ബാബ കല്യാണി

Published on: 12/18/2006 08:10:00 AM

മോഹന്‍ലാലിന്‍റെ ക്രിസ്‍തുമസ് ചിത്രമായ ‘ബാബ കല്യാണി’ ഒരു പോലീസ്-ആക്ഷന്‍ ചിത്രമാണ്. സി.ബി.ഐ കഥകളിലൂടെ പ്രശസ്തനായ എസ്. എന്‍. സ്വാമിയുടെ തിരക്കഥ, ആക്ഷന്‍ ചിത്രങ്ങളുടെ സം‌വിധായകനായ ഷാജി കൈലാസ്, ഒരിടവേളയ്ക്കു ശേഷമുള്ള പോലീസ് വേഷവുമായി മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം എന്നതുകൊണ്ടു തന്നെ ‘ബാബ കല്യാണി’ യെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയരുന്നില്ല.

ചിത്രത്തിന്റെ തിരക്കഥയാണ് ഏറ്റവും പരിതാപകരം. യാതോരു സസ്പെന്‍സുമില്ലാത്ത, വെറുതെ കുറെ ആക്ഷന്‍ സീനുകള്‍ക്ക് മാത്രം സാധ്യതയുള്ളതാണ് തിരക്കഥ. ഒരു കുറ്റാന്വേഷകന്‍ എന്നൊരു ഭാവത്തിലാണ്‍ മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നതെങ്കിലും തീവ്രവാദികള്‍ക്കു പിന്നാലെയുള്ള ഓട്ടം മാത്രമായി അതു മാറുന്നു. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ ചുവടുപിടിച്ച് ആദ്യമൊരു ആക്ഷന്‍ സീന്‍, പിന്നീട് ടൈറ്റിലുകള്‍ എന്ന രീതിയിലാണ് ചിത്രം തുടങ്ങുന്നത്. ഗ്രാഫിക് ഇഫക്ടുകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍. ചിത്രത്തിന് ചടുലത തോന്നിപ്പിക്കുവാന്‍ ഈ ഇഫക്ടുകള്‍ സഹായിച്ചിരിക്കുന്നു. EFX തയ്യാറാക്കിയ ഗ്രാഫിക് ഇഫക്ടുകള്‍ പുതുമയുള്ളതും ചിത്രത്തോടിണങ്ങുന്നതുമാണ്.

കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് എസ്. എന്‍. സ്വാമി തിരക്കഥയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഒരു കുറ്റാന്വേഷണത്തിനുള്ള ആഴം നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇ-മെയില്‍ ഭീഷണി അന്വേഷിക്കുന്ന ബാബ കല്യാണി എത്തിപ്പെടുന്നത്, തീവ്രവാദികള്‍ കൊച്ചി നഗരം കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു എന്ന നിഗമനത്തിലാണ്. കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തുന്ന ബാബയെക്കാത്തിരിക്കുന്നത് ശത്രുക്കളുടെ ഒരു നീണ്ട നിരതന്നെയാണ്. എങ്കിലും ബാബയ്ക്ക് അധികം വിയര്‍പ്പൊഴുക്കാതെ തന്നെ ശരിയായ കുറ്റവാളിയെക്കണ്ടെത്തുവാനാകുന്നു. പിന്നീട് അവരെ പിന്തുടര്‍ന്നു പിടിക്കുക എന്നൊരു ജോലി മാത്രം. ലോഡ്ജ് ഉടമയായും, ഡ്രൈവറായും, ചായക്കടക്കാരനായും, ലോറിക്കാരനായുമൊക്കെ അതാത് സമയത്ത് ഇന്‍ഫോര്‍മര്‍മാര്‍ എത്തുന്നതുകൊണ്ട് ബാബയ്ക്ക് അവിടെയും കഷ്ടപ്പെടേണ്ടി വരുന്നില്ല.

