
വീണ്ടുമൊരു പ്രിയദര്ശന് സിനിമ മലയാളത്തില്‍. വിവിധഭാഷകളില്‍ ചിത്രീകരിച്ച ഈ ചിത്രം, ഇതരഭാഷകളില്‍ വളരെ നാളുകള്‍ക്ക് മുന്‍പുതന്നെ റിലീസായതാണ്. മലയാളത്തിലെ റിലീസിംഗ് ഇത്രയും വൈകുവാന്‍ എന്താണ് കാരണമെന്നറിവില്ലെങ്കിലും, റിലീസിംഗ് വൈകിയത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നതില്‍ സംശയമില്ല. പ്രിയദര്ശന് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മുകേഷ് ആര്. മേത്ത.
ഈ ചിത്രത്തിന്റെ ഒരു സവിശേഷത, ഇതില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യമെന്നതാണ്, പുരുഷകേന്ദ്രീകൃതമായ ചിത്രങ്ങളാണല്ലോ മലയാളത്തില്‍ ഇറങ്ങുന്നവയൊക്കെയും. ജോസൂട്ടി എന്ന് വിളിപ്പേരുള്ള ജോസഫൈനും (ജ്യോതിക) രാധിക മേനോനും (ശാര്ബനി മുഖര്‍ജി) കോളേജിലെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ഗ്രൂപ്പിന്റെ എതിര് ഗ്രൂപ്പ് നേതാവാണ്, നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നുമുള്ള ഗീത ദാമോദരന്‍ (ഇഷിത അരുണ്‍). ഇവര്‍ തമ്മില്‍ എപ്പോഴും കലഹമാണ്, കോളേജ് അധികൃതര്‍ മിക്കപ്പോഴും ഗീതയുടെ വശം പിടിക്കുവാന്‍ ഉത്സാഹം കാട്ടുന്നതിനാല്‍ ശിക്ഷ ലഭിക്കുക ജോസഫൈനും രാധികയ്ക്കുമാവും.
കാര്യങ്ങളിങ്ങനെയൊക്കെ ചിരിയും കളിയും വഴക്കുമൊക്കെയായി മുന്നോട്ടു നീങ്ങുമ്പോഴാണ് രാധികയുടെ അമ്മായി മാലതി മേനോന് (ലക്ഷ്മി ) രാധികയ്ക്കൊരു വിവാഹാലോചനയുമായെത്തുന്നത്. വിവാഹം കഴിഞ്ഞാല്‍ തങ്ങള്‍ പിരിയേണ്ടി വരുമല്ലോ എന്നു കരുതി, ഏതു വിധേനയും വിവാഹാലോചനകള്‍ നീട്ടിക്കൊണ്ടു പോകുവാനുള്ള വഴികള്‍ തേടുന്നു. അതിനായി അമ്മായിയോട് അവര്‍ ഒരു ചെറിയ നുണ പറയുന്നു. രാധിക, രമേഷ് നായര്‍ എന്നൊരു നേവി ഉദ്യോഗസ്ഥനുമായി പ്രണയത്തിലാണെന്നും, ഇപ്പോള്‍ രമേഷ് ജോലി സംബന്ധമായി വിദേശത്താണെന്നും, തിരിച്ചെത്തിയാലുടന്‍ അദ്ദേഹവുമായുള്ള വിവാഹം ഉറപ്പിക്കാമെന്നൊക്കെ അമ്മായിയോട് തട്ടി വിടുന്നു. എന്തായാലും, അമ്മായി സമ്മതിക്കുന്നു, കൂട്ടുകാരികള്‍ സന്തോഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ പ്രശ്നങ്ങള്‍ തുടങ്ങുവാന്‍ പോവുന്നതേയുണ്ടായിരുന്നുള്ളൂ. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രമേഷ് നായര്‍ രാധികയ്ക്ക് എഴുത്തെഴുതുന്നു, ഫോണ്‍ ചെയ്യുന്നു. പെണ്‍കുട്ടികള്‍ പരിഭ്രാന്തരാവുന്നു. രമേഷ് നാട്ടിലെത്തുന്നു, ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാമെന്ന് അറിയിക്കുകയും ചെയ്യുന്നു. എന്നാലാ കൂടിക്കാഴ്ച നടക്കുന്നില്ല. ജോസഫൈന്റെ ഹോസ്റ്റല്‍ മുറിയില്‍, കോളേജ് ഡേയുടെ അന്ന് കാണാം എന്ന് അടുത്തതായി തീരുമാനിക്കുന്നു. എന്നാല്‍, ഹോസ്റ്റലിലെത്തുന്ന രമേഷ് വെടിയേറ്റ് മരിക്കുന്നു. ആത്മരക്ഷയ്ക്കായി ജോസഫൈനും രാധികയും തോക്ക് സംഘടിപ്പിക്കുന്നുണ്ട്. അങ്ങിനെ സാഹചര്യം ഇവര്‍ക്ക് എതിരാവുന്നു. ആരാണ് രമേഷ്, എങ്ങിനെയാണ് രമേഷ് കൊല്ലപ്പെട്ടത്, ആരാണ് കൊന്നത്, ജോസഫൈനും രാധികയും എങ്ങിനെ ഈ ഊരാക്കുടുക്കില്‍ നിന്നും തലയൂരും? ഇതൊക്കെയാണ് ചിത്രത്തിന്റെ തൂടര്‍ന്നുള്ള ഭാഗം.
കേവലം ഒന്നര മണിക്കൂറില്‍ അല്ലെങ്കില്‍ രണ്ടുമണിക്കൂറില്‍ തീര്‍ക്കാവുന്ന ഒരു തീം വലിച്ചു നീട്ടി രണ്ടര മണിക്കൂറാക്കുമ്പോളുണ്ടാവുന്ന എല്ലാ കുറവുകളും ചിത്രത്തിനുണ്ട്. പലപ്പോഴും കഥയില്‍ യാതൊന്നും സംഭവിക്കാതിരിക്കുകയും, പ്രേക്ഷകരെ വല്ലാതെ ബോറടിപ്പിക്കുകയും ചെയ്യുന്നു ഈ സിനിമ. ജ്യോതികയുടേയും ശാര്ബനിയുടേയും അഭിനയം തരക്കേടില്ലെന്നു പറയാം. പോലീസ് ഓഫീസര്‍ ഗായത്രി വര്‍മ്മ ഐ.പി.എസ് ആയി ടബു, മറ്റൊരു പോലീസ് ഓഫീസറായി ശ്വേത മേനോന്, എസ്.പി പ്രേമ നാരായണനായി മിത വശിഷ്ട, ജോസഫൈന്റെ അമ്മയായി കെ.പി.എ.സി. ലളിത, ഹോസ്റ്റല്‍ വാര്‍ഡനായി സുകുമാരി, വക്കീലായി സുചിത്ര, ഗായത്രിയുടെ സഹോദരി സാവിത്രിയായി ജോമോള്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. എടുത്തുപറയത്തക്കവണ്ണമുള്ള അഭിനയമൊന്നും ആരും കാഴ്ചവെച്ചിട്ടില്ല.
