പകല്‍

Published on: 12/03/2006 01:09:00 PM

ഒരു ചലച്ചിത്രം എന്നതിലുപരി ഒരു ഡോക്യുമെന്ററിയാണ് പകൽ. രണ്ടു മാധ്യമപ്രവർത്തകരിലൂടെ വയനാട്ടിലെ കർഷകരുടെ ദുരിതങ്ങളും അവർ കൂട്ട ആത്മഹത്യയ്ക്ക് നിർബന്ധിതരാവുന്ന സാഹചര്യങ്ങളും ചർച്ചചെയ്യുവാൻ ശ്രമിച്ചിരിക്കുന്നു നവാഗത സംവിധായകനായ എം. എ. നിഷാദ്. രണ്ടു ഗാനങ്ങളൊഴിച്ചു നിർത്തിയാൽ ഇത് സിനിമയാണോ എന്നു ന്യായമായും ഒരു പ്രേക്ഷകന് സംശയം തൊന്നും.

വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തത്പരനായിരുന്ന നന്ദകുമാർ ഇന്ന് കേരള ടുഡേ ടെലിവിഷൻ റിപ്പോർട്ടറാണ്. യുവത്വത്തിലെ വിപ്ലവം ഇന്നും നന്ദകുമാർ കാത്തുസൂക്ഷിക്കുന്നു, സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നുള്ള ഉദ്ദേശം കൂടിയുണ്ട് മാധ്യമരംഗം തിരഞ്ഞെടുക്കുവാൻ. കേരള ടുഡേയുടെ അബു എന്ന ക്യാമറാമാനായി സുധീഷും ചിത്രത്തിൽ മുഴുനീളെ നിറഞ്ഞു നിൽക്കുന്നു. വയനാട്ടിലെ കർഷകരുടെ ആത്മഹത്യകളേയും അവരുടെ കഷ്ടതകളേയും പറ്റി ഒരു പരമ്പര തയ്യാറാക്കുവാനായി നന്ദകുമാറും അബുവും വയനാ‍ട്ടി‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന പനക്കാൽക്കുടി ഗ്രാമത്തിലെത്തുന്നു.

ഡൊക്യുമെന്ററിക്കായി ഇവർ പകർത്തുന്ന വിവിധ രംഗങ്ങളാണ് സിനിമയുടെ പ്രധാനഭാഗം. പതിനാലു വർഷമായി നീതിക്കുവേണ്ടി സമരം നടത്തുന്ന കുഞ്ഞപ്പൻ ചേട്ടന്റേയും (തിലകൻ), ജോസഫിന്റേയും (ടി.ജി. രവി) ദുരിതങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു. നന്ദകുമാറും അബുവും പതിയെ ഗ്രാമത്തിന്റെ ഭാഗമായി മാറുന്നു. ഗ്രാമനിവാസികൾക്കു വേണ്ടി തങ്ങളാൽ കഴിയുന്നതു ചെയ്യുവാനായുള്ള ഇരുവരുടേയും ശ്രമങ്ങളും തിരിച്ചടികളുമാണ് തുടര്‍ന്ന്.

കർഷകരുടെ ദുരവസ്ഥയെ മുതലെടുക്കുന്ന ബ്ലേഡ് മുതലാളിയായി ജഗദീഷെത്തുന്നു. പലിശയടയ്ക്കുവാൻ കഴിയാത്ത കർഷക സ്ത്രീകളുടെ മാനത്തിനു വിലപറയുന്നു ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം. ജോസഫും ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും കടമെടുത്തിട്ടുണ്ട്. അടുത്തവർഷം എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുന്ന രണ്ടാമത്തെ മകളായ സെലീന (ജ്യോതിർമയി)യിലാണ് ജോസഫിന്റെ പ്രതീക്ഷകൾ മുഴുവൻ. നിർഭാഗ്യം തുടർന്നും ഈ കുടുംബത്തെ വേട്ടയാടുന്നു.

