കയ്യൊപ്പ്

Published on: 1/19/2007 08:22:00 PM

കൊമേഴ്സ്യല്‍ ജാടകളൊഴിവാക്കിയ ഒരു ചെറിയ ചലച്ചിത്രം. ചെറുതെന്നു പറയുമ്പോള്‍ സമയത്തില്‍ മാത്രമല്ല, ചിത്രം സിനിമാസ്കോപ്പിലുമല്ല എടുത്തിരിക്കുന്നത്. രണ്ടുമണിക്കൂറില്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പക്ഷെ, ഇത്രയും സമയം മനോഹരമായി സംവിധായകന്‍ പ്രേക്ഷകനുമായി സംവേദിക്കുന്നു. ഇത്തരമൊരു ചിത്രം പ്രദര്‍ശനത്തിനെത്തിക്കുവാന്‍ ധൈര്യം കാണിച്ച രഞ്ജിത്തിനേയും സംഘത്തേയും ആദ്യമായി അനുമോദിക്കേണ്ടതുണ്ട്. സൂപ്പര്‍സ്റ്റാര്‍ പരിവേഷമില്ലാതെ, സാധാരണക്കാരന്റെ വേഷം അവതരിപ്പിച്ച മമ്മൂട്ടിയും അഭിനന്ദനമര്‍ഹിക്കുന്നു.

ബാലചന്ദ്രന്‍ (മമ്മൂട്ടി) എന്ന സാധാരണക്കാരന്റെ വിരസവും ഏകാന്തവുമായ ജീവിതത്തില്‍ നിന്നും കഥ ആരംഭിക്കുന്നു. എന്നാല്‍ ബാലചന്ദ്രന് ആ വിരസത ഒരു പ്രശ്നമല്ല. പുസ്തകങ്ങളെ കൈവിട്ട മലയാളിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു ഈ കഥാപാത്രം. അദ്ദേഹത്തിന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കഥാകാരനുമുണ്ട്. ബാലചന്ദ്രനെഴുതി പകുതിയാക്കിയ ഒരു നോവലിനെക്കുറിച്ച് മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനായ വാസുദേവന്‍ (നെടുമുടി വേണു) തുറന്ന സദസില്‍ അഭിനന്ദിക്കുന്നു. അത് ശിവദാസന്‍ (മുകേഷ്) എന്ന പുസ്തകപ്രസാധകനെ ബാലചന്ദ്രനുമായടുപ്പിക്കുന്നു. ശിവദാസനും ഭാര്യ ലളിതയും (നീന കുറുപ്പ്) കിളിപ്പാട്ട് എന്ന തങ്ങളുടെ പ്രസാധകപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ്. ബാലചന്ദ്രന്റെ പുതിയ നോവല്‍ തങ്ങളുടെ ഈ സ്വപ്നം നിറവേറ്റുവാന്‍ സഹായിക്കും എന്നൊരു പ്രതീക്ഷയും ശിവദാസനുണ്ട്.

കഥയില്‍ ഒന്നില്‍ കൂടുതല്‍ ത്രഡുകള്‍ വളരെ ഭംഗിയായി ഇണക്കിയിരിക്കുന്നു. നായകസ്ഥാനത്തുള്ള ബാലചന്ദ്രനെ ചുറ്റിപ്പറ്റിയാണ് ഇവയൊക്കെയും, എന്നാല്‍ തന്നെയും ബാലചന്ദ്രന്റെ വിവിധ മുഖങ്ങളാണ് ഓരോ ത്രഡിലും. സാധാരണക്കാരനായി പ്രേക്ഷകനോട് സംവേദിക്കുന്ന ബാലചന്ദ്രന്‍, ശിവദാസനോട് സംവേദിക്കുന്നത് സാഹിത്യകാരനായാണ്. ഫാത്തിമയോടും ബാബുവിനോടും ഇടപെഴകുമ്പോള്‍ അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെക്കാണാം. പദ്മയോട് (ഖുശ്ബു) ഇടപെഴകുമ്പോഴാവട്ടെ അയാളിലെ പഴയ കാമുകന്‍ തിരിച്ചെത്തുന്നു. ഈ വശങ്ങളിലെല്ലാം ബാലചന്ദ്രന്റെ സാന്നിധ്യമുണ്ടെങ്കിലും ഓരോ കഥയുടേയും കേന്ദ്രസ്ഥാനം പദ്മയിലും ശിവദാസിലും ഫാത്തിമയിലും ബാബുവിലുമൊക്കെയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇങ്ങിനെ വിവിധ ഇഴകള്‍ ഭംഗിയായി കൂട്ടിയിണക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

