അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം‘06

Published on: 12/01/2006 01:33:00 PM

പതിനൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലസ്ഥാനനഗരി തയ്യാറെടുത്തുകഴിഞ്ഞു. ഈ മാസം എട്ടുമുതൽ പതിനഞ്ചുവരെയാണ് തിരുവനന്തപുരം ചലച്ചിത്രോത്സവവേദിയാവുന്നത്. ഇതിനോടകം ലോകത്താകമാനമുള്ള ചലച്ചിത്രപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ കേരളത്തിന്റെ ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു കഴിഞ്ഞിട്ടുണ്ട്. നിലവാരത്തിൽ, ഇൻഡ്യൻ ചലച്ചിത്രോത്സവത്തേക്കാൾ എന്തുകൊണ്ടും മികച്ചു നിൽക്കുന്നു കേരളത്തിന്റെ സ്വന്തമായ ഈ മേള.

കഴിഞ്ഞ കൊല്ലമായിരുന്നു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഡെലിഗേറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടായി. ഏതാണ്ട് ആറായിരത്തിലധികം ഡെലിഗേറ്റുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും ഇൻഡ്യയിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ വേറെയും. എല്ലാ സിനിമകളും നിറഞ്ഞ സദസിൽ തന്നെ പ്രദർശിക്കപ്പെട്ടു. പത്രമാധ്യമങ്ങളിൽ നിന്നും, പറഞ്ഞു കേട്ടും ‘കാണേണ്ട സിനിമ’ എന്നു ഖ്യാതി നേടിയസിനിമകൾ നിന്നു പോലും കാ‍ണുവാൻ ആളുണ്ടായി. ചില സിനിമകൾ മുൻ‌കൂട്ടി നിശ്ചയിച്ചിരുന്ന ഷെഡ്യൂളിൽ നിന്നും വ്യത്യസ്‌തമായി സംഘാടകർക്ക് വീണ്ടും പ്രദർശിപ്പിക്കേണ്ടതായും വന്നു. ഓരോ സിനിമകഴിഞ്ഞും ആളുകളിറങ്ങുന്നതിനു മുൻപുതന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കാരംഭിക്കും. ഇത്രയും പൊതുജന ശ്രദ്ധയും പൊതുജന പങ്കാളിത്തവും ഇത്തരത്തിലുള്ള മറ്റൊരു മേളയ്ക്കും ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു യുവാക്കളുടെ(യുവതികളുടേയും) പങ്കാളിത്തം. നല്ല സിനിമയെ സ്നേഹിക്കുന്ന, കാമ്പുള്ള സിനിമകളെ അംഗീകരിക്കുന്ന ആസ്വാദകരാണ് ഇവരിൽ ഭൂരിഭാഗവുമെന്നത് പ്രതീക്ഷയ്ക്കു വകനൽകുന്നു. ചലച്ചിത്രോത്സവവും നല്ല സിനിമകളും ബുദ്ധിജീവികളുടേതുമാത്രമാണെന്ന സങ്കൽപ്പത്തിൽ നിന്നും കേരളജനത ഉണർന്നുവരുന്നു എന്നതും നല്ല കാര്യം തന്നെ. സെൻസർ ചെയ്യാത്ത ചിത്രം കാണുവാൻ കിട്ടുന്ന അവസരം മാത്രമായിക്കണ്ട് ചലച്ചിത്രമേളക്കെത്തിയവരും കുറവല്ല. എന്നാൽ അവരിൽ തന്നെയും ഭൂരിപക്ഷം പെരും അത്തരത്തിലുള്ള ചിത്രങ്ങളിലെ രംഗങ്ങളേക്കാൾ‍, ചിത്രങ്ങളിലെ പ്രമേയം മനസിലാക്കി അതിനെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രാധാന്യം കൊടുത്തു എന്നാണ് എനിക്കു മനസിലാക്കുവാൻ കഴിഞ്ഞത്.

ഇങ്ങിനെയൊക്കെയാണെങ്കിലും മേളയ്ക്ക് അതിന്റേതായ ന്യൂനതകളുമുണ്ട്. ഏറ്റവും വലിയ പ്രശ്നം, വർദ്ദിച്ചുവരുന്ന ആസ്വാദകരുടെ എണ്ണത്തിനൊപ്പം സൗകര്യങ്ങൾ വർദ്ധിക്കുന്നില്ല എന്നുള്ളതാണ്. മൂന്നു വർഷം മുൻപുവരെ ചലച്ചിത്രമേളയ്ക്ക് ഇത്രയൊന്നും ഡെലിഗേറ്റ്സ് എത്തിയിരുന്നില്ല. ഏറിയാൽ നാലായിരം പേരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആറായിരത്തിലധികം ആൾക്കാരെത്തുന്നു. എന്നാൽ തിയേറ്ററുകളുടെ എണ്ണത്തിൽ മാറ്റം വന്നിട്ടില്ല. ഏറ്റവും കൂടുതൽ ഡെലിഗേറ്റുകളെത്തിയ കഴിഞ്ഞകൊല്ലമാവട്ടെ, മേളയിൽ പങ്കെടുക്കുന്ന തിയേറ്ററുകളിൽ ഏറ്റവും വലുതായ ന്യൂ തിയേറ്റർ മേളയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.