പൃഥ്വിരാജ്, തിലകൻ, ടി.ജി. രവി, ജ്യോതിർമയി, ജഗദീഷ് ഇവരെല്ലാവരും നന്നായിത്തന്നെ അവരവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജിന്റെ അമ്മാവനായി ജഗതി ശ്രീകുമാറും ഒരു സീനിൽ പ്രത്യക്ഷപ്പെടുത്തുന്നു. ആ കഥാപാത്രത്തിന്റെ ആവശ്യകതയെന്താണെന്നോ, അത് അവതരിപ്പിക്കുവാനായി മാത്രം ജഗതിയെ എന്തിനു ക്ഷണിച്ചെന്നോ മനസിലായില്ല. നന്ദകുമാറിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുള്ള പഞ്ചായത്ത് പ്രസിഡന്റായി സീമ ജി. നായർ, കളക്ടറായി ശ്വേതമേനോൻ പിന്നെ ഒട്ടനേകം കുട്ടി വേഷങ്ങളും ചിത്രത്തിലുണ്ട്.

പകൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഗൗരവമുള്ളവയും ചർച്ച ചെയ്യേണ്ടവയുമാണ്. എന്നാൽ പലപ്പോഴും താൻ ഒരു സിനിമയാണ് എടുക്കുന്നതെന്ന് സംവിധായകൻ മറന്നുവെന്നുതോന്നുന്നു. വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കർഷകരുടെ കഥപറയുവാൻ, ഇതായിരുന്നോ സാധ്യമായ ഏറ്റവും നല്ല രീതി എന്നത് സംശയമാണ്. ചേരി നിവാസികളുടെ കഥപറയുന്ന കറുത്തപക്ഷികൾ ഇവിടെ മാതൃകയാക്കാവുന്നതാണ്. മാധ്യമപ്രവർത്തകനായെത്തുന്ന നന്ദകുമാർ കാണുന്ന കാര്യങ്ങളാണ് സംവിധായകൻ സിനിമയാക്കിയിരിക്കുന്നത്. എന്നാൽ വയനാട്ടിലെ കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ, അവരുടെ ജീവിതസാഹചര്യങ്ങൾ, ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ, വ്യവസ്ഥിതിയുടെ ന്യൂനതകൾ, അവരുടെ പ്രശ്നങ്ങളുടെ കാരണങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ സംവിധായകൻ വിട്ടു കളഞ്ഞിരിക്കുന്നു. മറ്റൊരു കാര്യം, ഏകപക്ഷീയമാണ് ഈ സിനിമയെന്നുള്ളതാണ്. ബാങ്കുകളേയും ഗവണ്മെന്റിനേയും പലിശക്കാരേയും ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നു ഈ ചലച്ചിത്രം. സ്വാശ്രയഗ്രാമം എന്നൊരു ആശയം ഈ അവസ്ഥയ്ക്കൊരു പരിഹാരമായി മുന്നോട്ടു വെയ്ക്കുന്നുമുണ്ട് ഈ ചലച്ചിത്രം. പക്ഷെ, സ്വാശ്രയത്വം കൈവരിക്കുന്നതിൽ കാർഷികവൃത്തി ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമായി.

മൊത്തത്തിൽ നോക്കുമ്പോൾ കുറെയധികം ആശയങ്ങൾ പ്രേക്ഷകരിലെത്തിക്കുവാൻ സംവിധായകൻ നടത്തിയിരിക്കുന്ന ശ്രമമാണ് ഈ സിനിമ. സിനിമയുടെ പ്രമേയം പുതുമയുള്ളതും കാലിക പ്രാധാന്യമുള്ളതുമാണെങ്കിലും, ഒരു സിനിമ നന്നാകുവാൻ മറ്റെന്തൊക്കെയോ കൂടി ആവശ്യമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു ഈ ചിത്രം.
--

16 comments :

 1. സുഹൃത്തേ,താങ്കളുടെ മറുപടി ഇപ്പോഴാണ് കണ്ടത്. കമന്റുകള്‍ പിന്മൊഴിയിലേക്ക് പോവുന്നില്ലേ...?
  ഫ്ലാഷിനെക്കൂറിച്ചുള്ള ലേഖനങ്ങള്‍ ഉടനെ ഉണ്ടായെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു.