അനാവശ്യമായി ഒരു പിടി കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. നായികയായെത്തുന്ന മം‌മ്ത, നായികയുടെ അച്ഛനായി മുരളി, മേയറായി ബിന്ദു പണിക്കര്‍, വാടകവീട് ഉടമസ്ഥയായി കവിയൂര്‍ പൊന്നമ്മ, അന്നമ്മ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ അനാവശ്യമായ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര. ഇവരൊന്നും കഥയുമായി നേരിട്ടെന്നല്ല, അകന്ന ബന്ധം പോലുമില്ലാത്തവരാണ്. ‘ഇവനാണോ വില്ലന്‍’ എന്ന് തെറ്റിധരിപ്പിക്കുവാനായി രണ്ടു മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും തിരുകിക്കയറ്റിയിരിക്കുന്നു. അവര്‍ വില്ലന്മാരല്ലെങ്കില്‍ ഒരിക്കലും അവര്‍ ആ രീതിയില്‍ പെരുമാറുവാന്‍ സാധ്യതയില്ലെന്നത് സംവിധായകനും തിരക്കഥാകൃത്തും മറന്നുവെന്നു തോന്നുന്നു. പ്രേക്ഷകരെ തെറ്റിധരിപ്പിക്കുവാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് എളുപ്പത്തില്‍ മനസിലാവുകയും ചെയ്യും. സ്ഥിരം വില്ലനായെത്തുന്ന സായി കുമാറിന് വ്യത്യസ്തത നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ സായി കുമാറിന്റെ കഥാപാത്രം തീരെ അപ്രസക്തമായിപ്പോയി. ഈ ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രം‍ മോഹന്‍ലാലിന്റേതു മാത്രമാണ്, പിന്നെ കുറഞ്ഞൊരളവില്‍ ജഗതി ശ്രീകുമാറിന്റേതും. ബിജു മേനോന്‍, മുരളി, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, മം‌മ്ത, ഇന്ദ്രജിത്ത് എന്നിങ്ങനെ ചിത്രത്തിലുള്ള ഒട്ടു മിക്ക കഥാപാത്രങ്ങള്ക്കും പറയത്തക്ക പ്രാധാന്യമില്ല.

കുറെയധികം സാരോപദേശങ്ങളും ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡയലോഗുകളില്‍ തിരുകി കയറ്റിയിട്ടുണ്ട്. അമ്മയുടെ പേര് സ്വന്തം പേരിനോട് ചേര്‍ത്തതാണ് ‘കല്യാണി’ എന്നത് എന്ന് മൂന്നു പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കുന്നുണ്ട്. അച്ഛനമ്മമാരല്ലേ പേരിടുക, പിന്നെങ്ങിനെ ബാബ, കല്യാണി എന്ന വാല്‍ സ്വന്തമായി പേരിനോടൊപ്പം ചേര്‍ത്തതെന്ന് മനസിലായില്ല. പിന്നീട് പേര് മാറ്റിയതാണോ? എങ്കില്‍ അങ്ങിനെ ഒരിക്കലെങ്കിലും പറയേണ്ടതല്ലേ?

മൂന്നുമണിക്കൂറിലധികമുണ്ട് ഈ ചിത്രം. എന്നിരുന്നാലും പ്രേക്ഷകന് ബോറടിക്കില്ല. ഗാനങ്ങള്‍ തീര്‍ത്തും അനാവശ്യവും ഒരു തരത്തിലും കഥയില്‍ സ്വാധീനമില്ലാത്തതുമാണ്. എന്തിനാണ് ഒരു പ്രണയവും, നായികയുമൊക്കെ എന്നതും മനസിലാവുന്നില്ല. ബാബയുടെ പ്രായത്തിന് ഒരു ഭാര്യയും കുട്ടിയുമുള്ള ഒരു കുടുംബം കാണിക്കുന്നതായിരുന്നു ഭംഗി. കൂടെ ജോലിചെയ്യുന്ന ജൂനിയറായ, ബിജു മേനോന് ഭാര്യയുണ്ട് എന്നതും ഓര്‍ക്കണം. പ്രണയിച്ച പെണ്‍കുട്ടിയും വീട്ടുകാരുമായി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പിണങ്ങിയ ബാബ, ഇപ്പോഴും നായികയെ പ്രണയിക്കുന്നു, അതാവാം വിവാഹിതനാവാത്തത്. പക്ഷെ, എന്തിനാണ് അങ്ങിനെയൊരു പിണക്കക്കഥ തിരുകികയറ്റിയിരിക്കുന്നതെന്നും മനസിലാവുന്നില്ല.

ആക്ഷന്‍ രംഗങ്ങള്‍ ചടുലവും, മലയാള സിനിമയില്‍ പുതിയൊരു അനുഭവവുമാണ്. എന്നാ‍ല്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രം പോരല്ലോ ഒരു ചിത്രം നന്നാകുവാന്‍. വില്ലന്മാരൊക്കെയും അന്താരാഷ്ട്ര നിലവാരമുള്ള തീവ്രവാദികളാണെങ്കിലും ഒരു സാധാരന കള്ളന്റെയത്രയും പോലും വിവേകം ഷാജി കൈലാസിന്റെ അന്താരാ‍ഷ്ട്ര തീവ്രവാദികള്‍ കാണിക്കുന്നില്ല. ഇതിലും വളരെയേറെ നന്നാക്കുവാനുള്ള സാധ്യത ചിത്രത്തിനുണ്ടായിരുന്നു, പക്ഷെ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും നായകനും ഒരു തല്ലിക്കൂട്ട് പോലീസ് ചിത്രം കൊണ്ട് തൃപ്തരായെന്നു തോന്നുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ വെറുതെ കണ്ടുമറക്കാവുന്ന മറ്റൊരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രം എന്നു പറയാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ബാബ കല്യാണി - ഇന്ദുലേഖ