ബാലചന്ദ്രന്റെ യൂണിവേഴ്സിറ്റി പഠനകാലത്തെ കൂട്ടുകാരിയായ, കാമുകിയായ പദ്മ; അന്നത്തെ രണ്ടുപേരുടേയും സാഹചര്യത്തില്‍ അവര്‍ക്കൊന്നിക്കുവാന്‍ കഴിഞ്ഞില്ല. പദ്മയ്ക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടതായും വന്നു. ഇപ്പോള്‍ പദ്മ വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് കഴിയുന്നു. ശിവദാസനും ഭാര്യ ലളിതയും പ്രണയിക്കുകയും, വീട്ടുകാരെ ധിക്കരിച്ച് വീടുവിട്ടിറങ്ങി വിവാഹിതരാവുകയും ചെയ്തവരാണ്. പ്രണയത്തിന്റെ രണ്ടു വശങ്ങള്‍ ഭംഗിയായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കൂട്ടരുടേയും ആത്മസംഘര്‍ഷങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും വ്യത്യസ്തമാണ്, എന്നാല്‍ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട ബാധ്യത സംവിധായകന്‍ പ്രേക്ഷകന് വിട്ടു തന്നിരിക്കുന്നു.

മലയാളിയേയും ഇന്നത്തെ മലയാളസമൂഹത്തേയും വിമര്‍ശിക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍. എന്നാല്‍ അവയൊക്കെയും യാതോരു ഏച്ചുകെട്ടലുമില്ലാതെ കഥയോട് ചേര്‍ന്നുപോവുന്നു. ഞാന്‍ പലപ്പോഴും പറയാറുണ്ട്, മലയാള സിനിമയില്‍ സന്ദേശം കൈമാറുന്നത് അവസാനം എഴുതിക്കാണിക്കുന്ന നാലുവരിയിലൂടെയോ നായകന്റെ നെടുങ്കന്‍ ഡയലോഗുകളിലൂടെയോ ആണെന്ന്. ആ കുറവ് ഇതില്‍ നികത്തുന്നു. പ്രേക്ഷകനുമായി വളരെ നല്ലരീതിയില്‍ സംവേദിക്കുന്നുണ്ട് ഈ ചിത്രം, തുടക്കം മുതല്‍ ഒടുക്കം വരെ. ഒരു ഡയലോഗ് പോലും അനാവശ്യമായി ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി.

ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇത് സിനിമാസ്കോപ്പിലല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന്. എന്നാല്‍ അങ്ങിനെയെടുക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുള്ളതായി എനിക്കു തോന്നിയില്ല. മറ്റൊരു രസകരമായ വസ്തുത, ചിത്രീകരണത്തില്‍ പഴമയിലേക്ക് പോവുമ്പോള്‍ തന്നെ, ഡി.ടി.എസ്. ശബ്ദവിന്യാസമാണ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഡി.ടി.എസ്. സാങ്കേതിക വിദ്യയുടെ 5% മെങ്കിലും വിനിയോഗിക്കുന്ന ഒരു സീന്‍ പോലും ചിത്രത്തിലില്ല. എന്തുകൊണ്ട് ഈ രീതിയിലൊരു പരീക്ഷണത്തിന് സംവിധായകന്‍ മുതിര്‍ന്നു എന്നത് എനിക്ക് തീരെ മനസിലാവുന്നില്ല.