  ReplyDelete
 2. എനിക്ക് പിന്മൊഴിയെക്കുറിച്ച് അറിയില്ലായിരുന്നു. ഇപ്പോളാണ് പെരിങ്ങോടന്‍ അതെനെക്കുറിച്ച് എന്നോട് പറഞ്ഞത്. ഏതായാലും ഞാന്‍ പിന്മൊഴി ഇ-മെയില്‍ വിലാസം Comment Notification Address ആയി നല്‍കിയിട്ടുണ്ട്. ഇനിമുതല്‍ അത് കൃത്യമായി വരുമെന്ന് തോന്നുന്നു.
  --
  ഫ്ലാഷിനെക്കുറിച്ചുള്ള ലേഖനമെഴുതുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ലല്ലോ? ഓരോ സ്ക്രീന്‍ ഷോട്ടും എടുത്ത് വളരെ ശ്രദ്ധിച്ചു വേണമല്ലോ എഴുതുവാന്‍. രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലുമാണ് ഞാനിപ്പോള്‍. ഫ്ലാഷിനെക്കുറിച്ച് ‘ഫ്ലാഷ് പഠിച്ചുതുടങ്ങാം’ എന്ന പേരില്‍ ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  --

  ReplyDelete
 3. ഹരി - മലയാളം ബ്ലോഗിലേക്ക് സ്വാഗതം. പിന്മൊഴിയില്‍ വന്നപ്പോഴാണ് ഇങ്ങനേയും ഒരു ബ്ലോഗുണ്ടെന്ന് തന്നെ മനസ്സിലായത്.

  കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു

  ReplyDelete
 4. നന്ദി...
  ഞാനിപ്പോഴാണ് പിന്മൊഴി അഡ്രസ് നല്‍കിയത്. ഇനിയെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അതായത് ഇങ്ങിനെ ഒരു ബ്ലോഗ് ഉണ്ടെന്ന് എല്ലാവരേയും അറിയിക്കുവാനായി?
  --
  യൂറോപ്യന്‍ യാത്രാ വിവരണം, ഭാഗം 7 എവിടം വരെയായി? അടുത്തെങ്ങാനും പോസ്റ്റ് ചെയ്യുമോ?
  --

  ReplyDelete
 5. http://ashwameedham.blogspot.com/2006/07/blog-post_28.html എന്ന ലിങ്ക് ഉപയോഗിച്ച് പോയി നോക്കൂ.

  ചങ്ങാതീ , താങ്കളുടെ പുസ്തകം ഞാന്‍ വാങ്ങിക്കാനിരിക്കുകയാണ്.ആനുകാലികങ്ങളില്‍ അതിന്റെ റിവ്യൂ
  കണ്ടിരുന്നു.

  ReplyDelete
 6. പകല്‍ എന്ന സിനിമയേക്കുറിച്ചു് അറിയാന്‍ കഴിഞ്ഞതിനു് നന്ദി.

  ReplyDelete
 7. ഹരി..ഞാന്‍ മുജീബ് .തൃശൂരാണ്‌ വീട്‌.
  താങ്കളുടേതിന്‌ സമാനമായ താല്‌പര്യങ്ങള്‍ പങ്കു വെക്കുന്നു.
  പരിചയപെടാന്‍ ആഗ്രഹിക്കുന്നു.
  എന്റെ ബ്ളോഗ് സന്ദര്‍ശിക്കുക.
  www.oritam.blogspot.com

  ReplyDelete
 8. ഹരിയേ... നമസ്കാരോണ്ട് :-)

  ReplyDelete
 9. റ്റെഡിച്ചായനും നമസ്കാരം. വിന്‍ഡോസ് മലയാളം ഇന്റര്‍ഫേസ് വിവരണം കൊള്ളാമല്ലോ... :)
  --

  ReplyDelete
 10. സിനിമ ഇഷ്ടമാണ്‌.
  ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യും .
  സിനിമ നിരൂപണം അറിയില്ല.
  'വേറിട്ടകാഴ്ചകള്‍ ' എന്ന ഡോക്യുമെന്ററി പരമ്പരയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
  കൂടാതെ വീഡിയോ എഡിറ്ററായും ശബ്ദലേഖകനായും ജോലി ചെയ്തിട്ടുണ്ട്.
  അതാണ്‌ സമാന താല്‍പര്യങ്ങള്‍ എന്നു പറഞ്ഞത്

  ReplyDelete
 11. ടു mumsy (മുംസി)
  --
  തീര്‍ച്ചയായും... കൊള്ളാമല്ലോ, സംവിധായകനാകുവാനാണിഷ്ടം അല്ലേ? ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് നാളെ കൊടിയേറും. വരുന്നുണ്ടോ?
  --
  പിന്നെ, ഞാനുമൊരു നിരൂപകന്‍ എന്നൊന്നും പറയുവാനൊക്കില്ല കേട്ടോ, എന്റെയൊരറിവു വെച്ച് അങ്ങെഴുതുന്നു, അത്ര തന്നെ! അതിനാണല്ലോ ബ്ലോഗ്. :)
  --

