
ധാരാളം സ്വപ്നങ്ങള്‍ കണ്ട ഒരു സാധാരണ ഗ്രാമീണബാലന് ഉയര്‍ച്ചയുടെ പല പടവുകള്‍ കയറി, ഇടയ്ക്കൊന്നിടറി, ഭാരതത്തിലെ ഏറ്റവും വലിയ കമ്പനിയുടെ ഉടമസ്ഥനാവുന്നു. പിന്നെയും അയാള്‍ സ്വപ്നം കാണുന്നു, ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാക്കി അതിനെ മാറ്റുവാന്‍. പക്ഷെ ഇന്നയാള് ഒറ്റയ്ക്കല്ല. ഗുരു എന്ന മണിരത്നം ചിത്രത്തിനെ ഇങ്ങിനെ ചുരുക്കിപ്പറയാം. സാധാരണ മണിരത്നം ചിത്രങ്ങള്‍ പ്രേക്ഷകനുമായി വളരെ ശക്തമായി സംവേദിക്കുന്നവയാണ്. എന്നാല്‍ ഈ സിനിമയില്‍, താനുദ്ദേശിച്ച ആശയം ഫലപ്രദമായി പ്രേക്ഷകനിലെത്തിക്കുവാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ മണിരത്നത്തിനു കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
ഗുരുകാന്ത് ദേശായി (അഭിഷേക് ബച്ചന്)എന്ന യുവാവിന് വലിയ സ്വപ്നങ്ങളാണ്, അവയൊന്നും സ്കൂള്‍ ഹെഡ് മാഷായ അവന്റെ അച്ഛനെ സന്തോഷിപ്പിക്കുന്നില്ല. എന്നു മാത്രവുമല്ല, പഠനത്തില്‍ പുറകിലായ മകന് തനിക്കൊരപമാനവുമാണെന്ന് അദ്ദേഹം കരുതുന്നു. ജോലി സമ്പാദനത്തിനായി തുര്‍ക്കിയിലേക്ക് മാറുന്ന ഗുരുകാന്ത് അവിടെ പെട്രോള്‍ നിറച്ച ക്യാനുകള്‍ വിതരണം ചെയ്ത് തന്റെ ജീവിതം ആരംഭിക്കുന്നു. എന്നാല്‍ കമ്പനി പ്രമോഷന് നല്കുമ്പോള് തന്റെ ഭാവി ഇവിടെയല്ലെന്നും, ഗ്രാമത്തിലെത്തി സ്വന്തമായി ബിസിനസ് ചെയ്യണം എന്ന തിരിച്ചറിവോടെ ഗുരു തുര്‍ക്കി വിടുന്നു. തിരികെ വരുമ്പോള്‍ ട്രയിനില്‍ സുജാത (ഐശ്വര്യ റായ്) യെക്കണ്ടുമുട്ടുന്നു. കാമുകനുമായി ഒളിച്ചോടുവാന് തീരുമാനിച്ച്, അവസാനം കാമുകന് കാലുമാറി ഒറ്റയ്ക്ക് യാത്രയാവുകയാണ് സുജാത. ബിസിനസ് സ്വപ്നങ്ങളുമായി ഗുരു ജിഗ്നേഷിനെ (ആര്യ ബബ്ബാര്‍) കണ്ടുമുട്ടുന്നു. തന്റെ സഹോദരിയെ വിവാഹം കഴിക്കുവാനായി സൂക്ഷിച്ചിരിക്കുന്ന കുറച്ചു പൈസ മാത്രമേ അച്ഛന്റെ കൈയിലുള്ളൂ എന്നും, അത് അദ്ദേഹം തരികയില്ലെന്നും ജിഗ്നേഷ് പറയുന്നു. ഗുരു ജിഗ്നേഷിന്റെ സഹോദരിയെ, ബിസിനസ് തുടങ്ങുവാനുള്ള പൈസയ്ക്കായി, വിവാഹം കഴിക്കുവാന്‍ തയ്യാറാവുന്നു. വിവാഹാലോചനയുമായി സ്വയം ജിഗ്നേഷിന്റെ വീട്ടിലെത്തുമ്പോഴാണ് പെണ്‍കുട്ടി സുജാതയാണെന്ന് ഗുരുവറിയുന്നത്.