സംഘട്ടന രംഗങ്ങള്‍, പാട്ടുകള്‍, നായകന്റെ നെടുങ്കന്‍ ഡയലോഗുകള്‍ എന്നിവയെല്ലാം ഈ ചിത്രത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന രംഗങ്ങളാണ് ഇതില്‍ മുഴുവനും. മൊബൈലുകളോട് എന്തോ പ്രത്യേകവിരോധമുള്ളതുപോലെ തോന്നുന്നു സംവിധായകന്. ഇത്രയൊന്നും മൊബൈലിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, അതിനായി നല്‍കിയ സമയം അല്പം കൂടിയില്ലേ എന്നൊരു സംശയവും ഇല്ലാതില്ല. വര്‍ഗീയത, പുസ്തകവിരോധം, മൊബൈല്‍ പ്രണയം, മനുഷ്യത്വമില്ലായ്മ, പണത്തോടുള്ള ആര്‍ത്തി, അധികാരത്തിന്റെ അഹന്ത എന്നിങ്ങനെ ഇന്നത്തെ മലയാളി സമൂഹത്തിലെ ഒട്ടേറെ ദുഷ്പ്രവണതകളെ (പ്രവണതകളെ) ചിത്രം വിമര്‍ശിക്കുന്നു. എന്നാല്‍ ഈ വിമര്‍ശനം നായകന്റെ പ്രകടനത്തിലല്ല, സീനുകളിലൂടെ പ്രേക്ഷകന്റെ മനസിലാണ്, അല്ലെങ്കില്‍ പ്രേക്ഷകനാണ് വിമര്‍ശിക്കുന്നത്. അതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും.

സിനിമയിലെ അഭിനേതാക്കളെല്ലാം തന്നെ വളരെ ഭംഗിയായി അവരവരുടെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. വളരെ ദൈര്‍ഘ്യം കുറഞ്ഞ റോളുകള്‍ പോലും സശ്രദ്ധമാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവദാസായെത്തുന്ന മുകേഷും ഫാത്തിമയുടെ അച്ഛനായെത്തുന്ന മാമുക്കോയയും വളരെ ശ്രദ്ധേയമായി. വില്ലന്‍ കഥാപാത്രമില്ലാത്ത ഈ ചിത്രത്തിലെ വില്ലന്‍, ഇന്നത്തെ സമൂഹവും, സമൂഹ വ്യവസ്ഥിതിയും, മാറേണ്ട ചിന്തകളും, ഒഴിവാക്കേണ്ട പരിതസ്ഥിതികളുമാണ്. പദ്മയായി ഖുശ്ബുവും ശിവദാസിന്റെ ഭാര്യയായി നീന കുറുപ്പും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു. നെടുമുടി വേണുവിന്റെ റോള്‍ വളരെ ചെറുതായിപ്പോയി, വളരെയൊന്നും ചെയ്യുവാന്‍ അദ്ദേഹത്തിനുണ്ടായിരുന്നുമില്ല.

അവസാനമായി, ഈ ചിത്രം ബോക്സ് ഓഫീസില്‍ യാതോരു ചലനവും സൃഷ്ടിക്കില്ലെന്നത് ഏതാണ്ട് ഉറപ്പാണ്. മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ക്കുള്ളതല്ല ഈ ചിത്രം, എന്നാല്‍ മമ്മൂട്ടിയെന്ന മഹാനടന്റെ ആരാധകര്‍ ഒന്നിലേറെത്തവണ കാണേണ്ടതാണ് ഈ ചിത്രം എന്നൊക്കെയാണ് പത്രത്തിലെ പരസ്യ വാചകങ്ങള്‍. ഒന്നിലേറെത്തവണയൊന്നും കാണാന്‍ തക്കവണ്ണം ഒന്നുമില്ലെങ്കിലും ഒരിക്കല്‍ കാണുന്നതുകൊണ്ട് കുഴപ്പമില്ലാത്തതാണ് ഈ ചിത്രം. അതുപോലെ, മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം കാണുവാനാഗ്രഹിക്കുന്ന പ്രേക്ഷകര്‍ തിയേറ്ററിന്റെ ഏഴയലത്ത് വരാതിരിക്കുന്നതാണ് ഉചിതം. എന്നാല്‍ മലയാള സിനിമയിലെ ഇന്നത്തെ സ്ഥിതിവിശേഷത്തിനൊരു മാറ്റം വരണമെങ്കില്‍, പുതിയ പരീക്ഷണങ്ങള്‍ ഇനിയും നടക്കണമെങ്കില്‍ ഈ രീതിയിലുള്ള ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിക്കേണ്ടതും ആവശ്യമാണ്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കയ്യൊപ്പ് - ഇന്ദുലേഖ