  ReplyDelete
 12. ഹരീ :)

  ഫിലിം ഫെസ്റ്റിവലില്‍ കാണിക്കാന്‍ പോകുന്ന സിനിമയൊക്കെ കണ്ടിട്ട് എനിക്ക് സങ്കടായി. കാണാന്‍ പറ്റാഞ്ഞിട്ട്. ഒരു മലയാളം സിനിമയേ ഉള്ളൂ അല്ലേ? പോയിട്ട് എല്ലാ സിനിമയെപ്പറ്റിയും എഴുതുമല്ലോ.

  ഈ ഫിലിം ഫെസ്റ്റിവല്‍ ഉള്ളിടത്തേ പുനര്‍ജനിപ്പിക്കാവൂന്ന് ഞാന്‍ ദൈവത്തിനോട് പറഞ്ഞിട്ടുണ്ട്. ഗോവയില്‍ ആയാല്‍ നല്ലത്;)

  ReplyDelete
 13. ടു സു | Su
  --
  അല്ലല്ലോ, മലയാള സിനിമകളുടെ ധാരാളിത്തമാണ് ഈ മേളയില്‍. മത്സരവിഭാഗത്തില്‍ തന്നെ രണ്ട് മലയാള ചിത്രങ്ങളുണ്ട്. പിന്നെ, അടൂരിന്റെ റിട്രോസ്പെക്ടീവ്, അതും പോരാഞ്ഞ് മലയാ‍ളം സിനിമ നൌ എന്നൊരു സെക്ഷന്‍. കൂടാതെ ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും. സാധാരണയായി ഇത്രയും മലയാളം ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ കാണിക്കാറില്ല. ഈ ലിങ്കൊന്നു നോക്കൂ...
  http://www.keralafilm.com/listoffilms_11th_iffk.htm
  --
  പിന്നെ, ഗോവയില്‍ ജനിക്കണമെന്നുദ്ദേശിച്ചത്, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചോര്‍ത്താണോ? അതിലും നിലവാരമുള്ളതാണ് IFFK എന്നാ‍ണ് അതും ഇതും കാണുന്നവര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. :)
  --

  ReplyDelete
 14. ഹരീ :) ഒരു മലയാളം മാത്രമേ ഉള്ളൂ എന്ന് എതോ ന്യൂസില്‍ കേട്ടു. ഇനി ഇതല്ലേ എന്തോ.

  ഗോവയില്‍ ഏത് ഫെസ്റ്റിവല്‍ ആയാലും കൊള്ളാം. അവിടുത്തെ ആള്‍ക്കാരെ ഒക്കെ കണ്ടിട്ട്, അവര്‍ ആഘോഷങ്ങള്‍, ആഘോഷങ്ങള്‍ തന്നെ ആയിട്ട് ആഘോഷിക്കുന്നു. പല സ്ഥലത്തും, ഓ...ഇതൊന്ന് ആഘോഷിക്കേണ്ടേ എന്ന മട്ടില്‍ ആണ് ആഘോഷം.

  ലിങ്കിനു നന്ദി.

  qw_er_ty

  ReplyDelete
 15. ഭായ്‌...
  തിരുവനതപുരം ഫെസ്റ്റിവലിനു വരണമെന്നുണ്ടായിരുന്നു.
  ജോലിതിരക്കുമൂലം ( ഒരു തകര്‍ന്നു കൊണ്ടിരിക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോയില്‍ 'മാനേജരായിരിപ്പാണ്‌ 'പണി' !)
  നടക്കില്ല.
  ..തൃശൂര്‍ ഫെസ്റ്റിവലിനു വന്നിരുന്നോ?
  'Tears of cold '
  ഒരു നനുത്ത ഓര്‍മ്മയായി മനസ്സിലിപ്പോഴും  കിടപ്പുണ്ട്‌.
  തിരുവനതപുരം ഫെസ്റ്റിവലിലെ സിനിമകളെ കുറിച്ചുള്ള വിശേഷങള്‍ 
  അറിയിക്കണം .
  പിന്നെ ഏതു പുസ്തകമാണ്‌ എഴുതിയിട്ടുള്ളത്‌?
  അറിയിക്കുമല്ലോ?
  വാങ്ങിക്കാനാണ്‌.

  ReplyDelete