അങ്ങിനെ സുജാതയും ജിഗ്നേഷുമായി മുംബെയിലെത്തുന്ന ഗുരുവിന് തുടക്കത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. അവിടെ ഗുരുവിന് താങ്ങാവുന്നത് ‘സ്വതന്ത്ര’ എന്ന പേരില്‍ പത്രം നടത്തിവരുന്ന നാനാജി അല്ലെങ്കില്‍ മണിക് ദാസ് ഗുപ്ത (മിഥുന് ചക്രവര്‍ത്തി) യാണ്. അദ്ദേഹത്തിന്റെ വികലാംഗയായ കൊച്ചുമകള്‍ മീനു (വിദ്യ ബാലന്)വുമായി ഗുരുവിന് സഹോദരതുല്യമായ അടുപ്പമാണുള്ളത്. ഗുരുവിന്റെ കമ്പനിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ശക്തി കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തെ ഗുരു ഭായ് എന്നു വിളിക്കുവാന്‍ തുടങ്ങി. എന്നാല്‍ ഗുരു വളരുന്നതിനൊപ്പം അദ്ദേഹത്തിലെ അഴിമതിയും വളരുന്നു എന്നു മനസിലാക്കുന്ന നാനാജി പത്രത്തിലൂടെ ഗുരുവിനെ വിമര്‍ശിക്കുന്നു. ഗുരുവിനെതിരെ സ്വതന്ത്രയിലെഴുതുന്ന റിപ്പോര്‍ട്ടറായ ശ്യാം (മാധവന്) മീനുവിനെ വിവാഹം കഴിക്കുന്നു. എന്നാല്‍ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് ഗുരു തന്റെ കമ്പനിയായ ശക്തിയെ ഭാരതത്തിലെ ഒന്നാമത്തെ കമ്പനിയാക്കുന്നു.
നാനാജിയായി മിഥുന് ചക്രവര്‍ത്തിയും സുജാതയായി ഐശ്വര്യയും നന്നായി അഭിനയിച്ചിരിക്കുന്നു. മാധവനും വിദ്യാ ബാലനും പറയത്തക്ക റോളൊന്നും ചിത്രത്തിലില്ല. ഗുരുവായെത്തുന്ന അഭിഷേക് ബച്ചന്റെ അഭിനയം എടുത്തു പറയത്തക്കതൊന്നുമില്ല. സ്വപ്നം കണ്ടുവളരുന്ന യുവാവില്‍ നിന്നും പരിചയ സമ്പന്നനായ ബിസിനസുകാരനായി മാറുമ്പോഴും ക്യാരക്ടറിന് യാതോരു വ്യത്യസ്തതയും നല്കുവാന് അദ്ദേഹത്തിനാവുന്നില്ല. സ്വപ്നം കണ്ടു നടക്കുന്ന അതേ പയ്യന്റെ പെരുമാറ്റ രീതികളാവുമോ പ്രായമായ ഗുരുഭായ്ക്കും? അഭിഷേക് കഥാപാത്രത്തെ ഉള്‍ക്കൊണ്ടല്ല അഭിനയിച്ചിരിക്കുന്നതെന്നു വ്യക്തം. ഗുരുവിന്റെ ഡയലോഗുകള്‍ വലിയ കുഴപ്പമില്ലാതെ അവതരിപ്പിച്ചു എന്നൊരു മെച്ചമുണ്ട്. ചിത്രത്തില്‍ മറ്റ് പ്രധാന്യമുള്ള വേഷങ്ങളൊന്നുമില്ലെന്നു പറയാം. രാജീവ് മേനോന്റെ ഷോട്ടുകള്‍ പതിവുപോലെ മനോഹരമായിരിക്കുന്നു. എ. ആര്. റെഹ്മാന്റെ സംഗീതം ചിത്രത്തോടിണങ്ങുന്നു. ‘മൈയ്യ മൈയ്യ’ എന്ന തുടക്കത്തിലുള്ള പാട്ടില്‍, ബാര്‍ നര്‍ത്തകിയായി മല്ലൈക ഷെരാവത്തും ചിത്രത്തിലുണ്ട്. സുജാതയെ പരിചയപ്പെടുത്തുന്ന ‘ബര്‍സോ രേ’ എന്ന ഗാനവും ശ്രദ്ധേയമാണ്. എന്നിരുന്നാലും ചില സ്ഥലങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ തന്നെ പഴയപാട്ടുകളുടെ സ്വാധീനമില്ലേ എന്നൊരു സംശയവുമുണ്ട്.
