കനകസിംഹാസനം

Published on: 1/02/2007 10:02:00 AM

ജയറാം-രാജസേനന്‍ ടീമിന്‍റെ ഏറ്റവും പുതിയ ‘ഫാമിലി എന്‍റര്‍ടൈനര്‍‘, അങ്ങിനെയാണല്ലോ ഈ ടീമിന്‍റെ ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷണം. ഈ സിനിമകണ്ട് രണ്ടുരണ്ടര മണിക്കൂര്‍ പാഴാക്കി, പിന്നെയിതിനെക്കുറിച്ചെഴുതിയും സമയം കളയുവാന്‍ എനിക്കു വലിയ ആഗ്രഹമില്ല, എങ്കിലും എഴുതുന്നു. ചിത്രത്തിനു അഞ്ചില്‍ അര റേറ്റിംഗ് കൊടുത്തത്, വല്ലപ്പോഴുമൊക്കെ സിനിമകണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ (തിയേറ്ററിലെ മറ്റുള്ളവരും) ചിരിച്ചു എന്നതുകൊണ്ടുമാത്രമാണ്. അറിയാതെ ചിരിച്ചുപോവുന്ന ചില ഡയലോഗുകളും സിറ്റുവേഷനുകളും മാത്രമാണ് ഈ ചിത്രത്തില്‍ പറയുവാനായി ആകെയുള്ളത്.

പലസിനിമകണ്ടിറങ്ങുമ്പോഴും ഞാനാലോചിക്കാറുണ്ട്, എന്തിനു വേണ്ടിയാണ് ഇങ്ങിനെയുള്ള സിനിമകള്‍ പടച്ചുവിടുന്നതെന്ന്? ഒരുപക്ഷെ, ഇതാസ്വദിക്കുവാന്‍ അറിയുന്നവരും ഉണ്ടാവും. എന്തോ, എനിക്കതിനുള്ള കഴിവില്ല. ജയറാം പഴയകാല രാജാക്കാന്മാര്‍ അലറുന്നതുപോലെ ചിത്രത്തില്‍ പലയിടങ്ങളിലും അലറുന്നുണ്ട്, അതുപോലെ പലപ്പോഴും സം‌വിധായകന്‍റെ പേരുവിളിച്ചലറുവാന്‍ തിയേറ്ററിലിരുന്നപ്പോള്‍ തന്നെ എനിക്കു തോന്നി എന്നതാണതിന്‍റെ സത്യം.

കോമഡി ചിത്രങ്ങളെടുക്കുന്നതില്‍ രാജസേനന്‍ എങ്ങിനെ തുടങ്ങിയോ അവിടെത്തന്നെ ഇപ്പോഴും നില്‍ക്കുന്നു. യാതോരു വ്യത്യസ്തതയുമില്ലാതെ, തല്ലിക്കൂട്ടുതിരക്കഥയുമായി ഇങ്ങിനെയുള്ള ചിത്രങ്ങള്‍ എത്രനാള്‍ പ്രേക്ഷകര്‍ സഹിക്കണം? കനകാംബരന്‍(ജയറാം) എന്ന നാടകക്കാരന്‍റേയും ഭാരതി(കാര്‍ത്തിക) എന്ന അദ്ദേഹത്തിന്‍റെ സ്റ്റേജിലേയും ജീവിതത്തിലേയും പങ്കാളിയുടേയും ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും കഥ ആരംഭിക്കുന്നു. സ്ഥിരമായി രാജവേഷം കെട്ടുന്നതിനാല്‍ ബാണപ്പാര്‍ട്ട് കനകാം‍ബരനെന്നും, മാര്‍ത്താണ്ഡം ഭാരതി എന്നുമാണ് ഇവര്‍ അറിയപ്പെടുന്നത്. കടം കൊണ്ടു നട്ടം തിരിയുന്ന കനകാംബരനെത്തേടി കാന്തപുരം രാജകുടുംബത്തില്‍ നിന്നും രണ്ടുപേര്‍ അന്വേഷിച്ചു വരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍‍പു കാണാതായ അവരുടെ രാജകുമാരന്, സൂര്യനാരായണനായി കനകാംബരന്‍ അഭിനയിക്കണമെന്നതാണ് ആവശ്യം.