9 comments :

 1. നന്ദി ഹരീ..നാട്ടില്‍ ഇറങ്ങിയതെല്ലാം വേഗം കാണൂ.. നാട്ടില്‍ ചെല്ലുമ്പോള്‍ ഇതനുസരിച്ചു വേണം ഏതൊക്കെ കാണണം എന്നു തീരുമാനിക്കുവാന്‍..

  ReplyDelete
 2. നന്ദി. മോഹന്‍ലാലിന്റെ പടങ്ങള്‍ മിക്കവയും കാണാറുണ്ട്. തിരക്കൊഴിഞ്ഞിട്ട്. എനിക്ക് ഒരു പാട്ട് ഇഷ്ടമായി. ഈ പടം കണ്ടില്ല.

  http://cinemaniroopanam.blogspot.com

  ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ട്.  qw_er_ty

  ReplyDelete
 3. ബാബ കല്യാണിക്ക് ഞാന്‍ കൊടുത്ത റേറ്റിംഗ് 3, പക്ഷെ ഞാ‍ന്‍ പറഞ്ഞിരിക്കുന്നതെല്ലാം കുറ്റങ്ങളും കുറവുകളും മാത്രം. അതെന്തുകൊണ്ട് അങ്ങിനെ വന്നു എന്നൊരു സുഹൃത്ത് പ്രൈവറ്റായി ചോദിച്ചതിനാലാണ് ഇതെഴുതുന്നത്. സത്യം പറഞ്ഞാല്‍ അങ്ങിനെയൊരു വിരോധാഭാസം എനിക്കും തോന്നാതിരുന്നില്ല. പക്ഷെ, മൊത്തത്തില്‍ പടത്തിന്റെ ട്രീറ്റ്മെന്റും, പ്രെസന്റേഷനും എനിക്കിഷ്ടമായി. മലയാളത്തില്‍ ഇറങ്ങിയ ആക്ഷന്‍ ചിത്രങ്ങളുടെ സ്ഥിരം ശൈലിവിട്ട് കുറ്റാന്വേഷകന് ഒരു ‘സ്റ്റൈല്‍’ നല്‍കുവാന്‍ ഇതില്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സി.ബി.ഐ. യുടെ ഏഴയലത്തെത്തില്ല ഈ ചിത്രം. റേറ്റിംഗ് നല്‍കുന്നതില്‍ അടുത്ത കാലത്ത് കണ്ട ചിത്രങ്ങളുടെ നിലവാരവും, എത്രമാത്രം ഒരു ചിത്രത്തെക്കുറിച്ച് ഞാന്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു എന്നുള്ളതും കാര്യമായി സ്വാധീനിക്കും. ബാബ കല്യാണിയെക്കുറിച്ച് അത്ര നല്ല അഭിപ്രായം കേട്ടിട്ടല്ല ഞാന്‍ തിയേറ്ററിലെത്തിയത്. പിന്നെ ഇതിനുമുന്‍പ് ഞാന്‍ ആക്ഷന്‍ വിഭാഗത്തില്‍ കണ്ട മലയാളം ചിത്രങ്ങള്‍ (ബഡാ ദോസ്ത്, ദി ഡോണ്‍) വളരെ അരോചകവുമായിരുന്നു. ഒരു പക്ഷെ സ്മാര്‍ട്ട് സിറ്റി കണ്ടതിനു ശേഷമായിരുന്നു ഞാന്‍ ബാബ കല്യാ‍ണി കണ്ടിരുന്നതെങ്കില്‍ ഇതിന് ഇത്രയും റേറ്റിംഗ് ഞാന്‍ നല്‍കുകയില്ലായിരുന്നു. ഏതായാലും റേറ്റിംഗ് കുറെ നാളുകള്‍ക്കു ശേഷം മാറിയ സാഹചര്യങ്ങളില്‍ മാറ്റേണ്ടതാണെന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ആ സമയം കൊടുക്കുന്ന റേറ്റിംഗ് അതുപോലെ തന്നെ തുടരുന്നതാണ്.

  ReplyDelete
 4. ഹരീ.. എല്ലാ പുതിയ വിശേഷങ്ങളും വായിച്ചു. ഇപ്പോ ഇതു വായിച്ചിട്ടാണ്‍ പല പടങ്ങളുടെയും നിലവാരമളക്കുന്നത്. പുതിയ സിനിമകള്‍ കാണാന്‍ കഴിയാത്ത എന്നെ പോലുള്ളവറ്ക്ക് ഒരാശ്വാസമാണിത്!!!