ഗുരുവിന്റെ കഥയില്‍ സത്യത്തില്‍ സംവിധായകന് ഒരു ഒളിച്ചു കളിയാണ് നടത്തിയിരിക്കുന്നത്. ഗുരു മുംബെയില്‍ ബിസിനസ് തുടങ്ങുവാന്‍ നേരിടുന്ന പ്രശ്നങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, പിന്നീട് ഗുരു നേരിടുന്ന പ്രശ്നങ്ങളോ, ഗുരു അഴിമതിയുടെ വഴിയില്‍ എന്തുകൊണ്ടു സഞ്ചരിച്ചു എന്നോ ഒന്നും വ്യക്തമായി സംവിധായകന് പറയുന്നില്ല. ഗുരുവിന്റെ വളര്‍ച്ച കമ്പനിയുടെ ഗ്രൂപ്പ് ഫോട്ടോയുടെ വലിപ്പം കൂട്ടിയാണ് പ്രേക്ഷകനിലെത്തിക്കുന്നത്. നന്നായി സംസാരിക്കുവാനുള്ള കഴിവും, സംസാരത്തിലൂടെ മറ്റുള്ളവരെ കൈയിലെടുക്കാനുള്ള സാമര്ത്ഥ്യവുമുണ്ടായാല് മതി, ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കുവാന്‍ എന്നാണോ സംവിധായകന് ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നും ചിത്രം കണ്ടിറങ്ങുമ്പോള്‍. ഇടവേളയ്ക്കു ശേഷമാവട്ടെ, കഥയിലാകെ സംഭവിക്കുന്നത് ‘സ്വതന്ത്ര’യുമായുള്ള ഗുരുവിന്റെ ആശയപരമായ യുദ്ധവും അതിനെത്തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ്. ഗുരു തന്നെ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്, ഒരു പത്രത്തില്‍ നാലുപുറം എഴുതിപ്പിടിപ്പിക്കുന്നതിലൂടെ തന്നെ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന്, എന്നാല്‍ പിന്നീട് അതിനു നേര് വിപരീതമായി ഗുരുവിന്റെ ജീവിതത്തില്‍ അവരുമായുള്ള പ്രശ്നങ്ങള്‍ മാത്രമാണ് കാണിച്ചിരിക്കുന്നത്. ഗുരുവിന്റെ മാതാപിതാക്കള്‍, സുജാതയുടെ മാതാപിതാക്കള്‍, സഹോദരന് എന്നിവരെക്കുറിച്ചൊന്നും യാതോരു വിവരവുമില്ല സിനിമയുടെ ഒരു ഭാഗം കഴിഞ്ഞാല്‍. ശ്യാമും മീനുവുമായുള്ള ബന്ധത്തിന് ആഴം നല്കുവാനും സംവിധായകനു കഴിഞ്ഞില്ല. മീനുവിന്റെ മരണം പോലും പ്രേക്ഷകനില്‍ മതിയായ ചലനം സൃഷ്ടിക്കുന്നില്ല.