അങ്ങിനെ കൊട്ടാരത്തിലെത്തുന്ന കനകാംബരനും, കൂടെ ജോലിക്കാരിയായി ചേക്കേറുന്ന ഭാരതിയും, പിന്നെ കൊട്ടാരത്തിലെ അന്തേവാസികളും, രാജകുമാരനുവേണ്ടി കാത്തിരുന്ന കാഞ്ചനലക്ഷ്മിയെന്ന രാജകുമാരിയും (ലക്ഷ്മി ഗോപാലസ്വാമി), കുലഗുരുവായ ഇന്ദ്രസേന റെഡ്ഡി (കലാശാല ബാബു) വില്ലനായെത്തുന്ന അനന്തിരവന്‍ നരസിംഹനും(കിരണ്‍ രാജ്) ഒക്കെയായി കഥ കൊഴുക്കുന്നു. അരോചകമായ ധാരാളം സീനുകളുണ്ട് ഈ ചിത്രത്തില്‍. കനകാംബരന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പേ നഷ്ടപ്പെട്ട രാജകുമാരന്‍ എന്നതാണ് ചിത്രത്തിലെ സസ്പെന്‍സെങ്കിലും അത് ജയറാമിനെ കൊട്ടാരത്തില്‍ സം‌വിധായകന്‍ എത്തിക്കുമ്പോഴേ മനസിലാവുമെന്നതിനാല്‍ അതിനു വലിയ പ്രസക്തിയില്ല. ഇരുപത്തിനാല്‍ വാര്‍ഷത്തോളം കുമാരന്‍റെ അച്ഛനായ മഹാരാജാവിനെ തടവില്‍ പാര്‍പ്പിച്ചിരുന്നു വില്ലനായ നരസിംഹനും, നരസിംഹന്‍റെ അച്ഛ്നും എന്നും കഥയിലുണ്ട്. ഏതു കാലത്താണോ എന്തോ ഈ കഥ നടക്കുന്നത്! എതായാലും തടവറയിലെ മഹാരാജാവിനെ പരമ്പരാഗതമായി അച്ഛന്‍ വില്ലന്‍ മകന്‍ വില്ലന് കൈമാറി എന്നൊക്കെ ചിന്തിച്ചുകൂട്ടിയ ഭാവന അപാരം.

ചിത്രത്തെക്കുറിച്ച് ഇനിയുമെന്തെങ്കിലും എഴുതണമെന്ന് എനിക്കു തോന്നുന്നില്ല. നിലവാരമില്ലാത്ത ഒരുപിടി ഗാനങ്ങളുമുണ്ട് ചിത്രത്തില്‍. ഗാനരംഗങ്ങള്‍ അതിനേക്കാള്‍ ശോചനീയം. ശാസ്ത്രീയസംഗീതത്തിന്‍റെ അകമ്പടിയിലാണ് ക്ലൈമാക്സ് രംഗത്തെ സംഘട്ടന രംഗം. തുടക്കത്തില്‍ ആവേശപൂര്‍വ്വം എഴുതിക്കാണിക്കുന്നുണ്ട് “ഞങ്ങളവതരിപ്പിക്കുന്ന പുതിയ ഗായകന്‍: ശങ്കരന്‍ നമ്പൂതിരി”. ശാസ്ത്രീയസംഗീത ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ആലപിച്ച ഒരു കീര്‍ത്തനം തുടക്കത്തില്‍ ടൈറ്റിലെഴുതുമ്പോളും അവസാനം തല്ലിനു പിന്നണിയായും ഉപയോഗിച്ചത് ഒട്ടും ശരിയായില്ല. അങ്ങിനെയുള്ള ഒരു ഗാനമായിരുന്നെങ്കില്‍ ആദ്ദേഹത്തെപ്പോലുള്ള ഒരു ശാസ്ത്രീയസംഗീതജ്ഞനെ ഉപയോഗിക്കേണ്ടിയിരുന്നില്ല, ചുരുങ്ങിയപക്ഷം അദ്ദേഹത്തിന്‍റെ പേര് ഇത്രയും എടുത്ത് പ്രദര്‍ശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ‘അഴകാര്‍ന്ന നീല മയിലേ’ എന്നൊരു ഗാനം കൂടി അദ്ദേഹത്ത്നു പാടുവാന്‍ നല്‍കിയിട്ടുണ്ടെന്നതു മാത്രമാണ് ഒരാശ്വാസം.