13 comments :

 1. കൊമേഴ്സ്യല്‍ ജാടകളൊഴിവാക്കിയ ഒരു ചെറിയ ചലച്ചിത്രം. ചെറുതെന്നു പറയുമ്പോള്‍ സമയത്തില്‍ മാത്രമല്ല, ചിത്രം സിനിമാസ്കോപ്പിലുമല്ല എടുത്തിരിക്കുന്നത്. രണ്ടുമണിക്കൂറില്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പക്ഷെ, ഇത്രയും സമയം മനോഹരമായി സംവിധായകന്‍ പ്രേക്ഷകനുമായി സംവേദിക്കുന്നു. ഇത്തരമൊരു ചിത്രം പ്രദര്‍ശനത്തിനെത്തിക്കുവാന്‍ ധൈര്യം കാണിച്ച രഞ്ജിത്തിനും സംഘത്തിനേയും ആദ്യമായി അനുമോദിക്കേണ്ടതുണ്ട്. സൂപ്പര്‍സ്റ്റാര്‍ പരിവേഷമില്ലാതെ, സാധാരണക്കാരന്റെ വേഷം അവതരിപ്പിച്ച മമ്മൂട്ടിയും അഭിനന്ദനമര്‍ഹിക്കുന്നു.
  --
  രഞ്ജിത്ത് - മമ്മൂട്ടി ടീമിന്റെ പുതിയ ചിത്രമായ ‘കയ്യൊപ്പി’നെക്കുറിച്ചുള്ള എന്റെ തോന്നലുകള്‍.
  --

  ReplyDelete
 2. ഹരീ.. ഇതു വായച്ചു കഴിഞ്ഞപ്പോള്‍ ഈ സിനിമ ഉടനെ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്നു തോന്നുന്നു. ഞാന്‍ വായിച്ചറിഞ്ഞതനുസരിച്ച് ഇത് വളരെ കുറഞ്ഞ ബഡ്‌ജറ്റലില്‍ എടുത്തിരിക്കുന്ന ചിത്രമാണ്, അതു കൊണ്ട് സിനമയെ ഗൌരവപൂര്‍ണ്ണം കാണുന്ന പ്രേക്ഷകര്‍ കണ്ടാല്‍ തന്നെയും ഈ സിനിമ സാമ്പത്തികമായി വിജയിക്കണം. ഇതു വിജയിക്കട്ടെയെന്നും ഇതിന്‍റെ വിജയം ഇത്തരം ചലചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനമാവട്ടേയെന്നും ആഗ്രഹിക്കുന്നു!

  nb :-ഇതുപോലെ 35mm -ല്‍ ബഹളങ്ങൊളൊന്നുമില്ലാതെയെടുത്ത് വിജയിച്ച (?) ഒരു നല്ല ചിത്രമാണ്, മേഘമല്‍ഹാര്‍.

  ReplyDelete
 3. കാണാനുള്ള ചിത്രങ്ങളുടെ കൂടെ ഒന്നുകൂടി...

  മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ കണ്ടു മടുത്ത ആളാണു ഞാന്‍... ഇത്രയും കഴിവുള്ള ഒരു നടനെ തീരെ നിലവാരമില്ലാത്തതും അഭിനയ സാധ്യതകള്‍ കുറഞ്ഞതുമായ വേഷങ്ങളില്‍ കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്.
  ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടേ എന്നു പ്രാര്‍ത്ഥിക്കാം

  ReplyDelete
 4. അരുണിനോട്,
  ഈ ചിത്രം രഞ്ജിത്ത് പൂര്‍ത്തിയാക്കിയത് പതിനഞ്ച് ദിവസം മാത്രമെടുത്താണ്. ശരിയാണ്, ചിത്രത്തിന്‍റെ നിര്‍മ്മാണവേളയിലെ മുതല്‍ മുടക്ക് താരതമ്യേന കുറവായിരിക്കാം. എന്നിരുന്നാലും ഡിസ്ട്രിബ്യൂഷന്‍, പ്രിന്‍റുകള്‍ എന്നിവയ്ക്കുള്ള ചിലവ് ഏതൊരു ബിഗ്-ബജറ്റ് ചിത്രങ്ങള്‍ക്കുണ്ടാവുന്നത്രയും തന്നെ വരും. ഇന്നലെ സിനിമയുടെ ആദ്യദിനമായിരുന്നു, ആകെ തിയേറ്ററില്‍ ഉണ്ടായിരുന്നത് 100-ല് താഴെയാളുകളും(ആലപ്പുഴയില്‍). ഈ രീതിയില്‍ ഓടിയാല്‍ ചിത്രം വിജയിക്കുമെന്ന് എനിക്കു തോന്നുന്നില്ല.
  --
  സ്മിതയോട്,
  എനിക്കു തോന്നുന്നത് മോഹന്‍ലാലാണ് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നാണ്. മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമില്ലാത്ത ചിത്രങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കാഴ്ച, രാപ്പകല്‍, കറുത്തപക്ഷികള്‍, പളുങ്ക് എന്നിവയൊക്കെയും അടുത്ത കാലത്തെ ഉദാഹരണമായിപ്പറയാം. എന്നാല്‍ മോഹന്‍ലാലിനോ? വാനപ്രസ്ഥമാണെന്നു തോന്നുന്നു അവസാനത്തെ നല്ല വേഷം, പിന്നൊരു തന്മാത്രയും. തീര്‍ന്നു, ശരിയല്ലേ? പിന്നീടുള്ളവയൊക്കെയും സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ളവതന്നെ.
  --

  ReplyDelete
 5. ഹരീ, വായിക്കാറുണ്ട്....കമന്റിടുവാനുള്ള പരിചയം ഇത്തരം ബ്ലോഗില്‍ കാണിക്കാനൊരു വിമ്മിഷ്ടം......അഞജത തന്നെ കാരണം (anjatha ennezhuthiyittum varunnilla)

  ReplyDelete
 6. നന്ദി ഹരീ..കൈയ്യൊപ്പിനേപ്പറ്റി ഒരു അവലോകനം കാത്തിരിക്കുകയായിരുന്നു. നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവ് തന്നെയാണ് മമ്മൂട്ടിക്ക് ഇപ്പോഴും താരപദവിയില്‍ അഗ്രഗണ്യനായി നില്‍ക്കാനുള്ള കാരണം. രഞ്ജിത്തിനു അധികം സമ്മര്‍ദ്ദം ഒന്നും കൊടുക്കാതെയിരുന്നാല്‍ നല്ല ചിത്രങ്ങള്‍ കൊണ്ടു വരും എന്നുള്ളതിനു “നന്ദനത്തിനു“ ശേഷമുള്ള ഒരു തെളിവായിരിക്കും ഈ ചിത്രം..!

  കാണേണ്ടിയ ചിത്രം തന്നെ..

