മിതത്വം പാലിക്കണമെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഈ സിനിമ തിയറ്ററില്‍ പോയി കാണണ്ട എന്ന് മനസ്സിലായി. എന്റെ ഇരുന്നൂറ് രൂപ ലാഭമായി. നന്ദി ;)
സിജുവിനോട്,
ReplyDeleteഇതു ഞാന്‍ കേള്‍ക്കണം... :-)
--
ശ്രീജിത്തിനോട്,
അതേ, ഞാനെല്ലാ കഥാപാത്രങ്ങളേയും ഒന്നു പരിചയപ്പെടുത്തുവാന്‍ ശ്രമിച്ചതാണേ... അങ്ങിനെ പരിചയപ്പെടുത്തി വന്നപ്പോള്‍ ഇത്രയും പറയേണ്ടി വന്നു. ഇപ്പോഴും മുഴുവന്‍ പേരേയും പരിചയപ്പെടുത്തിയിട്ടില്ല... :) എന്നു വെച്ചാല്‍ അത്രയൊക്കെയേ ഉള്ളൂ കഥ. ഞാനെന്തു ചെയ്യാന്‍!
--