ഇനിയുമൊരു രാജസേനന്‍-ജയറാം ചിത്രത്തിന് റിവ്യൂ എഴുതേണ്ടിവരരുതേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കനക സിംഹാസനം - ഇന്ദുലേഖ

15 comments :

 1. ജയറാം-രാജസേനന്‍ ടീമിന്‍റെ ഏറ്റവും പുതിയ ‘ഫാമിലി എന്‍റര്‍ടൈനര്‍‘, അങ്ങിനെയാണല്ലോ ഈ ടീമിന്‍റെ ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷണം. ഈ സിനിമകണ്ട് രണ്ടുരണ്ടര മണിക്കൂര്‍ പാഴാക്കി, പിന്നെയിതിനെക്കുറിച്ചെഴുതിയും സമയം കളയുവാന്‍ എനിക്കു വലിയ ആഗ്രഹമില്ല, എങ്കിലും എഴുതുന്നു. ചിത്രത്തിനു അഞ്ചില്‍ അര റേറ്റിംഗ് കൊടുത്തത്, വല്ലപ്പോഴുമൊക്കെ സിനിമകണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ (തിയേറ്ററിലെ മറ്റുള്ളവരും) ചിരിച്ചു എന്നതുകൊണ്ടുമാത്രമാണ്. അറിയാതെ ചിരിച്ചുപോവുന്ന ചില ഡയലോഗുകളും സിറ്റുവേഷനുകളും മാത്രമാണ് ഈ ചിത്രത്തില്‍ പറയുവാനായി ആകെയുള്ളത്.
  --
  ജയറാം-രാജസേനന്‍ ടീമിന്‍റെ പുതിയ ചിത്രമായ ‘കനക സിംഹാസനത്തെ’ക്കുറിച്ച് എന്‍റെ ചില തോന്നലുകള്‍.
  --

  ReplyDelete
 2. ഞാന്‍ സെലക്റ്റീവാ സിനിമ കാണുന്ന കാര്യത്തില്‍..അതു കൊണ്ടുതന്നെ ഇതു കണ്ടിട്ടില്ല..അല്ല അഭിപ്രായം പറയാന്‍ മാത്രം ഒന്നും ഉണ്ടാവില്ലാന്ന് അറിയാം :)രാജസേനന്‍ ചിത്രങ്ങള് ഇനി കാണുകേം ഇല്ല..അറിയാണ്ട് ആ മധുചന്ദ്രലേഖ ടീ വീ ല് വന്നപ്പൊ കുറച്ചു നേരം കണ്ടുപോയി..ഹെന്റമ്മേ!
  ഹരിയെപ്പോലെ ഞാനും വിചാരിച്ചിട്ടുണ്ട്,എന്തിനാ ഇങ്ങനത്തെ സിനിമകള്‍..ന്ന്!