  ReplyDelete
 7. കുറുമാനോട്,
  വളരെ സന്തോഷം മാഷേ, മാഷിന്റെ യൂറോപ്യന്‍ സ്വപ്നങ്ങളുടെ തുടര്‍ വായനക്കാരനാണേ, ഞാനവിടെ കമന്റാറുമുണ്ട്. :) പിന്നെ, ഈ ബ്ലോഗിനെക്കുറിച്ച്, സിനിമ കാണുന്നു, എന്റെ തോന്നലുകള്‍ ഇവിടെയെഴുതുന്നു, എന്നതിനപ്പുറം എനിക്കും എന്തു പരിചയമാണ്? ഒന്നുമില്ല. ങ്ഹാ, പിന്നെ കുറെ റിവ്യൂ വായിച്ചിട്ടുണ്ട്. അത്രമാത്രം.
  ‘അജ്ഞത’ എഴുതുവാനെന്താണ് പ്രയാസം? ajnjatha എന്നു ടൈപ്പ് ചെയ്താല്‍ മതി.
  --
  കിരണോട്,
  മാഷിതു കണ്ടു അല്ലേ? സത്യം തന്നെ, ഇങ്ങിനെയുള്ള ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മമ്മൂട്ടിയെന്ന നടനെ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു ചിത്രത്തില്‍. ചിലപ്പോഴൊക്കെ പറയാറില്ലെ, നമ്മുടെ കഴിവിന് തൊട്ടുതാഴെനിന്ന് പയറ്റാന്‍ പറ്റുന്നിടത്ത് പയറ്റണം, അപ്പോള്‍ നമുക്ക് അവിടെ ഉയരങ്ങളിലെത്താമെന്ന്? അതു തന്നെയല്ലേ ഇവിടെയും. മമ്മൂട്ടിയെ പൂര്‍ണ്ണമായി ഉപയോഗിക്കാതെ, അദ്ദേഹത്തിന്റെ കഴിവിന്റെ ഒരു 80% ഉപയോഗിച്ചിരിക്കുന്നു, അപ്പോളദ്ദേഹത്തിന്റെ കഥാപാത്രം വ്യത്യസ്തവുമായി, മനോഹരവുമായി. ശരിയല്ലേ?
  --

  ReplyDelete
 8. haree yude postinodu pothuvil tharkkamilla. pakshe, mobilinodu samvidhayakanu virodhamundo? nayakanum avasaanam mobilinte upayogam ariyukayalle, sammathikkukayalle, prathyekichhum dry life maari pranayappachha pottumpol? athupole, avasaanam vageeyathaye patti ethandu ezhuthikkanikkentathundaayirunno? vedivechhitt 'tto' ennuvaykkano? pinne kathha ithrayum vishadamayi ezhuthiyal chila kuzhappangalille? 1. lekhanathhinte dairghyam koodunnathu kondu vaayikkandaannu thonnam. 2. kandavarkkum kaanathhavarkkum athinte aavashyamilla. 3. sandratha kurayum. ethenkilum pointumayi bandhappedunna rangangal paranjaal pore?

  ReplyDelete
 9. അജിത്തിനോട്,
  ശരിതന്നെ, മൊബൈല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ചെറിയരീതിയില്‍ സ്വാധീനിക്കുന്നതായിക്കാണാം. എന്നിരുന്നാലും, ആദ്യമൊക്കെ സംവിധായകന്‍ കുറച്ചു കൂടുതല്‍ അതിനെ വിമര്‍ശിക്കുന്നു, അത്രയ്ക്കൊന്നും പറയേണ്ട ആവശ്യമില്ല, അതും ഒന്നില്‍ക്കൂടുതല്‍ തവണ. എന്നാല്‍ ബാലചന്ദ്രന്, ഇങ്ങിനെയൊരു സാധനം കണ്ടുപിടിച്ചതേതായാലും നന്നായെന്നോ പ്രയോജനമായെന്നോ എന്നര്‍ത്ഥം വരുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. മൊബൈല്‍ സ്വന്തമായല്ല അദ്ദേഹം മേടിക്കുന്നതും, മൊത്തത്തില്‍ നോക്കുമ്പോള്‍ മൊബൈലിനോടുള്ള വിരോധത്തോടാണ് സംവിധായകന് ചായ്‌വ്.