അതുപോലെ തന്നെ മേളയിൽ നൂറ്റിയൻപതിലധികം ചിത്രങ്ങൾ ആകെ പ്രദർശിപ്പിക്കുമെങ്കിലും ഒരാൾക്ക് കാണുവാൻ സാധിക്കുന്നത് ഏറിയാൽ മുപ്പതോ മുപ്പത്തിയഞ്ചോ ചിത്രങ്ങൾ മാത്രം. എല്ലാ ചിത്രങ്ങളും എല്ലാ പ്രേക്ഷകരേയും കാണിക്കുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ എണ്ണം വർദ്ധിപ്പിക്കാതെ, ഏറ്റവും നല്ലതെന്ന് പേരെടുത്ത ചിത്രങ്ങൾ കൂടുതൽ തവണ പ്രദർശിപ്പിക്കുവാനും, അതുവഴി കൂടുതൽ നല്ല ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കുവാനും സംഘാടകർ ശ്രദ്ധിക്കേണ്ടതുണ്ട്. മേളയിൽ ആകെ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ എണ്ണത്തിലല്ല കാര്യമെന്നും, നല്ല സിനിമകളിലെ ആശയങ്ങൾ എത്രത്തോളം പ്രേക്ഷകരിലെത്തിക്കുവാൻ കഴിഞ്ഞു എന്നതിലാണ് മേളയുടെ വിജയമെന്നും സംഘാടകർ മനസിലാക്കേണ്ടതുണ്ട്.

തിയേറ്ററുകളിലെ തിരക്കാ‍ണ് മറ്റൊരു പ്രധാന പ്രശ്നം. തിരക്കൊഴിവാക്കുവാൻ യാതോരു ശ്രമവും കഴിഞ്ഞ തവണ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് ഖേദകരമായ വ്സ്തുതയാണ്. ഒരു സിനിമ കഴിഞ്ഞ് കണ്ടിറങ്ങുന്നവർക്ക് ഇറങ്ങുവാൻ പോലും കഴിയാത്തവണ്ണം തിരക്കാവും അടുത്ത സിനിമയ്ക്കായി പുറത്ത്. രണ്ടു സിനിമകൾക്കിടയിൽ ആവശ്യത്തിന് ഇടവേളയില്ല എന്നുള്ളതും മറ്റൊരു പ്രശ്നമാണ്. സിറ്റിയിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന തിയേറ്ററുകളിൽ, ഒന്നിൽ നിന്ന് മറ്റൊന്നിലെത്തുമ്പോഴേക്കും അടുത്ത സിനിമ തുടങ്ങിക്കഴിയുന്ന അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാ തിയേറ്ററുകളിലും, ഒരേ സമയം തന്നെ ഓരോ പ്രാവശ്യവും പ്രദർശനം തുടങ്ങേണ്ടതുണ്ട്. അതു തന്നെ കുറഞ്ഞത് ഇരുപതു മിനിട്ടെങ്കിലും ഓരോ പ്രദർശനത്തിനു മുൻപും ഇടവേള കൊടുത്തുകൊണ്ട്. അതിനുവേണ്ടി രാവിലെ അല്പം നേരത്തേ തുടങ്ങിയാലും, രാത്രി അല്പം വൈകിയാലും കുഴപ്പമില്ലെന്നു തോന്നുന്നു.

ഡെലിഗേറ്റ്സിനു നൽകുന്ന ഫെസ്റ്റിവൽ ഹാൻഡ് ബുക്കിലെ വിവരണങ്ങളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. പലപ്പോഴും, ആ ചിത്രം ഒരിക്കലെങ്കിലും കണ്ടിട്ടാണോ അതു തയ്യാറാക്കുന്നവർ അതെഴുതിയതെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് ചില ചിത്രങ്ങളുടെയെങ്കിലും വിവരണം നൽകിയിരുന്നത്. പ്രേക്ഷകർക്ക് കാണേണ്ട ചിത്രം തിരഞ്ഞെടുക്കുവാനുള്ള ഒരു പ്രധാന ഉപാധിയെന്ന നിലയിൽ വളരെ ശ്രദ്ധാപൂർവ്വം തന്നെ തയ്യാറാക്കേണ്ട ഒന്നാണ് ഫെസ്റ്റിവൽ ഹാൻഡ് ബുക്ക്. ഹാൻഡ് ബുക്കിന് നൽകേണ്ട പ്രാധാന്യം സംഘാടകർ മനസിലാക്കിയിട്ടുണ്ടോ എന്നതും, മനസിലാക്കിയാൽ തന്നെ അത്രയും പ്രാധാന്യം അതിന്റെ തയ്യാറാക്കലിൽ നൽകുന്നുണ്ടോ എന്നതും സംശയമാണ്.