  ReplyDelete
 3. പീലിക്കുട്ടിയോട്,
  മലയാളികളെല്‍ 99% ആള്‍ക്കാരും സെലക്ടീവായി സിനിമ കാണുന്നവരാണെന്നാണ് എന്‍റെ വിശ്വാസം. നല്ലൊരു ശതമാനം പേരും അവധിക്കാലത്തെ ഒരു ആഘോഷ ഇനമായിട്ടാണ് സിനിമ കാണുന്നത്. ആയിക്കോട്ടെ, അങ്ങിനെകാണുന്നതിനോട് എനിക്കൊരു വിരോധവുമില്ല. പക്ഷെ സങ്കടകരമായ കാര്യം, പൈസമുടക്കി തിയേറ്ററില്‍ സിനിമകാണുവാനിരിക്കുന്ന പ്രേക്ഷകരോട് യാതോരു ഉത്തരവാദിത്തവും പ്രൊഡ്യൂസര്‍-സം‌വിധായകന്‍-അഭിനേതാക്കള്‍ ഇവരാരും കാണിക്കാറില്ലെന്നതാണ്. പോട്ടെ, പരീക്ഷണമാണെങ്കില്‍ അങ്ങിനെ സമാധാനിക്കാം. ഇതൊരുമാതിരി, കാശുകൊടുത്തു മണ്ടരാവുന്ന അവസ്ഥയാണ് പലപ്പോഴും. ചെയ്യുന്ന തൊഴിലിനോട് അല്പമെങ്കിലും ആത്മാര്‍ത്ഥത വേണ്ടേ? പോട്ടെ, ശരാശരി പ്രേക്ഷകന് സന്തോഷിക്കുവാന്‍ പറ്റുന്ന കൊമേഴ്സ്യല്‍ ചിത്രമാണെന്നു കരുതാം, എങ്കില്‍ അതിന്‍റെ ഒരു നിലവാരം പുലര്‍ത്തേണ്ടേ? ഇല്ല, ഇതൊന്നുമില്ല...
  --
  സെലക്ടീവാകുവാന്‍ എനിക്കാഗ്രഹമില്ല, മറ്റൊന്നും കൊണ്ടല്ല, മോശം സിനിമകളും കണ്ടാലല്ലേ നല്ല സിനിമ വരുമ്പോള്‍ അതു മനസിലാവൂ... അല്ലെങ്കില്‍ എങ്ങിനെ നന്നായി റേറ്റ് ചെയ്യുവാനൊക്കും?
  --

  ReplyDelete
 4. രാജസേനന് ദൂരദര്‍ശനില്‍ സംഗീത പരിപാടി നടത്തുന്നത് തന്നെയാണ് അഭികാമ്യമെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം.ജയറാമിന്റെ രണ്ടാംവരവില്‍ മര്യാദക്ക് ഒറ്റ ഹിറ്റ് പോലും നേടാനാവാത്തതിന്റെ കാരണവും ഇങ്ങനെയുള്ള ബാലൈ പോലുള്ള പടങ്ങളില്‍ അഭിനയിക്കുന്നതു കൊണ്ടും കൂടിയാണ് എന്നങ്ങോരു മനസിലാക്കാത്തിടത്തോളം കാലം മൂന്നാവരവും ,നാലാവരവും ഒക്കെ ഇനിയും വേണ്ടിവരും.

  ReplyDelete
 5. കാണണമെന്നു കരുതിയിരിക്കുകയായിരുന്നു. ഇനി കാണുന്നില്ല. തൃപ്തിയായി.
  എന്തായാലും ഹരീ താങ്ക്യൂ.....

  ReplyDelete
 6. ടി. വിയില്‍ വന്നാല്‍പോലും ഇവരുടെ സിനിമകള്‍ ഞാന്‍ കാണില്ല

  1. വിനയന്‍
  2. രാജസേനന്‍
  3. തുലസീദാസ്‌
  4. ഭദ്രന്‍ (സ്ഫടികം ഒരബധം മാത്രം)

  ReplyDelete
 7. ഉണ്ണിക്കുട്ടാ, ആ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇനിയും ഒത്തിരി പേരുകളുണ്ട്. ആരുടെയൊക്കെ പടം കാണാം എന്നു പറയുന്നതായിരിക്കും എളുപ്പം.