  സിനിമയുടെ അവസാനം വര്‍ഗീയതയെക്കുറിച്ച് എഴുതിക്കാണിച്ചതാണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. പക്ഷെ, അതൊരു സമര്‍പ്പണമായിരുന്നു. അതുകൊണ്ടാണ് ഞാനതിനെക്കുറിച്ച് പ്രതിപാദിക്കാതിരുന്നത്. സംവിധായകനിത് ആര്‍ക്കെങ്കിലും സമര്‍പ്പിക്കണമെങ്കില്‍, നമുക്കെന്ത്?

  കഥയുടെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടന്നിട്ടില്ല, ഇതു വായിച്ചാല്‍ കഥയെന്താണെന്ന് പ്രേക്ഷകന് മനസിലാവുമോ, ഇല്ല. സിനിമ കണ്ടവര്‍ക്ക് ഒരു പക്ഷെ, ഇതുവായിക്കുമ്പോള്‍ ഇത്രയും എഴുതേണ്ടതുണ്ടോ എന്നു തോന്നുമായിരിക്കാം.
  1. തീര്‍ച്ചയായും വായനക്കാര്‍ക്ക് സ്ഥലം കാലിയാക്കാം, എന്നു കരുതി എഴുതിവരുമ്പോള്‍ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ വേണ്ടി കടിഞ്ഞാണിടേണ്ട് കാര്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല.
  2. ഇല്ല, കഥ ഞാന്‍ അതുപോലെ പറഞ്ഞുകൊടുക്കുന്നില്ല. കഥയുടെ ഒരു തുടക്കം പറയുന്നുണ്ട്. കഥയില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതിനെക്കുറിച്ചുള്ള എന്റെ വ്യക്തിഗതമായ അഭിപ്രായം മാത്രമാണ് തുടര്‍ന്നു പറയുന്നത്.
  3. ശരിയാണ്. കൂടുതലെഴുതുന്നത് പലപ്പോഴും ലേഖനത്തിന്റെ സുഖം കളയും. ഞാനിനി ശ്രദ്ധിക്കാം.
  --

  ReplyDelete
 10. ഹരീ,
  നല്ല നിരീക്ഷണങ്ങള്‍. പത്രമാധ്യമങ്ങളില്‍ വരുന്ന സിനിമാ നിരൂപണങ്ങള്‍ ഈ പക്വത കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ആശംസകള്‍!

  ReplyDelete
 11. ഹരീ..
  നന്നായിരിക്കുന്നു, നിഷ്പക്ഷമായ വിമര്‍ശനം
  സിനിമ കണ്ടില്ല, കാണണമെന്നുണ്ട്.
  qw_er_ty

  ReplyDelete
 12. ദില്‍ബാസുരനോട്,
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. പത്രങ്ങളില്‍ സാധാരണയായി റിവ്യൂ വരാറുണ്ടോ? ചിലപ്പോഴൊക്കെ ചില ചിത്രങ്ങളുടെ പ്രിവ്യൂ കാണാറുണ്ട്, അതും വളരെ സംക്ഷിപ്തമായി. മാതൃഭൂമിയില്‍ ചലച്ചിത്രനിരൂപണം ഞാന്‍ പണ്ട് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ ഒരു മാധ്യമവും ഈ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല എന്നാണെന്റെ തോന്നല്‍.
  --
  സിജൂ,
  തീര്‍ച്ചയായും കാണൂ, കണ്ടിട്ട് സിജുവിന്റെ അഭിപ്രായങ്ങളിവിടെ പോസ്റ്റുവാന്‍ മറക്കണ്ട.
  --

  ReplyDelete
 13. ഹരീ,
  മലയാള പത്രങ്ങളുടെ കാര്യമെനിക്കറിയില്ല പക്ഷെ ഡെക്കാന്‍ ഹെറാള്‍ഡ് പോലെയുള്ള ചില ഇംഗ്ലിഷ് പത്രങ്ങളില്‍ സപ്ലിമെന്റിലൊക്കെ സ്ഥിരമായി റിവ്യൂ വരാറുണ്ട്. അതിന്റെ കാര്യമാണ് ഉദ്ദേശിച്ചത്. :)

  ReplyDelete