ചിത്രത്തിന്റെ അവസാനം കുറെയധികം കാര്യങ്ങള്‍ പറയുന്നുണ്ട് ഗുരു, തന്റെ തെറ്റുകളെ ന്യായീകരിക്കുവാനായി. ഗാന്ധിജി നിയമം ലംഘിച്ചില്ലേ എന്നുപോലും ചോദിക്കുന്നു. എന്നാല്‍ ഗാന്ധിജി നിയമം ലംഘിച്ചത്, അധിനിവേശ സേനയുടെ നിയമങ്ങളാണെന്നും, ഒരു ഇന്ത്യന്‍ പൌരന് എന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയിലുള്ള നിയമങ്ങള്‍ പാലിക്കേണ്ടതാണെന്നും എന്തുകൊണ്ട് സംവിധായകന് പറയുന്നില്ല. മാത്രമല്ല, മറ്റുള്ളവര്‍ കുറ്റം ചെയ്യുന്നതും പിടിക്കപ്പെടാതിരിക്കുന്നതും അല്ലെങ്കില്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതും ഒരാള്‍ക്ക് നിയമത്തിനെ അവഗണിച്ച് പ്രവര്‍ത്തിക്കുവാനുള്ള ലൈസന്സായിക്കാണുവാനൊക്കുകയില്ല. ഒരു പക്ഷെ, അങ്ങിനെ കമ്പനിയുണ്ടാക്കുന്ന ലാഭത്തിന്റെ പങ്ക് കമ്പനിയുടെ ഷെയറെടുത്തിരിക്കുന്ന പൊതുജനത്തിനും ലഭിക്കുമായിരിക്കും. പക്ഷെ, ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണ്. ആ രീതിയില്‍ ഗുരു നിയമങ്ങളെ മറികടന്ന് ലാഭമുണ്ടാക്കി കുറെയധികം പേരെ സംരക്ഷിച്ചു അവര്‍ക്കൊരു ജീവിത മാര്‍ഗമുണ്ടാക്കി എന്നു പറയുമ്പോള്‍, കുറെയധികം പേര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇവിടെ സംവിധായകന് തെറ്റായ ഒരു സന്ദേശമാണ് പുതുതലമുറയ്ക്ക് നല്‍കുന്നതെന്നും പറയാതെ വയ്യ. മൊത്തത്തില്‍ നോക്കുമ്പോള്‍ വളരെ ശുഷ്കമായ ഒരു മണിരത്നം ചിത്രമാണ് ഗുരു, തീര്‍ച്ചയായും വളരെയധികം മെച്ചപ്പെട്ടരീതിയില്‍ ഈ കഥ പറയാമായിരുന്നു.
--
ധാരാളം സ്വപ്നങ്ങള്‍ കണ്ട ഒരു സാധാരണ ഗ്രാമീണബാലന് ഉയര്‍ച്ചയുടെ പല പടവുകള്‍ കയറി, ഇടയ്ക്കൊന്നിടറി, ഭാരതത്തിലെ ഏറ്റവും വലിയ കമ്പനിയുടെ ഉടമസ്ഥനാവുന്നു. പിന്നെയും അയാള്‍ സ്വപ്നം കാണുന്നു, ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാക്കി അതിനെ മാറ്റുവാന്‍. പക്ഷെ ഇന്നയാള് ഒറ്റയ്ക്കല്ല. ഗുരു എന്ന മണിരത്നം ചിത്രത്തിനെ ഇങ്ങിനെ ചുരുക്കിപ്പറയാം. സാധാരണ മണിരത്നം ചിത്രങ്ങള്‍ പ്രേക്ഷകനുമായി വളരെ ശക്തമായി സംവേദിക്കുന്നവയാണ്. എന്നാല്‍ ഈ സിനിമയില്‍, താനുദ്ദേശിച്ച ആശയം ഫലപ്രദമായി പ്രേക്ഷകനിലെത്തിക്കുവാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ മണിരത്നത്തിനു കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
ReplyDelete--
ഏറ്റവും പുതിയ മണിരത്നം ചിത്രമായ ‘ഗുരു’വിനെക്കുറിച്ച് എന്റെ തോന്നലുകള്‍.
--
ഹരീ :) കണ്ടു അല്ലേ? കാണാന്‍ പോകുന്നുണ്ട് ഞങ്ങള്‍. മണിരത്നം ആയതുകൊണ്ട്. ശരിയായില്ല അല്ലേ പടം? എന്നാലും ഒരുവട്ടം കാണാമായിരിക്കും.