  ReplyDelete
 8. ഹരീ... സമ്മതിക്കണം!!! ഇതൊക്കെയിരുന്ന് എങ്ങനെ കാണുന്നു! ഏതായാലും വിവരിച്ചതു നന്നായി! അതും സസ്പെന്‍സും ചേറ്ത്ത് വിവരിച്ചത്. ഇനി ഏതായാലും ഇതിന്റെ ഏരിയയിലേക്കില്ല!
  ശ്ശോ.. എന്നാലും ഈ ജയറാമൊക്കെ ഇതെന്തു ഭാവിച്ചാ ഇതുമാതിരി പടത്തിലൊക്കെ അഭിനയിക്കുന്നതെന്നാ ഞാനാലോചിക്കണേ...

  ReplyDelete
 9. ഗവേഷകനോട്,
  സിനിമകള്‍ കാണാതിരിക്കണമെന്ന അഭിപ്രായമെനിക്കില്ല. കഴിയുമെങ്കില്‍ കണ്ടിട്ട് അഭിപ്രായമിവിടെയെഴുതൂ... :) ഇനി ഞാനിങ്ങനെയെഴുതിയതിന്‍റെ പേരില്‍ പടത്തിന് ആളു കുറയണ്ട.
  --
  ഉണ്ണിക്കുട്ടനോട്,
  അങ്ങിനെ പേര് മാത്രം നോക്കി കാണണോ വേണ്ടയോ എന്നു തീരുമാനിക്കരുത് എന്നാണ് എന്‍റെ അഭിപ്രായം. രാജസേനന്‍-ജയറാമിന്‍റെ പല സിനിമകളും നല്ല എന്‍റര്‍ടെയ്നര്‍ ആയിരുന്നു, വര്‍ഷങ്ങള്‍ക്കു മുന്‍പ്. പക്ഷെ ആ ശൈലിയും, കഥയുടെ രീതിയുമൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു എന്നുമാത്രം. അതുപോലെ തന്നെ വിനയന്‍റെ ചിത്രങ്ങളും. തുളസീദാസിന്‍റേയും ഭദ്രന്‍റേയും ചിത്രങ്ങള്‍ ഓര്‍ത്തെടുക്കുവാനൊക്കുന്നില്ല. നരന്‍ ഭദ്രന്‍റേതായിരുന്നോ? നരന്‍ വലിയ താരക്കേടില്ലായിരുന്നെന്നു തോന്നുന്നു. njjoju പറഞ്ഞതുപോലെ പെരു നോക്കി കാണാതിരിക്കുന്നതിലും നല്ലത് കാണേണ്ടവരുടെ പേരോര്‍ത്തിരിക്കുന്നതാവും.
  --
  പ്രതീ, ജയറാമിന്‍റെ സര്‍ക്കാര്‍ ദാദ ഞാന്‍ കണ്ടിട്ടുണ്ട്. അതിനെക്കുറിച്ച് പിന്നീട് അഭിമുഖത്തില്‍ ടി.വി.യില്‍ ഇദ്ദേഹം പറയുന്നതു കേട്ട്, ടി.വി കാശുമുടക്കി അച്ഛന്‍ മേടിച്ചു വെച്ചിരിക്കുന്നതാകയാലും, അതെറിഞ്ഞു പൊട്ടിച്ചാല്‍ ജയറാമിനൊന്നും നഷ്ടപ്പെടുവാനില്ലാത്തതുകൊണ്ടും ഞാന്‍ സമാധാനപ്രിയനായെന്നു മാത്രം. :)
  --

  ReplyDelete
 10. ഹരീ,
  ജയ-സേനന്‍ സിനിമ പണ്ട് പണ്ടൊരു കാലത്ത് എന്റര്‍ടൈനറാ‍യിരുന്നു. ഒരേ കഥാപാത്രങ്ങള്‍, ജയറാമിന്റെ ഒരേ രീതിയിലുള്ള അഭിനയം, കുട്ടികളെ രസിപ്പിയ്ക്കാനാവണം,കുത്തി തിരുകുന്ന ചില സീനുകള്‍ എന്നിവ ഇപ്പോള്‍ ഇവരുടെ മുഖമുദ്രയാണ്.

