
‘രാപ്പകലി’നു ശേഷം മമ്മൂട്ടിയും കമലും വീണ്ടും ഒന്നിക്കുന്നു ഈ ചിത്രത്തിൽ. കമലിന്റെ തന്നെയാണ് കഥയും തിരക്കഥയും. സംവിധാനമികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു രാപ്പകൽ. രാപ്പകലിന്റെ കഥാകഥനരീതി നന്നായിരുന്നെങ്കിലും പറഞ്ഞു പഴകിയ ഒരു ‘ത്രഡ്’ ആയിപ്പോയി എന്നൊരു ന്യൂനത അതിനുണ്ട്. എന്നാൽ ഇവിടെ കമൽ തികച്ചും വ്യത്യസതമായ ഒരു കഥയാണ് പറയുന്നത്.
തമിഴ്നാട്ടിൽ നിന്നും നമ്മുടെയിടയിൽ പണിയെടുത്തു കഴിയുന്ന ധാരാളം തമിഴർ ഇവിടെയുണ്ട്. അത്തരത്തിലൊരു തേപ്പുകാരനാണ് മുരുകൻ, മമ്മൂട്ടി വളരെ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചേരിയിലെ ജീവിതവും, അവരുടെ മനസിലെ നന്മകളും തിരിച്ചറിയുവാനാണ് സംവിധായകന്റെ ശ്രമം. കണ്ണു നിറയുന്ന സന്ദർഭങ്ങൾ ഒരു പിടിയുണ്ട് ചിത്രത്തിൽ. മുരുകന്റെ അന്ധയായ മകളെ അവതരിപ്പിക്കുന്ന ബേബി മാളവികയും നല്ലരീതിയിൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മീന, പത്മപ്രിയ ഇവരുടെയെല്ലാം കഥാപാത്രങ്ങൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും കടന്നു പോകുന്നവതന്നെ. സഹതാപം, പരിഹാസം, ദേഷ്യം, ചൂഷണം ഇവയെല്ലാം ഇവർ നേരിടുന്നുണ്ട്, ഇവയൊക്കെയും സംവിധായകൻ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു. മീന, പത്മപ്രിയ, ജഗതി ഇവരൊക്കെയും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു.
ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷത, ഇതിൽ ഒരു വില്ലൻ കഥാപാത്രമില്ല എന്നുള്ളതാണ്. മനുഷ്യൻ നേരിടുന്ന ജീവിതാവസ്ഥകളാണ് ഒരാളുടെ ഏറ്റവും വലിയ വില്ലൻ എന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. അങ്ങിനെ നോക്കുമ്പോൾ ഈ സമുഹമാണ് യഥാർത്ഥവില്ലൻ എന്നൊരു തിരിച്ചറിവ് നാം അനുഭവിക്കും. മമ്മൂട്ടിയുടെ ‘മുരുകൻ’ എന്ന ഹീറോയുടേയും കാര്യം വ്യത്യസ്തമല്ല. ഈ കഷ്ടതകളിൽ നിന്നു കൊണ്ട് മൂല്യങ്ങളിലും, പരസ്പര സ്നേഹത്തിലും, നന്മയിലും വിശ്വസിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. സമസ്ത സൌഭാഗ്യങ്ങൾക്കു നടുവിലും മനസിലെ നന്മ സൂക്ഷിക്കുവാൻ കഴിയാത്ത, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുവാനറിയാത്ത എത്രയെത്ര മനുഷ്യർ നമുക്കു ചുറ്റും, അത്തരത്തിലുള്ളയാളായാണ് മീനയുടെ ഭർത്താവെത്തുന്നത്.
കമലിന്റെ സംവിധാനവും, പി.സുകുമാറിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടവ തന്നെ. സംഗീതത്തിന് വലിയ പ്രാധാന്യമില്ല ഈ ചിത്രത്തിൽ.സിനിമ കഴിഞ്ഞപ്പോൾ കയ്യടി ഉയർന്നത് വളരെ അതിശയകരമായിത്തോന്നി എനിക്ക്. മലയാളിയുടെ മാറുന്ന സ്വഭാവമായും ഇതിനെക്കാണാം, അതായത് നല്ലതിനെ അംഗീകരിക്കുവാൻ അവർ തയ്യാറാവുന്നു എന്നത്. വളരെ നന്നായി തുടങ്ങി, നല്ല രീതിയില്‍ അവസാനിക്കുന്ന ഒരു ചിത്രമാണിത്. അസ്വാഭാവിക പരിണാമങ്ങൾ ഒന്നും തന്നെയില്ല ഈ ചിത്രത്തിൽ. വിധി മനുഷ്യനെ എങ്ങിനെ ഒരു കളിപ്പാവയാക്കുന്നു എന്ന് വ്യക്തവും ശക്തവുമായി കമല്‍ ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഒന്നു കൂടി കാണണം എന്ന് വളരെനാളുകൾക്കു ശേഷം എനിക്ക് തോന്നുന്ന ഒരു ചിത്രം കൂടിയാണിത്. നല്ല ചിത്രം, നല്ല നടൻ, നല്ല ബാലതാരം എന്നീ അവാർഡുകൾക്ക് തീർച്ചയായും ഈ ചിത്രവും മമ്മൂട്ടിയും ബേബി മാളവികയും അർഹരാണ്. ഇത്രയും നല്ല ഒരു ചിത്രമൊരുക്കിയ കമലിന് ആശംസകൾ.
--
റിവ്യൂ വായിച്ച ശേഷം ഈ സിനിമ കാണാന്‍ പ്ലാന്‍ ഇടുകയാണ് ഹരീ....
ReplyDeleteബാക്കി കണ്ടിട്ട് പറയാം..
കണ്ടു ഇഷ്ടമായി....
ReplyDeleteലളിതം അത് കൊണ്ട് തന്നെ സുന്ദരം...
ഇങ്ങനെ ഇടക്കോരൊ നല്ല ചിത്രങ്ങള്‍ വരുന്നുണ്ടല്ലേ... നന്നായി... റീവ്യൂവിന് നന്ദി... കാണാന്‍ തോന്നിപ്പിച്ചതിന്
@ ശ്രീഹരി::Sreehari,
ReplyDeleteചിത്രവിശേഷത്തിലെ ആദ്യകാല പോസ്റ്റുകളില്‍ ഒന്ന്. ആദ്യ കമന്റ് പക്ഷെ ഇപ്പോഴാണ് വരുന്നത്, ഏകദേശം രണ്ടര കൊല്ലത്തിനു ശേഷം! :-) ഏതെങ്കിലുമൊരു അച്ചടിമാധ്യമത്തില്‍ എഴുതിയിരുന്നെങ്കില്‍ ഇങ്ങിനെയൊന്ന് സംഭവിക്കില്ലല്ലോ. ബ്ലോഗ് കണ്ടുപിടിച്ചവളെ സമ്മതിക്കണം. അല്ലേ? :-)
സിനിമ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം.
--