ഫെസ്റ്റിവൽ വെബ് സൈറ്റാണ് നിരാശപ്പെടുത്തുന്ന മറ്റൊരു ഘടകം. ഒരു ഫെസ്റ്റിവൽ വെബ് സൈറ്റിൽ ഒരു സന്ദർശകൻ പ്രതീക്ഷിക്കുന്ന ഒന്നും ഇവിടെ കാണുവാനൊക്കുകയില്ല. മറ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളുടെ വെബ് സൈറ്റുകൾ സന്ദർശിച്ച് ഒരു ഏകദേശരൂപമുണ്ടാക്കി ചെയ്തിരുന്നെങ്കിൽ ഇത്രയും പരിതാപകരമാകുമായിരുന്നില്ല നമ്മുടെ വെബ് സൈറ്റിന്റെ അവസ്ഥ. ഫിലിം ഫെസ്റ്റിവൽ അംഗത്വവും അവരുമായുള്ള സംവേദനവും വർഷത്തിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ ഒതുങ്ങുന്നു. വെബ് സൈറ്റിൽ തന്നെ മെംബർഷിപ്പ് നല്‍കുവാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അത്തരത്തിൽ മെമ്പർഷിപ്പ് എടുത്തവർക്ക് സിനിമകളെപ്പറ്റി ചർച്ചചെയ്യുവാനും, അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള ഒരു വേദി കൂടിയായി വെബ് സൈറ്റ് മാറേണ്ടതുണ്ട്. വെബ് സൈറ്റിന്റെ പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടത്, അതിനു ശേഷം മറ്റ് സൗകര്യങ്ങൾ ചേർക്കാവുന്നതാണ്.

ഒരു പക്ഷെ കേരളത്തിലെ സാധാരണ ചലച്ചിത്രപ്രേമികൾക്ക് ലോകത്താകമാനമുള്ള നല്ല സിനിമകൾ കാണുവാനും, അതാത് രാജ്യങ്ങളിലെ സിനിമകളിലെ ആശയങ്ങൾ, സാങ്കേതിക വ്യത്യാസങ്ങൾ, അഭിനേതാക്കൾ‍, സംവിധായകരുടെ ശൈലികൾ‍ ഇതൊക്കെയും അറിയുവാനും മനസിലാക്കുവാനുമുള്ള ഒരേയൊരു വേദിയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം. ഈ രീതിയിൽ നോക്കുമ്പോൾ, ഇത്രയെങ്കിലും നന്നായി മേള നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടകരെ അഭിനന്ദിക്കാതെ തരമില്ല. എന്നിരിക്കിലും മേളയുടെ വളർച്ച കാണുവാനാഗ്രഹിക്കുന്ന ഒരു സാധാരണ ചലച്ചിത്രപ്രേമി എന്ന നിലയിലാണ് ഞാനിത്രയും കുറിച്ചത്. ഇതു വായിക്കുന്നവരും അവരവരുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുവാൻ താത്പര്യപ്പെടുന്നു.
--
IFFK'06 - ഒരു തിരിഞ്ഞുനോട്ടം
--

3 comments :

 1. ഹായ് ഹരിയും ബ്ലോഗിലെത്തിയല്ലേ. സ്വാഗതം ഹരീ.

  ഈ ലിങ്കൊന്നു നോക്കൂ, മലയാളം ബ്ലോഗിനുള്ള ചില സെറ്റപ്പുകളെ കുറിച്ചു അവിടെ പറഞ്ഞിട്ടുണ്ടു്.

  ReplyDelete
 2. ചില്ലക്ഷരങ്ങള്‍ പ്രശ്നമാണല്ലോ?

  ReplyDelete
 3. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ (December 08, 2006) തുടക്കമാവും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. ഏതാണ്ട് നാലായിരത്തോളം ഡെലിഗേറ്റുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സാധാരണരീതിയില്‍ ആദ്യദിവസമിവിടെയെത്തി രജിസ്റ്റര്‍ ചെയ്യുന്നവരും നിരവധിയാണ്. ഇത്തവണയും തിരക്കുമൂലമുള്ള പ്രശ്നങ്ങള്‍, വേണ്ടത്ര മുന്‍‌കരുതലെടുത്തിട്ടില്ലായെങ്കില്‍, ഉണ്ടാവാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെപ്പറ്റി ആര്‍ക്കുമൊന്നും പറയുവാനില്ലേ?
  --

  ReplyDelete