  എങ്ങനെ ഇത്തരം സിനിമകള്‍ എടുക്കാന്‍ തോന്നുന്നു എന്ന ചോദ്യത്തിനുത്തരം ഇവയ്ക്ക് ലഭിയ്ക്കുന്ന മോശമല്ലാത്ത സാമ്പത്തിക വിജയം മാത്രമാകണം.എന്ത് പടച്ച് വിട്ടാലും കാണാനാളുണ്ട് എന്നത് കൊണ്ട് മാത്രം. ആദ്യന്തികമായി സിനിമ ഒരു വ്യവസായമാണല്ലോ. ഈ തരം സിനിമയ്ക്കും ഒരു നിഷ് മാര്‍ക്കറ്റ് ഉണ്ട്. ആ മാര്‍ക്കറ്റ് സെഗ്മെന്റിന് രസിയ്ക്കാന്‍ വേണ്ട ചേരുവകള്‍ മാത്രമാണ് നിര്‍മ്മാതാക്കള്‍ ചേര്‍ക്കുന്നതും.

  സെലക്റ്റീവായി സിനിമ കാണുക മാത്രമേ നിവര്‍ത്തിയുള്ളൂ. ഹരീയുടെ പോസ്റ്റ് അതിന് സഹായിക്കുന്നു. നന്ദി. :-)

  ReplyDelete
 11. ഹരീ...
  ബ്ലെസിയുടെ പുതിയ ചിത്രം പളുങ്ക് കണ്ടോ? കണ്ടില്ലെങ്കില്‍ കണ്ടിട്ട് ഒന്നെഴുതുമോ..?

  ReplyDelete
 12. ദില്‍ബാസുരനോട്,
  എങ്കിലും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതവേണ്ടേ? എനിക്കറിയില്ല ഇതൊക്കെ കണ്ടാല്‍ ആ ‘നിഷ്’ കുടുംബങ്ങളും കുട്ടികളും ആസ്വദിക്കുമോ എന്ന്. ആസ്വദിക്കുമായിരിക്കും... എന്തു പടച്ചുവിട്ടാലും കാണാനാളുണ്ടാവുമെന്നു പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണോ? :P
  --
  ഗവേഷകനോട്,
  ആഹ, ഇദാപ്പോ നന്നായെ. അത് കഴിഞ്ഞ വര്‍ഷമേ എഴുതിയതല്ലേ, പളുങ്കിനെക്കുറിച്ചേ... ഇവിടെ വായിക്കാം: http://chithravishesham.blogspot.com/2006/12/blog-post_31.html
  --

  ReplyDelete
 13. ശരിക്കും സോറി.. അതുഞാന്‍ കണ്ടില്ല.

  ReplyDelete
 14. Feel sad for Jayaram and Rajasenan. What else to say?

  ReplyDelete
 15. ഇന്നലെ ഈ സിംഹാസനം കാണുവവന്‍ ദൌര്‍ഭാഗ്യം ഉണ്ടായി. എഴുന്നേറ്റുപോകുവാനും, സിനിമ നിര്‍ത്തുവാനും പറ്റാത്ത സാഹചര്യമായിരുന്നു. ജീവിതത്തിലെ അത്രയും സമയം പാഴായല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നു.

  “പലസിനിമകണ്ടിറങ്ങുമ്പോഴും ഞാനാലോചിക്കാറുണ്ട്, എന്തിനു വേണ്ടിയാണ് ഇങ്ങിനെയുള്ള സിനിമകള്‍ പടച്ചുവിടുന്നതെന്ന്?“ ഹരീ ചോദിച്ച ഈ ചോദ്യം പലപ്രാവശ്യം ചോദിച്ചു ഉള്ളില്‍. കൂടെയിരുന്നവര്‍ പലരും സിനിമ ആസ്വദിച്ചുകാണുന്നതു കണ്ടപ്പോള്‍ മനസിലായി, ഇതുപോലുള്ളവ കാണാനും ആളുണ്ട്.

  ഈയടുത്ത സമയത്തിറങ്ങിയവയില്‍, ഞാന്‍ കണ്ടതില്‍ നോട്ട്ബുക്ക് തന്നെ മികച്ചത്.

  ReplyDelete