ചിത്രത്തിലെ ഗാനങ്ങളാണ് ശ്രദ്ധേയമായത്. ‘ധും ധും ധും ധും ദൂരെയേതോ...’, ‘ശാരികേ നിന്നെക്കാണാന്‍ താരകം...’ തുടങ്ങിയ ഗാനങ്ങള്‍ മനോഹരങ്ങളാണ്. അവശ്വസിനീയമായ കഥയും, പ്രേക്ഷകരെപ്പിടിച്ചിരുത്തുന്നതില് അമ്പേ പരാജയപ്പെട്ട തിരക്കഥയും, ഇഴഞ്ഞു നീങ്ങുന്ന കഥാകഥന ശൈലിയും എല്ലാം ചേര്‍ന്ന് ഇതൊരു തീര്‍ത്തും അനാകര്‍ഷകമായ ചിത്രമാക്കി മാറ്റിയിരിക്കുന്നു. പ്രിയദര്ശന് സിനിമകളിലെ തമാശകളും ഇതിലില്ല. ചുരുക്കത്തില്‍ പാട്ടിലും, തീമിന്റെ വ്യത്യസ്തതയിലും പിന്നെ സ്ത്രീകഥാപാത്രങ്ങള്ക്കുള്ള പ്രാധാന്യത്തിലും മാത്രമൊതുങ്ങുന്ന ഒരു സമയം കൊല്ലി ചിത്രമാണ് രാക്കിളിപ്പാട്ട്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• രാക്കിളിപ്പാട്ട് - ഇന്ദുലേഖ
Read more:
• Rakkilippattu - IndiaGlitz
• Rakkilippattu - NowRunning
--
രാക്കിളിപ്പാട്ട്: തമിഴില്‍ ഒരു വര്‍ഷം മുന്‍പ് കണ്ടതാണീച്ചിത്രം. എന്നിരുന്നാലും, ഇതിലെ പല കണ്ണികളും ഓര്‍മ്മ വരാത്തതിനാല്‍ മലയാളത്തില്‍ ഒന്നു കൂടി കണ്ടു. ഒരു പക്ഷെ, ആവര്‍ത്തനത്തിന്റെ വിരസത എന്റെ വിശകലനത്തിലുണ്ടാവും. ക്ഷമിക്കുക.
ReplyDelete--
ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, പ്രിയദര്ശന് സംവിധാനം ചെയ്ത രാക്കിളിപ്പാട്ടിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ഹരിക്കുട്ടാ :) തമിഴ് ഞാനും കണ്ടിരുന്നു. അത്ര മോശമൊന്നും അല്ലാത്ത ഒരു ചിത്രം ആണെന്ന് തോന്നിയിട്ടുണ്ട്. ഇനി മലയാളവും കാണണം
ReplyDeleteഞാനും തമിഴ് കണ്ടിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടിരുന്നു.കണ്ടിരിക്കാം. :)
ReplyDeleteതമിഴ് കണ്ടതാ..
ReplyDeleteഅത്രക്കങ്ങ് ഇഷ്ടപെട്ടില്ലെങ്കിലും മോശമില്ലെന്ന് പറയാം
മലയാളം ഓസിനു കിട്ടിയാല്‍ കാണാം :-)
സുവിനോട്,
ReplyDeleteഓ, തമിഴ് കണ്ടപ്പോള്‍ എനിക്കും കുഴപ്പമില്ലായിരുന്നെന്നാ തോന്നിയേ. അതെന്നാ, 2001ലോ മറ്റോ കണ്ടതാ.
--
ബിന്ദുവിനോട്,
:) ആയിക്കോട്ടെ.
--
സിജുവിനോട്,
ഞാന്‍ പറഞ്ഞൂല്ലോ, രണ്ടാമത് കണ്ടതിന്റെ മടുപ്പാവാം കാരണം. എന്റെ കൂടെ ഒരു സുഹൃത്തുമുണ്ടായിരുന്നേ, ആദ്യം കാണുന്നതായിട്ട്. പക്ഷെ, അവനും വല്ലാതെ ബോറടിച്ചു എന്നാ പറഞ്ഞത്. ‘അന്തിനിലാ മാനത്ത്..’ ആ പാട്ടൊക്കെ വല്ല ആവശ്യവുമുള്ളതാണോ! പിന്നെ, ഇഷിതയുടെ അഭിനയം, വളരെ കൃത്രിമത്വമുള്ളതുമാണ്. പിന്നെ, എല്ലാം പെണ്ണുങ്ങളും, പേരിനു പോലുമില്ല ഒരു പുരുഷ കഥാപാത്രം, അങ്ങിനെയായാലും ശരിയാവില്ലല്ലോ! പുരുഷകേന്ദ്രീകൃതമായ മലയാളം സിനിമകളില്‍ നായികയ്ക്കു കൊടുക്കുന്ന പ്രാധാന്യത്തില്‍ പോലും ഇവിടെ ആരുമില്ല...
--
I have seen the Tamil version of the movie while I was studying in Tamilnadu,in 2000 ..7 years back....Not that a bad movie..I liked teh technichal quality . excellent camera work..
ReplyDelete