  ReplyDelete
 5. വളരെ പക്വതയാര്‍ന്ന വിമര്‍ശനങ്ങളും വിലയിരുത്തലുകളും.ഹരീ.. keep it up

  കഴിവുകെട്ട കുറെ സംവിധായകരുടെ കയ്യിലാണ്‌.ഇന്ന്‌ മലയാള സിനിമ.
  ഇപ്പോഴാണ്‌ ശ്രീ ഭരതന്റേയും, പ്ത്മ രാജന്റേയും .അഭാവം എത്രയോ വലുതാണെന്നു നമുക്കു മനസ്സിലാകുന്നത്‌.

  ReplyDelete
 6. ഹരീ, ബാബാകല്യാണി കണ്ടു.അറുബോറ്. വെറുതേ കുറച്ചു സമയം കളഞ്ഞു. എന്തിനാണ് ആ സിനിമ എടുത്ത് കുറച്ച് ആള്‍ക്കാരുടെ സമയം കളഞ്ഞത്, എന്താണ് ഇതില്‍ പറയാന്‍ ഉദ്ദേശിച്ചത്. ആദ്യ സീനുകളിലെ ഇഫെക്ടുകള്‍ കണ്ട് കണ്ണ് വേദനിച്ചു. ഒരു കോമഡിസിനിമ ലേബലില്‍ എടുത്തിരുന്നുവെങ്കില്‍ ചിരിക്കാമായിരുന്നു പല സീനുകളും കണ്ട്. ഇന്ന് നമ്മുടെ നാട്ടിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞാല്‍ ഇതിലും നല്ല തിരക്കഥ എഴുതി തരും, കാരണം ഇതിനുമുമ്പിറങ്ങിയ കുറേ സിനിമകള്‍ കണ്ടാല്‍ പോരേ. ഇവിടെയാണ് റോഷനെപോലെയുള്ളവരെ തിരിച്ചറിയേണ്ടത്. എനിക്ക് ഒട്ടുംതന്നെയിഷ്ടപ്പെട്ടില്ല ഈ സിനിമ. എടുത്തുപറയാന്‍ ഒരു സീന്‍ പോലുമില്ല.

  ReplyDelete
 7. പ്രസാദുജിയോട്,
  അതെ, ഭരതനേയും പത്മരാജനേയും മറ്റും പോലുള്ളവര്‍ ഇന്ന് മലയാളസിനിമയില്‍ വിരളമാണ്, ഇല്ലെന്നും പറയാം.
  --
  ശാലിനിയോട്,
  :) ഞാന്‍ രണ്ട് മെസേജ് മുന്‍പെഴുതിയിരിക്കുന്ന കമന്റ് ശാലിനിക്കുമുള്ള മറുപടിയാവും. ഏതായാലും കണ്ടതിനു ശേഷം അഭിപ്രായം ഓര്‍ത്തുവന്ന് ഇവിടെയിട്ടുവല്ലോ, വളരെ നന്ദിയുണ്ട്.
  --

  ReplyDelete
 8. ബാബാ കല്യാണിയില്‍ പരാമര്‍ശിക്കുന്ന തീവ്രവാദത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പിണ്ണാക്കരക്കുന്നുണ്ട്. എഡിറ്റിംഗ് ഗിമ്മിക്കുകളിലൂടെ നിലവാരമില്ലാത്ത ചിത്രങ്ങളെ രക്ഷപ്പെടുത്താമെന്ന ഷാജി കൈലാസ് തന്ത്രം ഇതിന്റെ തിരസ്കാരത്തോടെ തകരുന്നു.

  ReplyDelete
 9. I liked Salini's coment very much.padam kandirunnapol enikkum ithokkeyanu thonniyathu.As usual Shaji kailas editingil kure gimmicks kaanikkunu. pine aa kaviyoor ponnama episode enthinanu padathil thirukiyirikkunnathu ennu manassilayilla, ..idakkide mohan lal slow motionil nadakkunnath kaanam, athu sadharana pole nadannenkil padathinu oru 3o minute length kuranjene.. also what is teh purpose of Murali's character ,and that car breaking incident..ingineyokke chindhichal, padathinte 75% anavashyam thanne. Munporikkal MT Vasudevan Nair oru comment paranjittondu" nalla action cinemayo,nalla family cinemayo,nalla comedy cinemayo edukkunnathinu pakaram, ellam kodi ull aoru masalayanu malayalathil cheythu kondirikkunnath" True...malayalathil ippol "genre" ennoru sambhavam illa...

  ReplyDelete