ReplyDeletehari maash,
ReplyDeleteithu reliance ambani story thanne yalle. there re some news reports that mukesh ambani opposed the release and manirtnam pacified him by some adjustments in the story line. i dont know whether it s right or wrong. any way ur comment is exemplary
expecting reviews like this
adarsh
ആദര്‍ശിനോട്,
ReplyDeleteഅങ്ങിനെയൊരു വാര്‍ത്ത ഞാനും കേട്ടിരുന്നു. (ഇത് അംബാനിയുടെ കഥയാണെന്ന്, മുകേഷ് ഇതിന്റെ റിലീസെതിര്ത്തു എന്നു ഞാനറിഞ്ഞില്ല. മറ്റെവിടെയോ ഒരു റിവ്യൂവില്‍ ഇത് ഒരു ബയോഗ്രഫിയായിട്ടും ചലച്ചിത്രത്തിന്റെ മേന്മകള് പുലര്‍ത്തുന്നു എന്നെഴുതിക്കണ്ടു. സംവിധായകന് അങ്ങിനെയൊരു ഉദ്ദേശമുള്ളതായി തോന്നിയില്ല, ഒരു പക്ഷെ അംബാനിയുടെ വളര്‍ച്ചയുടെ കഥയാവാം അദ്ദേഹത്തിന്റെ ഇന്സ്പിറേഷന്.) അംബാനിയുടെ തുടക്കവും ഒരു സാധാരണ തുണിക്കച്ചവടക്കാരനായായിരുന്നെന്നു തോന്നുന്നു. പക്ഷെ, ചിത്രത്തിന്റെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്, ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികമാണ് എന്നൊക്കെ. താങ്കള്‍ക്ക് ഇഷ്ടപ്പെട്ടുവന്നറിഞ്ഞതില് സന്തോഷം, തീര്‍ച്ചയായും ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കുക.
--
സു,
ചിത്രം കണ്ടുവോ? എന്തു പറയുന്നു?
--
wonderful review...!
ReplyDeleteപക്ഷേ അഭിഷേക് തന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും അഭിനയരീതികളില്‍ നിന്നും വ്യത്യസ്ഥനായിട്ടില്ലേ? ബാക്കി എല്ലാ കാര്യങ്ങളിലും ഹരിയോട് യോജിക്കുന്നു.
വളരെ നന്ദി മുംസി,
ReplyDeleteശരിയാണ്, അഭിഷേക് എവിടെയൊക്കെയോ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ, ഗുരുവായി പൂര്‍ണ്ണമായും മാറുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടോ? എന്റെ ഉറച്ച വിശ്വാസം ഇല്ല എന്നുതന്നെയാണ്. ഒരു പക്ഷെ മാധവനായിരുന്നു അഭിഷേകിന്റെ സ്ഥാനത്തെങ്കില്‍ ഇതിലും മെച്ചമായി കഥാപാത്രത്തെ അവതരിപ്പിക്കുമെന്നു തോന്നിപ്പോവുന്നു. പിന്നെ, മണിരത്നം എന്ന ഡയറക്ടറോടു കൂടി വര്‍ക്ക് ചെയ്യുമ്പോള്‍ ഏതൊരു അഭിനേതാവും തന്റെ കഴിവുമുഴുവനും പുറത്തെടുത്തഭിനയിക്കും അല്ലെങ്കില്‍ അഭിനയിപ്പിക്കും, അതിനപ്പുറമൊന്നും അഭിഷേക് വളര്‍ന്നിട്ടില്ല. :)
--
ഹരീ :) ഗുരു കണ്ടു. ഷെരാവത്തിന്റെ ഡാന്‍സ് ഇഷ്ടമായി. ഐശ്വര്യ, ഒരുവിധം നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാം. അഭിഷേകും നന്നായി. മൊത്തത്തില്‍ നന്നായി. എന്നാലും മണിരത്നത്തിന്റെ പടം ആയോന്നൊരു സംശയം.
ReplyDeleteഹരീ, ഇന്നാണ് ഗുരു കണ്ടത്. ഹരീയുടെ റിവ്യു വളരെ നന്നായിരിക്കുന്നു.
ReplyDelete(ഒരു നിരൂപണ്‍ എഴുതിയാലോ എന്നാലോചിച്ചതാണ്. പിന്നെ ഹരീയുടെ വായിച്ചപ്പോള്‍ മനസ്സിലായി എഴുതി ചമ്മുന്നതിനെക്കാളും ഭേദം എഴുതാതെയിരിക്കുന്നതാണെന്ന്) :)
പ്രായമായവര്‍ പ്രായമായവരെപ്പോലെ അഭിനയിച്ചാല്‍ ഒന്നാന്തരമായിരിക്കുമെന്ന് മിഥുന് ചക്രവര്‍ത്തിയെ കണ്ടപ്പോള്‍ മനസ്സിലായി. നമ്മുടെ ലാലേട്ടനും മമ്മേട്ടനുമൊക്കെ അത് വല്ലപ്പോഴെങ്കിലുമോര്ത്തിരുന്നെങ്കില്...